ഫെയ്സ്ലിഫ്റ്റ് ചെയ്ത് നിരത്തിലിറങ്ങാനൊരുങ്ങി, സ്‌കോഡ കുഷാഖ്

ഫെയ്സ്ലിഫ്റ്റ് ചെയ്ത് നിരത്തിലിറങ്ങാനൊരുങ്ങി, സ്‌കോഡ കുഷാഖ്
ഫെയ്സ്ലിഫ്റ്റ് ചെയ്ത് നിരത്തിലിറങ്ങാനൊരുങ്ങി, സ്‌കോഡ കുഷാഖ്

വിപണിയില്‍ എത്തിയിട്ട് കുറച്ചുകാലമായെങ്കിലും ഇതുവരെ മുഷിപ്പിക്കാതെ മുന്നേറുന്ന വാഹനമാണ് സ്‌കോഡ കുഷാഖ്. ആക്റ്റീവ്, ആംബിഷന്‍, സ്‌റ്റൈല്‍ എന്നിങ്ങനെ മൂന്ന് ട്രിം ലെവലുകളിലെത്തുന്ന വാഹനത്തിന്റെ ബേസ് മോഡല്‍ മുതല്‍ ഗംഭീര ഫീച്ചറുകള്‍ ലഭിക്കും. ഈ വിഭാഗത്തിലെ ഏറ്റവും സുരക്ഷിതമായ മോഡല്‍ കൂടിയാണിത് എന്നതാണ് മറ്റൊരു ഹൈലൈറ്റ്. അധികം വൈകാതെ കുഷാഖും മിനുക്കുപണികള്‍ നടത്താന്‍ പോവുകയാണെന്നതാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സ്‌കോഡയുടെ ‘ഇന്ത്യ 2.5’ തന്ത്രത്തിന്റെ ഭാഗമായാണ് കുഷാഖിന് അധികം വൈകാതെ തന്നെ ഫെയ്സ്ലിഫ്റ്റ് സമ്മാനിക്കാന്‍ തീരുമാനമെടുത്തിരിക്കുന്നത്. അതോടൊപ്പം പുതിയ ബിസിനസ് പദ്ധതികളുടെ ഭാഗമായി കമ്പനി ഇന്ത്യന്‍ വിപണിയില്‍ രണ്ട് പുതിയ വാഹനങ്ങള്‍ കൂടി അവതരിപ്പിക്കും. അതില്‍ ഒരു കോംപാക്റ്റ് എസ്യുവിയും ഒരു ഇവിയുമാണ് ഉള്‍പ്പെടുന്നത്. ഇവ 2025 മധ്യത്തോടെ വിപണിയില്‍ എത്തുമെങ്കിലും അതിനു മുന്നോടിയായാണ് കമ്പനി ഈ വാഹനത്തെ മിനുക്കാന്‍ തയാറെടുക്കുന്നത്. നിലവിലെ രൂപത്തിനൊപ്പം അങ്ങിങ്ങായി ചില മാറ്റങ്ങള്‍ കൊണ്ടുവന്നേക്കും. ഫെയ്സ്ലിഫ്റ്റ് മോഡല്‍ സൂക്ഷ്മമായ അപ്ഡേറ്റുകള്‍ അവതരിപ്പിക്കുമെന്നാണ് അനുമാനം. അതില്‍ മുന്‍വശത്തെ ബോള്‍ഡര്‍ ഗ്രില്‍, സിഗ്‌നേച്ചര്‍ എല്‍ഇഡി ഡിആര്‍എല്‍, മസക്കുലര്‍ ബമ്പര്‍ എന്നിവയെല്ലാം കുഷാഖിന്റെ പുത്തന്‍ ആവര്‍ത്തനത്തിലേക്ക് കൂട്ടിച്ചേര്‍ക്കപ്പെട്ടേക്കാം. വശക്കാഴ്ച്ചയില്‍ നിലവിലെ മോഡലിന് സമാനമായി തുടരുമെങ്കിലും 17 ഇഞ്ച് അലോയ് വീലുകള്‍ പുതിയ ഡിസൈന്‍ ഉപയോഗിച്ച് അപ്ഡേറ്റ് ചെയ്യപ്പെടും. പിന്നില്‍ ട്രെന്‍ഡിന് അനുസരിച്ച് കണക്റ്റഡ് ടെയില്‍ ലാമ്പുകള്‍ തന്നെയായിരിക്കും ഇടംപിടിക്കുക. പിന്നെ ബമ്പറും പൊടിതട്ടിയെടുക്കാന്‍ ചാന്‍സുണ്ട്. ഇത്തരത്തില്‍ എക്സ്റ്റീരിയറിലെ മാറ്റങ്ങള്‍ക്കൊപ്പം പുതിയ കളര്‍ ഓപ്ഷനുകളും സ്‌കോഡയുടെ മിഡ്-സൈസ് എസ്യുവിയിലേക്ക് വന്നെത്തും.

എക്സ്റ്റീരിയറിലെ മാറ്റങ്ങള്‍ പരിമിതമായിരിക്കും എങ്കിലും ഇന്റീരിയറില്‍ ഉടച്ചുവാര്‍ക്കലുണ്ടായേക്കും. പുതുക്കിയ അകത്തളം എതിരാളികള്‍ക്ക് തുല്ല്യമായ കൂടുതല്‍ സവിശേഷതകളും സുരക്ഷാ ഉപകരണങ്ങളും വാഗ്ദാനം ചെയ്യും. ഹെഡ്സ് അപ്പ് ഡിസ്‌പ്ലേ, പനോരമിക് സണ്‍റൂഫ്, 360-ഡിഗ്രി ക്യാമറ, ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, ലെവല്‍-2 ADAS എന്നിവയോടുകൂടി പുതിയ മോഡല്‍ വന്നാല്‍ സംഗതി ഉഷാറാവും. കുഷാഖ് ഫെയ്സ്ലിഫ്റ്റില്‍ 6 എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡായും നല്‍കും. ഇതൊരു ചെറിയ പരിഷ്‌ക്കാരമായതിനാല്‍ മെക്കാനിക്കല്‍ മാറ്റങ്ങളൊന്നും പ്രതീക്ഷിക്കേണ്ടതില്ല. ആയതിനാല്‍ 1.0 ലിറ്റര്‍ TSI, 1.5 ലിറ്റര്‍ TSI പെട്രോള്‍ എഞ്ചിനുകളില്‍ കുഷാഖ് ഫെയ്സ്ലിഫ്റ്റ് തുടര്‍ന്നും നല്‍കിയേക്കും. ആദ്യത്തെ 1000 സിസി എഞ്ചിന് 115 bhp കരുത്തില്‍ പരമാവധി 178 Nm torque വരെ ഉത്പാദിപ്പിക്കാന്‍ ശേഷിയുണ്ടാവും. ഇത് 6-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായാണ് ജോടിയാക്കിയിരിക്കുന്നത്. രണ്ടാമത്തെ 1.5 ലിറ്റര്‍ 4-സിലിണ്ടര്‍ TSI പെട്രോള്‍ എഞ്ചിന്‍ 148 bhp പവറില്‍ 250 Nm torque വരെ വികസിപ്പിക്കാനാണ് ട്യൂണ്‍ ചെയ്തിരിക്കുന്നത്. 6-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 7-സ്പീഡ് DSG ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി ജോടിയാക്കി വാങ്ങാം. ഇന്ധനക്ഷമതയിലും ആള് പുലിയാണെന്നാണ് കമ്പനി പറയുന്നത്. ലിറ്ററിന് 15.78 കിലോമീറ്റര്‍ മുതല്‍ 19.76 കിലോമീറ്റര്‍ വരെയാണ് കുഷാഖിന്റെ ARAI സാക്ഷ്യപ്പെടുത്തിയ മൈലേജ്. കുഷാഖ് ഫെയ്സ്ലിഫ്റ്റിന്റ് ലോഞ്ച് സ്‌കോഡ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, 2025 ജൂണിനു മുമ്പ് പുതിയ മോഡല്‍ ഷോറൂമുകളില്‍ എത്തുമെന്നാണ് കമ്പനി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. വരാനിരിക്കുന്ന കോംപാക്ട് എസ്യുവി മോഡലില്‍ നിന്ന് കുഷാഖിനെ വേര്‍തിരിക്കാനും വില്‍പ്പന വര്‍ധിപ്പിക്കാനും സ്‌കോഡയെ പുതിയ ഫീച്ചറുകള്‍ സഹായിക്കും. പുതിയ മോഡലിന് 15 ലക്ഷം മുതല്‍ 25.50 ലക്ഷം രൂപ വരെ ഓണ്‍-റോഡ് വില പ്രതീക്ഷിക്കാം.

Top