റാസൽഖൈമ: റാസൽഖൈമയിൽ വ്യാജ സൗന്ദര്യവർദ്ധക വസ്തുക്കളും അനുബന്ധ ഉപകരണങ്ങളും സൂക്ഷിച്ചിരുന്ന രണ്ട് ഗോഡൗണുകളിൽ പൊലീസ് നടത്തിയ റെയ്ഡിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. 23 മില്യൺ ദിർഹം വിലമതിക്കുന്ന 650,000-ലധികം ‘ബ്രാൻഡഡ്’ ലിപ്സ്റ്റിക്കുകൾ, ഷാംപൂ, മറ്റ് സൗന്ദര്യ വർധന വസ്തുക്കൾ പിടിച്ചെടുത്തു. പിടിച്ചെടുത്തതെല്ലാം വ്യാജമാണെന്ന് കണ്ടെത്തി. രഹസ്യവിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് സാമ്പത്തിക വികസന വകുപ്പ് നടപടി ആരംഭിച്ചത്.
പിന്നീട് പബ്ലിക് പ്രോസിക്യൂഷനിൽ നിന്ന് ആവശ്യമായ അനുമതി ലഭിച്ചതിനെ തുടർന്നാണ് ഗോഡൗണുകൾ റെയ്ഡ് ചെയ്തത്. മൂന്ന് അറബികളെ അറസ്റ്റ് ചെയ്യുകയും പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യുകയും ചെയ്തു. വിവരം ലഭിച്ച ഉടൻ തന്നെ അതോറിറ്റി ഒരു ടാസ്‌ക് ഫോഴ്‌സിന് രൂപം നൽകിയതായി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് ആൻഡ് ഇൻവെസ്റ്റിഗേറ്റീവ് അഫയേഴ്‌സ് ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടർ കേണൽ ഒമർ അൽ ഔദ് അൽ തിനേജി പറഞ്ഞു. ഈ കാലയളവിൽ, ഗോഡൗണുകളിലെ ലോഡിംഗ്, സ്റ്റോറേജ് പ്രവർത്തനങ്ങൾ സംശയാസ്പദമാണെന്ന് അവർ കണ്ടെത്തി.
സംയുക്ത സംഘങ്ങളുടെ ശ്രമങ്ങളെ പൊലീസ് ഓപ്പറേഷൻസ് ആക്ടിംഗ് ഡയറക്ടർ ജനറൽ ബ്രിഗ് അഹമ്മദ് സെയ്ദ് മൻസൂർ അഭിനന്ദിച്ചു. രാജ്യത്തിൻ്റെ സുരക്ഷയിലും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷയിലും റാസൽഖൈമ പൊലീസ് എപ്പോഴും ജാഗ്രത പുലർത്തുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിൻ്റെ സുരക്ഷയും സുസ്ഥിരതയും തകർക്കാനോ സമ്പദ്‌വ്യവസ്ഥയെ അപകടത്തിലാക്കാനോ അതിർത്തിക്കുള്ളിൽ താമസിക്കുന്നവരുടെ സുരക്ഷയെ ഭീഷണിപ്പെടുത്താനോ ശ്രമിക്കുന്നവർക്കെതിരെ അതോറിറ്റി നിർണായക നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.