ആലപ്പുഴ: ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ തട്ടിപ്പാണെന്ന് വ്യാജവാര്‍ത്ത നല്‍കിയ വെനീസ് ടിവി എന്റര്‍ടൈന്‍മെന്റ് എന്ന യൂട്യൂബ് ചാനലിന്റെ ഉടമയ്‌ക്കെതിരെ കേസെടുത്ത് പൊലീസ്. ആലപ്പുഴ സൗത്ത് പൊലീസാണ് യു ട്യൂബ് ചാനലിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ലോക്‌സഭ തിരഞ്ഞെടുപ്പ് ബാലറ്റ് പേപ്പറിലൂടെ നടത്തണമെന്ന ക്യാമ്പയിനാണ് ചാനലുടമ നടത്തിയത്. സമൂഹത്തില്‍ വേര്‍തിരിവും സ്പര്‍ധയും സംഘര്‍ഷവും ഉണ്ടാക്കണമെന്നുള്ള ഉദ്ദേശ്യത്തോടെ ചാനലില്‍ വീഡിയോ പോസ്റ്റ് ചെയ്ത് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിനാണ് അറസ്റ്റെന്ന് പൊലീസ് വ്യക്തമാക്കുന്നു.
ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സാമൂഹ്യമാധ്യമങ്ങള്‍ നിരീക്ഷിക്കുന്നതിനായി സംസ്ഥാനതലത്തിലും വിവിധ റേഞ്ചുകളിലും ജില്ലകളിലും രൂപീകരിച്ച നിരീക്ഷണ സംഘങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പെട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന തരത്തിലുള്ള സാമൂഹ്യ മാധ്യമ ഇടപെടലുകളെക്കുറിച്ച് പൊലീസ് സോഷ്യല്‍ മീഡിയ നിരീക്ഷണ സംഘങ്ങള്‍ക്ക് വാട്‌സാപ്പ് നമ്പറിലൂടെ വിവരം നല്‍കാന്‍ കഴിയും.