ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നിരിക്കെ, കിട്ടിയ അവസരം മുതലെടുത്ത് തെറ്റിധരിപ്പിക്കുന്ന വാർത്തകളും പ്രതികരണങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയകളിൽ നിറയുകയാണ്. ഇതിൽ ഒന്ന് അർച്ചന പത്മിനി എന്ന ഒരു നടിയുടെ വീഡിയോ ആണ്. ഇവരുടെ പഴയ ഒരു വീഡിയോ എടുത്ത് ഇപ്പോൾ നടത്തിയ പ്രതികരണം എന്ന നിലയിലാണ് പ്രചരണം നടക്കുന്നത്.
2017-ൽ ഈ നടിയോട് ‘പുള്ളിക്കാരൻ സ്റ്റാറാ’ എന്ന സിനിമയുടെ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ആയ ഷെറിൻ സ്റ്റാൻലി മോശമായി പെരുമാറിയ ഒരു പരാതി ഉയർന്നിരുന്നു. ഫെഫ്ക മുൻപാകെ വന്ന പരാതി ലഭിച്ചപ്പോൾ തന്നെ സിബിമലയിലും ബി. ഉണ്ണികൃഷ്ണനും അടങ്ങിയ ഫെഫ്ക നേതൃത്വം പൊലീസിൽ പരാതി നൽകാനാണ് ആദ്യം ആവശ്യപ്പെട്ടത്. അതിന് ആവശ്യമായ സഹായങ്ങൾ നൽകാമെന്നും ഫെഫ്ക നേതൃത്വം അറിയിക്കുകയുണ്ടായി. എന്നാൽ, സംഘടന നടപടി എടുത്താൽ മതിയെന്നും, മറ്റു നടപടികളിലേക്ക് താൻ പോകുന്നില്ലെന്നുമുള്ള നിലപാടാണ് നടി സ്വീകരിച്ചിരുന്നത്. പൊലീസിൽ പരാതി നൽകില്ലെന്ന നിലപാട് ഇപ്പോൾ പുറത്ത് വന്ന വീഡിയോയിലും നടി തന്നെ പറയുന്നുണ്ട്. അവരുടെ ഏക പരാതി ഫെഫ്ക നേതൃത്വം നടപടി സ്വീകരിച്ചില്ല എന്നതാണ്.
തൻ്റെ പരാതിയിൽ ഒരു നടപടിയും എടുത്തില്ല എന്ന് അവർ അന്ന് പറഞ്ഞ ആ വീഡിയോയാണ് ഇപ്പോൾ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നത്. എന്നാൽ വാസ്തവം അതല്ല. നടിയുടെ പരാതി കിട്ടിയ ഉടനെ തന്നെ പൊലിസിനെ സമീപിക്കാൻ എല്ലാ സഹായവും ഫെഫ്ക് വാഗ്ദാനം ചെയ്തതാണ്. എന്നാൽ അവരത് നിരസിച്ചു. സഘടനാപരമായ നടപടി സ്വീകരിച്ചാൽ മതിയെന്നാണ് ആവശ്യപ്പെട്ടത്. ഇതു സംബന്ധിച്ച് ഈ നടി കൂടി ഒപ്പിട്ട രേഖയും നിലവിലുണ്ട്.
നടി നൽകിയ പരാതിയിൽ പ്രാഥമിക അന്വേഷണം പോലും നടത്താതെ, ഫെഫ്ക ജനറൽ സെക്രട്ടറിയുടെ സവിശേഷ അധികാരം ഉപയോഗിച്ച്, ബി.ഉണ്ണികൃഷ്ണൻ ആരോപണ വിധേയനെ ആ നിമിഷം തന്നെ സംഘടനയിൽ നിന്നും സസ്പെൻ്റ് ചെയ്യുകയാണ് ഉണ്ടായത്. 6 മാസത്തെ സസ്പെൻഷൻ കാലാവധി കഴിഞ്ഞ ശേഷം പിന്നീട് സസ്പെൻഷൻ കാലാവധി ഒരു വർഷം കൂടി നീട്ടുകയും ചെയ്തിരുന്നു. എന്നാൽ ഇതൊന്നും അറിഞ്ഞ ഭാവം കാണിക്കാതെ ഈ നടി ഒരു ചടങ്ങിൽ തനിക്ക് നേരിട്ട അനുഭവം പറയുന്നതിനിടെ ഫെഫ്ക നേതൃത്വത്തെയും വിമർശിക്കുകയായിരുന്നു. വളരെ മുൻപ് വന്ന ഈ പ്രതികരണമാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതോടെ വീണ്ടും ചിലർ കുത്തിപ്പൊക്കി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത്. ഇതുപോലെ വാസ്തവ വിരുദ്ധമായ നിരവധി വീഡിയോകൾ ‘ഇരകളുടെ ‘ മൊഴികൾ എന്ന രൂപത്തിൽ ഇപ്പോൾ പുറത്ത് വരുന്നുണ്ട്.
STAFF REPORTER
നടിയുടെ പ്രതികരണ വീഡിയോ ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ കാണാം