എആര്‍എമ്മിന്റെ വ്യാജപതിപ്പ്; സിനിമ വ്യവസായത്തെ ആകെ ബാധിക്കുന്ന വിഷയമാണിതെന്ന് ടൊവിനോ

ടെലിഗ്രാം വഴി എആര്‍എം കാണേണ്ടവര്‍ കാണട്ടെ

എആര്‍എമ്മിന്റെ വ്യാജപതിപ്പ്; സിനിമ വ്യവസായത്തെ ആകെ ബാധിക്കുന്ന വിഷയമാണിതെന്ന് ടൊവിനോ
എആര്‍എമ്മിന്റെ വ്യാജപതിപ്പ്; സിനിമ വ്യവസായത്തെ ആകെ ബാധിക്കുന്ന വിഷയമാണിതെന്ന് ടൊവിനോ

കൊച്ചി: ഓണം റിലീസ് ചിത്രം എആര്‍എമ്മിന്റെ വ്യാജ പതിപ്പ് പ്രചരിക്കുന്നതില്‍ പ്രതികരിച്ച് നായകന്‍ ടൊവിനോ തോമസ്. സിനിമ വ്യവസായത്തെ ആകെ ബാധിക്കുന്ന വിഷയമാണിത്. ഇതിന് പിന്നില്‍ ഒരു സംഘം തന്നെ പ്രവര്‍ത്തിക്കുന്നോ എന്ന് സംശയമെന്നും ടൊവിനോ തോമസ് പ്രതികരിച്ചു. സിനിമയുടെ വ്യാജ പതിപ്പ് പുറത്തിറങ്ങിയ സംഭവത്തില്‍ നിയമ നടപടി സ്വീകരിക്കുമെന്നും നാളെത്തന്നെ പൊലീസില്‍ പരാതി നല്‍കുമെന്നും നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ പറഞ്ഞു.

ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ ജിതിന്‍ ലാല്‍ സംവിധാനം ചെയ്ത് ഓണം റിലീസ് ആയി തിയറ്ററുകളിലെത്തിയ എആര്‍എം (അജയന്റെ രണ്ടാം മോഷണം) എന്ന ചിത്രത്തിന്റെ വ്യാജ പതിപ്പ് പുറത്തായ വാര്‍ത്ത കഴിഞ്ഞദിവസമാണ് എത്തിയത്. ട്രെയിന്‍ യാത്രയ്ക്കിടെ ഒരാള്‍ ചിത്രം മൊബൈല്‍ ഫോണില്‍ കാണുന്ന ദൃശ്യം സംവിധായകന്‍ ജിതിന്‍ ലാല്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. ‘ഒരു സുഹൃത്താണ് ഇത് എനിക്ക് അയച്ചുതന്നത്. ഹൃദയഭേദകം. വേറെ ഒന്നും പറയാനില്ല. ടെലിഗ്രാം വഴി എആര്‍എം കാണേണ്ടവര്‍ കാണട്ടെ. അല്ലാതെ എന്ത് പറയാനാ’?, ലഘു വീഡിയോയ്‌ക്കൊപ്പം സംവിധായകന്‍ കുറിച്ചു.

അതെസമയം, പ്രോഗ്രസ്സീവ് ഫിലിം മേക്കര്‍സ് അസോസിയേഷന്‍ എന്ന പേരില്‍ പുതുതായി വരുന്ന സംഘടനയെ സ്വാഗതം ചെയ്യുന്നുവെന്ന് ടൊവിനോ തോമസ് പറഞ്ഞു. നിലവില്‍ നടക്കുന്ന ചര്‍ച്ചകളുടെ ഭാഗമല്ല. പുരോഗമനപരമായി എന്ത് കാര്യം നടക്കുന്നു എങ്കിലും അത് നല്ലതാണ്. മികച്ച മറ്റൊരു സംഘടന ആണെങ്കില്‍ അതിന്റെ ഭാഗമാകുമെന്നും ടൊവിനോ പറഞ്ഞു. നിലവില്‍ അമ്മ സംഘടനയുടെ ഭാഗമാണ്. പ്രോഗ്രസ്സീവായ ഏത് കാര്യം സംഭവിക്കുമ്പോഴും അതിന്റെ ഭാഗമാവുമെന്നും ടൊവിനോ കൂട്ടിച്ചേര്‍ത്തു.

Top