മെയ് 16 ന് റിലീസായ ‘ഗുരുവായൂരമ്പലനടയില്‍’ എന്ന സിനിമയുടെ വ്യാജ പതിപ്പ് പുറത്ത്. പൃഥ്വിരാജ്-ബേസില്‍ ജോസഫ് ചിത്രം തിയേറ്ററുകളില്‍ മികച്ച പ്രതികരണമാണ് നേടുന്നത്. തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്ക് പോകുന്ന ജയന്തി എക്‌സ്പ്രസ് ട്രെയിനിലെ യാത്രക്കാരന്‍ സിനിമ ആസ്വദിക്കുന്ന വീഡിയോ സംവിധായകനും തിരക്കഥാകൃത്തുമായ മഞ്ജിത് ദിവാകറാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. തിയേറ്ററില്‍ എത്തിയ ഉടന്‍ തന്നെ ചിത്രത്തിന്റെ വ്യാജന്‍ ഇറങ്ങുന്നത് സര്‍വ്വസാധാരണമായിരിക്കുകയാണ്.
‘ഇന്നലെ ലോകമെമ്പാടും റിലീസ് ആയ ഗുരുവായൂരമ്പലനടയില്‍ ചിത്രത്തിന്റെ വീഡിയോ ആണ് തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്ക് പോകുന്ന ജയന്തി എക്‌സ്പ്രസ് ട്രെയിനില്‍ ഒരു മഹാന്‍ ഇരുന്ന് മൊത്തം സിനിമ കാണുന്നത്. ഒരു സുഹൃത്ത് എടുത്ത് ഈ വീഡിയോ എന്റെ കയ്യില്‍ കിട്ടുമ്പോള്‍ അവന്‍ നമ്മുടെ കയ്യില്‍ നിന്നും മിസ്സായി. ഇപ്പോള്‍ ഏകദേശം ആ ട്രെയിന്‍ കായംകുളം പാസ് ചെയ്തു കാണും. ഒരുപാട് പേരുടെ കഷ്ടപ്പാടാണ് സിനിമ. അത് തീയേറ്ററില്‍ എത്തിയിട്ട് മണിക്കൂറുകള്‍ മാത്രം. പണം മുടക്കുന്ന നിര്‍മ്മാതാവിന് അതിനേക്കാള്‍ വേദനയും. ഇത് ചെയ്തവനും ഇനി പ്രചരിപ്പിക്കുന്നവനും നിയമത്തിന്റെ മുന്‍പില്‍ ശിക്ഷ അനുഭവിക്കേണ്ടി വരും. ഇതൊരു താക്കീതാണ് എന്നും മഞ്ജിത് ഫേസ്ബുക്കില്‍ കുറിച്ചു.
വിപിന്‍ ദാസ് സംവിധാനം ചെയ്ത ചിത്രം കേരളത്തില്‍ നിന്ന് മാത്രമായി 3.8 കോടിയാണ് നേടിയത് . ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുമായി 55 ലക്ഷവും ഓവര്‍സീസില്‍ നിന്നും 3.65 കോടിയുമാണ് സിനിമയുടെ കളക്ഷന്‍ എന്നും അനലിസ്റ്റുകള്‍ സൂചിപ്പിക്കുന്നു. പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും മികച്ച രണ്ടാമത്തെ ഓപ്പണിങ് ആണ് ഇത്. 16 കോടിയിലധികം രൂപ നേടിയ ആടുജീവിതമാണ് പൃഥ്വിയുടെ കരിയര്‍ ബെസ്റ്റ് ആദ്യദിന കളക്ഷന്‍. ചിത്രം തിയേറ്ററുകളില്‍ വിജയിച്ച് മുന്നേറുകയാണ്.