വാഷിംഗ്ടൻ: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഡോണള്‍ഡ് ട്രംപിന്റെ പ്രചരണത്തിനായി എക്‌സില്‍ വ്യാജ അക്കൗണ്ടുകള്‍. യൂറോപ്യന്‍ ഫാഷന്‍, സൗന്ദര്യ വ്യവസായ രംഗത്തെ ഇന്‍ഫ്‌ളുവന്‍സര്‍മാരുടെ ഫോട്ടോകള്‍ ഉപയോഗിച്ച് ‘ഇവാ’, ‘സോഫിയ’, ‘സാമന്ത’ തുടങ്ങിയ പേരുകളില്‍ അമേരിക്കന്‍ വനിതകളായി അവതരിപ്പിച്ചാണ് ട്രംപിന്റെ പേരിൽ വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കിയിട്ടുള്ളത്.
ട്രംപിന് അനുകൂലമായി പ്രചാരണം നടത്തുകയും അമേരിക്കന്‍ വോട്ടര്‍മാരെ ട്രംപിന് വോട്ടുചെയ്യാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്ന ഉള്ളടക്കങ്ങളാണ് പോസ്റ്റുകളിലുള്ളത്. ഇതിനെതിരെ സൈബർ ഇടത്തിൽ വ്യാപക പ്രതിഷേധവും അരങ്ങേറുന്നുണ്ട്. ട്രംപിന് പിന്തുണ അറിയിച്ച ഇലോണ്‍ മസ്‌ക്കിന്റെ ഉടമസ്ഥതയിലുള്ള സൈറ്റില്‍ വ്യാജ അക്കൗണ്ടുകളും തെറ്റായ രാഷ്ട്രീയ വിവരങ്ങളും പ്രചരിക്കുന്നതായി യുഎസ് തിരഞ്ഞെടുപ്പിന് മുന്നോടിയായി ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
Also Read: അമേരിക്കയുടെ അഭിമാനം റഷ്യൻ ആക്രമണത്തിൽ തവിടുപൊടി, ആയുധ വിപണിയെ ഉലച്ച ആക്രമണം
ഇതിനു പിന്നാലെയാണ് സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ റെസിലിയന്‍സിന്റെ (സിഐആര്‍) പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നത്. ട്രംപിനെ അനുകൂലിക്കുന്നതും, വോട്ട് ചെയ്യാന്‍ സ്വാധീനിക്കുന്നതുമായ തരത്തിൽ യൂറോപ്യന്‍ ഇന്‍ഫ്‌ളുവന്‍സര്‍മാരുടെ ചിത്രങ്ങള്‍ അവരുടെ അനുമതിയില്ലാതെ ഉപയോഗിച്ച 16 അക്കൗണ്ടുകൾ കണ്ടെത്തിയതായി സി. ഐ. ആര്‍ പറഞ്ഞു.
ട്രംപിനെതിരായ സമീപകാല കൊലപാതക ശ്രമം, അദ്ദേഹത്തിന്റെ ഡെമോക്രാറ്റിക് എതിരാളിയായ കമല ഹാരിസിന്റെ വംശീയത, യുക്രെയ്‌നിലേക്കുള്ള യുഎസ് സൈനിക സഹായം തുടങ്ങിയ ചൂടന്‍ രാഷ്ട്രീയ വിഷയങ്ങളെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാന്‍ പല അക്കൗണ്ടുകളും ശ്രമിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. മുമ്പുണ്ടായിരുന്ന സംഘര്‍ഷങ്ങള്‍ മുതലെടുക്കാന്‍ യുഎസ് രാഷ്ട്രീയത്തിലെ പ്രശ്‌നങ്ങളെക്കുറിച്ചും ഈ അക്കൗണ്ടുകളില്‍ പോസ്റ്റ് ചെയ്യുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.