സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. 2 ദിവസം കൊണ്ട് പവന് 440 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇന്ന് പവന് 280 രൂപ കുറഞ്ഞ് 53,680 രൂപയിലും, ഗ്രാമിന് 35 രൂപ ഇടിഞ്ഞ് 6,710 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. 53,000 രൂപയിൽ മാസം ആരംഭിച്ച് പവൻ 6, 7 തീയതികളിൽ മാസത്തെ ഏറ്റവും ഉയർന്ന നിലവാരമായ 54,120 രൂപ രേഖപ്പെടുത്തിയിരുന്നു. തുടർന്ന് സ്വർണവില പടിപടിയായി ഇറങ്ങുകയാണ്. ഇന്നലെ പവന് 160 രൂപ കുറഞ്ഞിരുന്നു.
ആഗോള വിപണിയിലെ സ്വർണവില മാറ്റങ്ങൾ ഡോളറിലായതിനാൽ തന്നെ നേരിയ മാറ്റങ്ങൾ പോലും പ്രാദേശിക സ്വർണവിലയിൽ വലിയ ചലനങ്ങൾക്കു വഴിവയ്ക്കും. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് അടുക്കുന്നതും, എണ്ണവിലയിലെ ചാഞ്ചാട്ടവും സ്വർണവിലയിൽ പ്രതിഫലിക്കുന്നുണ്ട്. കഴിഞ്ഞ വാരം മൂന്ന് ദിവസം കൊണ്ട് പ്രാദേശിക വിപണിയിൽ പവന് 1,060 രൂപ വരെ വർധിച്ചിരുന്നു.
ഈ മാസം ആദ്യ വാരം അവസാനിക്കുമ്പോൾ പവന് കൂടിയത് 1,120 രൂപയോളമാണ്. സംസ്ഥാനത്ത് നിലവിൽ വെള്ളി വിലയിൽ മാറ്റമില്ല. സ്വർണ വില കുറഞ്ഞ സാഹചര്യത്തിൽ വരും മണിക്കൂറുകളിൽ വെള്ളി വിലയിലും മാറ്റങ്ങൾ പ്രതീക്ഷിക്കാം. നിലവിൽ വെള്ളി ഗ്രാമിന് 99.60 രൂപയാണ്. 8 ഗ്രാം വെള്ളിക്ക് 796.80 രൂപയും, 10 ഗ്രാം വെള്ളിക്ക് 996 രൂപയുമാണ്. വെള്ളി കിലോയ്ക്ക് 99,600 രൂപയാണ്.