വായ്പ തിരിച്ചടവിൽ വീഴ്‌ച്ച; ബൈജൂസിനെതിരായ നിയമനടപടി ശരിവെച്ച് കോടതി

വായ്പ തിരിച്ചടയ്ക്കാൻ ബൈജുസിൻറെ മേലുള്ള സമ്മർദം കൂട്ടുന്നതാണ് കോടതി വിധി

വായ്പ തിരിച്ചടവിൽ വീഴ്‌ച്ച; ബൈജൂസിനെതിരായ നിയമനടപടി ശരിവെച്ച് കോടതി
വായ്പ തിരിച്ചടവിൽ വീഴ്‌ച്ച; ബൈജൂസിനെതിരായ നിയമനടപടി ശരിവെച്ച് കോടതി

വായ്പ എടുത്ത 1.2 ബില്യൺ ഡോളർ തിരിച്ചടയ്ക്കുന്നതിൽ വീഴ്ച വരുത്തിയതിന് എജ്യൂടെക് കമ്പനിയായ ബൈജൂസിനെതിരായ നിയമനടപടി യുഎസിലെ ഡെലവെയർ കോടതി ശരിവെച്ചു. ഇതോടെ ഈടായി ഉപയോഗിച്ചിരുന്ന ബൈജൂസിൻറെ യുഎസ് അനുബന്ധ സ്ഥാപനമായ ബൈജൂസ് ആൽഫ ഇങ്കിൻറെ നിയന്ത്രണം ബൈജൂസിന് വായ്പ നൽകിയവർക്ക് ഏറ്റെടുക്കാനും ഇത് വഴി സാധിക്കും. വായ്പ തിരിച്ചടയ്ക്കാൻ ബൈജുസിൻറെ മേലുള്ള സമ്മർദം കൂട്ടുന്നതാണ് കോടതി വിധി.

37 ധനകാര്യ സ്ഥാപനങ്ങളുടെ കൺസോർഷ്യം ആണ് ബൈജൂസിന് 1.2 ബില്യൺ ഡോളർ (ഏകദേശം 10000 കോടി രൂപ ) വായ്പ അനുവദിച്ചത്. വായ്പാ ഉടമ്പടി പ്രകാരം വായ്പ നൽകുന്നവർക്ക് വേണ്ടി പ്രവർത്തിക്കാൻ ഒരു ട്രസ്റ്റിന് അധികാരം നൽകുകയും ചെയ്തു. 2023 മാർച്ചിൽ ബൈജൂസ് പ്രതിസന്ധിയിലായതോടെ വായ്പാ ദാതാക്കൾ ബൈജൂസിന് നോട്ടീസയച്ചു . ബൈജൂസ് ആൽഫ ഇങ്കിൻറെ നിയന്ത്രണം ഏറ്റെടുക്കാൻ വായ്പാ ദാതാക്കളെ പ്രതിനിധീകരിച്ച് ഗ്ലാസ് ട്രസ്റ്റ് ശ്രമം തുടങ്ങിയതോടെ ബൈജൂസ് ഡെലവെയർ സുപ്രീം കോടതിയിൽ ഒരു അപ്പീൽ ഫയൽ ചെയ്തു, ന്യൂയോർക്ക് കോടതിയിൽ ഒരു കേസ് നിലനിൽക്കുന്നതിനാൽ ഈ കേസ് തള്ളിക്കളയണമെന്നായിരുന്നു വാദം. ഈ കേസിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്.

കോടതി നിയമിച്ച പങ്കജ് ശ്രീവാസ്തവയാണ് ഇപ്പോൾ ഇന്ത്യയിൽ ബൈജൂസ് കൈകാര്യം ചെയ്യുന്നത്. ബൈജൂസിൽ നിന്നും ലഭിക്കാനുള്ള കുടിശ്ശികകൾക്കായി ക്ലെയിമുകൾ സമർപ്പിക്കാൻ വായ്പാ ദാതാക്കൾ , ജീവനക്കാർ, വെണ്ടർമാർ, സർക്കാർ സ്ഥാപനങ്ങൾ എന്നിവരോട് അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ, ബൈജൂസ് കടം തിരിച്ചടയ്ക്കാനുള്ള 1,887 പേർ മൊത്തം 12,500 കോടി രൂപയുടെ ക്ലെയിമുകൾ സമർപ്പിച്ചിട്ടുണ്ട്. ഇവ ഭൂരിഭാഗവും പരിശോധിച്ചുക്കൊണ്ടിരിക്കുകയാണ്.

കോവിഡിന് ശേഷം ഓൺലൈൻ വിദ്യാഭ്യാസ മേഖലയിലുണ്ടായ മാന്ദ്യമാണ് ബൈജൂസിന് തിരിച്ചടിയായത്. ബൈജു രവീന്ദ്രനും ഭാര്യ ദിവ്യ ഗോകുൽനാഥും ചേർന്ന് സ്ഥാപിച്ച ബെംഗളൂരു ആസ്ഥാനമായുള്ള കമ്പനി വലിയ തോതിലുള്ള വിദേശ നിക്ഷേപം പലപ്പോഴായി നേടിയിരുന്നു. 2011 നും 2023 നും ഇടയിൽ ഏകദേശം 28,000 കോടി രൂപയുടെ നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) ബൈജൂസിന് ലഭിച്ചു. ഏതാണ്ട് 1.8 ലക്ഷം കോടി മൂല്യമുള്ള കമ്പനിയായി വളർന്ന ബൈജൂസിൻറെ തകർച്ച വളരെ പെട്ടെന്നായിരുന്നു.

Top