മസ്കത്ത്: വ്യാജ ഓൺലൈൻ പരസ്യങ്ങൾക്കെതിരെ മുന്നറിയിപ്പ് നൽകി റോയൽ ഒമാൻ പൊലീസ്. ഔദ്യോഗിക ലോഗോകളും മുഖങ്ങളും ഉപയോഗിച്ചുള്ള വ്യാജ പരസ്യങ്ങൾ കൂടുതൽ വന്നതോടെയാണ് അധികൃതർ മുന്നറിയിപ്പ് നൽകിയത്. ഇത്തരത്തിലുള്ള വ്യാജ പരസ്യങ്ങൾ കണ്ട് ഇടപാടുകളിൽ ഏർപ്പെടുന്നതിന് മുമ്പ് വ്യക്തമായി പരിശോധിക്കണമെന്ന് അധികൃതർ പറഞ്ഞു.
ഓൺലൈൻ പരസ്യങ്ങളുടെ ആധികാരികത പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് ആർ.ഒ.പി പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. ഇത്തരം പരസ്യങ്ങളിലൂടെ ഇരകളെ വിശ്വാസത്തിലെടുത്ത് ബാങ്കിങ്ങ് വിവരങ്ങളും മറ്റും കൈവശപ്പെടുത്തും. പരസ്യങ്ങളുടെ ഉറവിടം പരിശോധിക്കുക, വ്യാജ ലോഗോകൾ സൂക്ഷിക്കുക, സംശയാസ്പദമായ ലിങ്കുകൾ ഒഴിവാക്കുക, സാമ്പത്തിക വിവരങ്ങൾ പങ്കിടാതിരിക്കുക എന്നിവ ശ്രദ്ധിക്കണമെന്നും ആർ.ഒ.പിയുടെ മുന്നിറിയിപ്പിൽ പറയുന്നു.
Also Read: സ്വദേശി നിയമനം നിർബന്ധമാക്കി യുഎഇ
ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ മികച്ച ബോധവത്കരണമാണ് റോയൽ ഒമാൻ പൊലീസും ബാങ്കിങ് മേഖലയും നടത്തിക്കൊണ്ടിരിക്കുന്നത്. ബാങ്ക് ജീവനക്കാരെന്ന് പറഞ്ഞ് ആളുകളെ കബളിപ്പിച്ച സംഭവത്തിൽ ഏഷ്യൻ രാജ്യങ്ങളിൽനിന്നുള്ള ആറുപേരെ റോയൽ ഒമാൻ പൊലീസ് അടുത്തിടെ അറസ്റ്റ് ചെയ്തിരുന്നു.
ബാങ്കിങ് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാനെന്ന് പറഞ്ഞായിരുന്നു ഇവർ ഇരകളിൽനിന്ന് അക്കൗണ്ട് വിവരങ്ങൾ കൈക്കലാക്കിയത്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ഇത്തരം കോളുകളോട് പ്രതികരിക്കരുതെന്നും വ്യക്തമാക്കി. അജ്ഞാത വ്യക്തികളോട് വ്യക്തിഗത, ബാങ്കിങ് വിവരങ്ങൾ വെളിപ്പെടുത്തരുതെന്നും ജാഗ്രത പാലിക്കണമെന്നും റോയൽ ഒമാൻ പൊലീസ് അഭ്യർത്ഥിച്ചു.