ജറുസലേം: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനു വേണ്ടി മുതിർന്ന ഉദ്യോഗസ്ഥൻ ഒക്ടോബർ ഏഴിലെ ഫോൺ വിളിയുടെ രേഖകളിൽ മാറ്റം വരുത്തിയതിനെക്കുറിച്ച് അന്വേഷണം തുടങ്ങി. നെതന്യാഹുവിന്റെ ജീവനക്കാരുടെ തലവൻ സാച്ചി ബ്രാവർമാനാണ് ഹമാസ് ആക്രമണത്തെ തുടർന്ന് പ്രധാനമന്ത്രിയും സൈനിക സെക്രട്ടറിയും തമ്മിൽ നടത്തിയ ഫോൺ വിളിയുടെ രേഖയിൽ മാറ്റം വരുത്തിയത്.
രാവിലെ 6.29ന് സാധാരണ ഫോൺ ലൈനിലും പിന്നീട് 6.40ന് പ്രത്യേക സുരക്ഷ ലൈനിലും നെതന്യാഹു സൈനിക ഉദ്യോഗസ്ഥനുമായി സംസാരിച്ചെന്ന് റിപ്പോർട്ടുകൾ പറയുന്നു. ആക്രമണത്തിന്റെ വ്യാപ്തി ഇരുവർക്കും വ്യക്തമായ രണ്ടാമത്തെ സംഭാഷണത്തിന്റെ സമയമാണ് രാവിലെ 6.29ലേക്ക് ബ്രാവർമാൻ മാറ്റിയതായി സംശയിക്കുന്നത്.
Also Read: ഇസ്രയേൽ പട്ടിണിയെ യുദ്ധമുറയാക്കി പലസ്തീൻകാരെ ശിക്ഷിക്കുന്നു
സമയത്തിൽ മാറ്റം വരുത്തിയതിന്റെ കാരണം വ്യക്തമല്ല. വ്യാഴാഴ്ച ഇതു സംബന്ധിച്ച് മൂന്ന് മണിക്കൂറോളം ബ്രാവർമാനെ അന്വേഷണ സംഘം ചോദ്യം ചെയ്തു. സംഭവത്തെക്കുറിച്ച് പ്രധാനമന്ത്രിയുടെ ഓഫിസ് പ്രതികരിച്ചിട്ടില്ല.
നെതന്യാഹുവിന്റെ മറ്റൊരു ഉദ്യോഗസ്ഥൻ രഹസ്യ രേഖകൾ വിദേശ മാധ്യമങ്ങൾക്ക് ചോർത്തി നൽകിയെന്ന കേസിന് പിന്നാലെയാണ് പുതിയ ആരോപണം. അതേസമയം, നിരവധി അഴിമതി ആരോപണങ്ങളിൽ അന്വേഷണം നേരിടുന്ന നെതന്യാഹുവിനെ പുതിയ കേസുകളിൽ പ്രതിയാക്കിയിട്ടില്ല.