രാജ്യത്ത് കുടുംബങ്ങള്‍ കടക്കെണിയില്‍; കുടുംബ നിക്ഷേപം മോശം നിലയിലേക്കെന്ന് പഠന റിപ്പോര്‍ട്ട്

രാജ്യത്ത് കുടുംബങ്ങള്‍ കടക്കെണിയില്‍; കുടുംബ നിക്ഷേപം മോശം നിലയിലേക്കെന്ന് പഠന റിപ്പോര്‍ട്ട്
രാജ്യത്ത് കുടുംബങ്ങള്‍ കടക്കെണിയില്‍; കുടുംബ നിക്ഷേപം മോശം നിലയിലേക്കെന്ന് പഠന റിപ്പോര്‍ട്ട്

രാജ്യത്ത് കുടുംബ കടം (കുടുംബത്തിലെ അംഗങ്ങളുടെ ആകെ കടം) കുത്തനെ ഉയര്‍ന്നെന്നും കുടുംബ നിക്ഷേപം മോശം നിലയിലേക്ക് താഴ്‌ന്നെന്നും പഠന റിപ്പോര്‍ട്ട്. 2022-23 സാമ്പത്തിക വര്‍ഷത്തെ കണക്കുകള്‍ വിശകലനം ചെയ്ത് സാമ്പത്തിക സേവന ദാതാക്കളായ മോത്തിലാല്‍ ഓസ്വാള്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഗുരുതര ആശങ്ക ഉയര്‍ത്തുന്ന കണക്കുകളുള്ളത്. ഇത് പ്രകാരം രാജ്യത്തെ കുടുംബ കടം ജിഡിപിയുടെ 40% ആയി ഉയര്‍ന്നു. അതേസമയം കുടുംബ നിക്ഷേപം ജിഡിപിയുടെ 5% ശതമാനമായി താഴുകയും ചെയ്തു. അറ്റ സാമ്പത്തിക സമ്പാദ്യം താഴ്ന്നതടക്കമുള്ള സ്ഥിതി വിശേഷം ‘നാടകീയം’ എന്നാണ് റിപ്പോര്‍ട്ട് വിശേഷിപ്പിക്കുന്നത്.

2022-23 സാമ്പത്തിക വര്‍ഷത്തെ പുതുക്കിയ ദേശീയ വരുമാന വിവരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഫെബ്രുവരിയില്‍ പുറത്തുവിട്ടിരുന്നു. ഇത് പ്രകാരം കുടുംബങ്ങളുടെ സാമ്പത്തിക നിക്ഷേപം ജിഡിപിയുടെ 5.3% എന്നാണ് രേഖപ്പെടുത്തിയത്. അതും 47 വര്‍ഷത്തെ മോശം നിലയാണ്. 2011 നും 2020 നും ഇടയിലെ ശരാശരി നിരക്കായ 7.6% അപേക്ഷിച്ച് വളരെ താഴ്ന്നതുമാണ് 2022-23 കാലത്തെ നിക്ഷേപ കണക്ക്. 2022-23 കാലത്ത് ജിഡിപിയുടെ 38% ആയി കുടുംബ കടം ഉയര്‍ന്നെന്നും കേന്ദ്രസര്‍ക്കാര്‍ റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തിയിരുന്നു. 2020-21 ല്‍ രേഖപ്പെടുത്തിയ 39.1% കുടുംബ കടത്തെ അപേക്ഷിച്ച് രണ്ടാം സ്ഥാനത്താണ് 2022-23 കാലത്തേത്.

റിസര്‍വ് ബാങ്ക് 2023 സെപ്തംബറില്‍ ഇത് സംബന്ധിച്ച സൂചന നല്‍കിയിരുന്നു. അന്ന് കുടുംബ നിക്ഷേപം ജിഡിപിയുടെ 5.1% ആയി കുറഞ്ഞിട്ടുണ്ടെന്നും ഇത് 47 വര്‍ഷത്തെ ഏറ്റവും മോശം നിലയാണെന്നും പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ശക്തമായ വിമര്‍ശനം ഉയരുകയും ഇതിനോട് കേന്ദ്ര ധനമന്ത്രാലയം പ്രതികരിക്കുകയും ചെയ്തിരുന്നു. ഭാവിയിലെ ജോലിയിലും വരുമാനത്തിലും ഉറച്ച പ്രതീക്ഷയുള്ളതിനാല്‍ കുടുംബങ്ങള്‍ വായ്പയെടുത്ത് വീടും വാഹനവും വാങ്ങുന്നെന്നും അതുകൊണ്ടാണ് നിക്ഷേപം കുറയുന്നത് എന്നുമായിരുന്നു ധനമന്ത്രാലയത്തിന്റെ പ്രതികരണം. അതിനാല്‍ തന്നെ ഇത് സാമ്പത്തിക തകര്‍ച്ചയുടെ അടയാളമല്ലെന്നും അവര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Top