വിഷുദിനത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ 21കാരന്റെ മരണത്തില്‍ ദുരൂഹത ഉന്നയിച്ച് കുടുംബം

വിഷുദിനത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ 21കാരന്റെ മരണത്തില്‍ ദുരൂഹത ഉന്നയിച്ച് കുടുംബം

കോഴിക്കോട്: വിഷുദിനത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ 21കാരന്‍ അക്ഷയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം. മകന്‍ തൂങ്ങിമരിക്കാനുളള യാതൊരു സാധ്യതയുമില്ലെന്നും സംശയങ്ങളുന്നയിച്ചിട്ടും അന്വേഷണം നടത്തുന്ന കുറ്റ്യാടി പൊലീസ് മോശമായി പെരുമാറിയെന്നും അക്ഷയുടെ പിതാവ് സുരേഷ് ആരോപിച്ചു. സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് കോഴിക്കോട് റൂറല്‍ എസ്പിയെ സമീപിക്കാനിരിക്കുകയാണ് കുടുംബം. നാദാപുരം എംഇടി കോളേജിലെ അവസാന വര്‍ഷ ബിബിഎ വിദ്യാര്‍ത്ഥിയായ അക്ഷയെ കഴിഞ്ഞമാസം 14ന് പുലര്‍ച്ചെയാണ് വീടിന് സമീപം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കൂട്ടുകാരെ കാണാന്‍ വീട്ടില്‍ നിന്നിറങ്ങും വരെ യാതൊരു അസ്വാഭാവികതയും പെരുമാറ്റത്തിലുണ്ടായിരുന്നില്ലെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്.

മരത്തിന് മുകളില്‍ തൂങ്ങിനില്‍ക്കുന്ന രീതിയിലായിരുന്നു മൃതദേഹം. എന്നാല്‍ ഇത്രയും വലിയ മരത്തില്‍ കയറാന്‍ അക്ഷയ്ക്ക് സാധിക്കില്ലെന്നാണ് വീട്ടുകാരുടെ വാദം. വെളുത്ത ഷര്‍ട്ടായിരുന്നിട്ട് പോലും മരത്തില്‍ കയറിയതിന്റെ ഒരു ലക്ഷണങ്ങളും വസ്ത്രത്തിലുണ്ടായിരുന്നില്ലെന്നും കുടുംബം ആരോപിക്കുന്നു. അക്ഷയുടെ ഇരുചക്ര വാഹനം കിടക്കുന്ന രീതിയും സംശയമുണര്‍ത്തുന്നതാണെന്ന് പിതാവ് സുരേഷ്. എന്നാല്‍ ഈ സംശയങ്ങളുള്‍പ്പെടെ ഉന്നയിച്ചിട്ടും പൊലീസ് ചെവിക്കൊളളാത്തത് ആരെയോ സംരക്ഷിക്കാനെന്ന ആരോപണമാണ് കുടുംബാംഗങ്ങളുയര്‍ത്തുന്നത്

നിലവിലെ അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും ദുരൂഹത നീങ്ങാന്‍ മൃതദേഹം വീണ്ടും പോസ്റ്റ് മോര്‍ട്ടം നടത്തണമെന്നും കുടുംബം ആവര്‍ത്തിക്കുന്നു. അന്വേഷണം പൊലീസ് അട്ടിമറിച്ചെന്നാണ് കെ എസ് യു ആരോപണം. സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കെഎസ്‌യു ജില്ലാ നേതൃത്വം സമരത്തിനൊരുങ്ങുകയാണ്. എന്നാല്‍ കുടുംബം ആരോപിക്കുന്നതരത്തിലുളള ദുരൂഹതകളില്ലെന്നാണ് കേസന്വേഷിക്കുന്ന കുറ്റ്യാടി പൊലീസിന്റെ വിശദീകരണം. നിലവില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം പുരോഗമിക്കുകയാണെന്നും കുറ്റ്യാടി പൊലീസ് അറിയിച്ചു.

Top