മധ്യപ്രദേശ്: കുടുംബ സ്വത്ത് എഴുതി നല്‍കാത്തതിന് പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് പിടിയില്‍. സ്വത്തുകള്‍ നല്‍കാത്തതിന്റെ ദേഷ്യത്തില്‍ പെണ്‍കുട്ടിയുടെ മുഖത്തും വായിലും ഇയാള്‍ മുളകുപൊടി വിതറി. വായില്‍ മുളക് പൊടി ഇട്ടതിന് ശേഷം വായ അടച്ചു പിടിക്കുകയുമായിരുന്നു. മധ്യപ്രദേശ് സ്വദേശി ഗുണയാണ് പൊലീസിന്റെ പിടിയിലായത്.
പെണ്‍കുട്ടിയുടെ അയല്‍വാസിയാണ് ഗുണ. ഇരുവരും രണ്ട് വര്‍ഷത്തോളമായി പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. പെണ്‍കുട്ടിയുടെ അമ്മയുടെ പേരിലുള്ള സ്ഥലമായിരുന്നു പ്രതി നോട്ടം ഇട്ടിരുന്നത്. എന്നാല്‍ ഇത് കൊടുക്കാന്‍ പെണ്‍കുട്ടി നിരസിച്ചതിനെ തുടര്‍ന്ന് പ്രതി ആക്രമണം നടത്തുകയായിരുന്നു. പെണ്‍കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സ്വത്തിന് വേണ്ടിയാണ് ഇയാള്‍ തന്നെ ആക്രമിച്ചത് എന്ന് പെണ്‍കുട്ടി പൊലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതിയെ പിടികൂടിയത്. ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. കൃത്യമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു. പരിശോധനയില്‍ യുവാവിന്റെ വീട്ടില്‍ നിന്ന് അനധികൃത മദ്യം പൊലീസ് കണ്ടെത്തി.