കർണാടകയിൽ കുടുംബാധിപത്യം; നിഖിൽ കുമാരസ്വാമിയുടെ മൂന്നാം ഭാഗ്യപരീക്ഷണം

മുൻ മുഖ്യമന്ത്രിയും എം.പി.യുമായ ബസവരാജ് ബൊമ്മെയുടെ മകനായ ഭരത് ബസവരാജ് ബൊമ്മെയാണ് ഷിഗോൺ മണ്ഡലത്തിലെ എൻ.ഡി.എ. സ്ഥാനാർഥി

കർണാടകയിൽ  കുടുംബാധിപത്യം;  നിഖിൽ കുമാരസ്വാമിയുടെ മൂന്നാം ഭാഗ്യപരീക്ഷണം
കർണാടകയിൽ  കുടുംബാധിപത്യം;  നിഖിൽ കുമാരസ്വാമിയുടെ മൂന്നാം ഭാഗ്യപരീക്ഷണം

ബെംഗളൂരു: നവംബർ 13-നാണ് കർണാടകയിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. രാഷ്ട്രീയത്തിലെ കുടുംബാധിപത്യം സംസ്ഥാനത്ത് പുതുമയല്ല, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും ലോക്‌സഭാ തിരഞ്ഞെടുപ്പിലും മത്സരരംഗത്ത്
നേതാക്കളുടെ ബന്ധുക്കളായ സ്ഥാനാർഥികളുടെ നീണ്ടനിരയുണ്ടായിരുന്നു.
ഇക്കുറിയും തിരഞ്ഞെടുപ്പ്‌ നടക്കുന്ന മൂന്ന്‌ മണ്ഡലങ്ങളിലും പ്രമുഖ നേതാക്കളുടെ കുടുംബക്കാരെയാണ് സ്ഥാനാർത്ഥികളായി നിർത്തിയിരിക്കുന്നത്.

മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ പേരമകനും കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ മകനുമാണ് ചന്നപട്ടണ മണ്ഡലത്തിലെ എൻ.ഡി.എ. സ്ഥാനാർഥിയായ നിഖിൽ കുമാരസ്വാമി. രണ്ടു പരാജയങ്ങൾക്കുശേഷമാണ് ജെ.ഡി.എസ്. യുവനേതാവും നടനുമായ നിഖിൽ കുമാരസ്വാമി ഒരിക്കൽകൂടി ഭാഗ്യപരീക്ഷണം നടത്താനൊരുങ്ങുന്നത്.

Also Read: ജ.സഞ്ജീവ് ഖന്ന അടുത്ത സുപ്രീംകോടതി ചീഫ് ജസ്റ്റിസ്; വിജ്ഞാപനം പുറപ്പെടുവിച്ച് രാഷ്ട്രപതി

എൻ.ഡി.എ. സ്ഥാനാർഥിയായി നിഖിലിന്റെ പേര് മുൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയാണ് പ്രഖ്യാപിച്ചത്. വെള്ളിയാഴ്ച നാമനിർദേശ പത്രിക സമർപ്പിക്കും.കുമാരസ്വാമി കേന്ദ്രമന്ത്രിയായതോടെ പ്രവർത്തനം ദേശീയ തലത്തിലേക്കുമാറ്റുമ്പോൾ കർണാടകത്തിൽ പാർട്ടിയുടെ പ്രധാന നേതാവായി നിഖിലിനെയെത്തിക്കാനാണ് ശ്രമം.

ഇതിനായി സിനിമയിൽനിന്ന് വിട്ടുനിൽക്കാൻ അടുത്തിടെ തീരുമാനമെടുത്തു. കുമാരസ്വാമി ലോക്‌സഭാംഗമായ ഒഴിവിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.
ബി.ജെ.പി.യുടെ മുൻ മുഖ്യമന്ത്രിയും എം.പി.യുമായ ബസവരാജ് ബൊമ്മെയുടെ മകനായ ഭരത് ബസവരാജ് ബൊമ്മെയാണ് ഷിഗോൺ മണ്ഡലത്തിലെ എൻ.ഡി.എ. സ്ഥാനാർഥി. മുൻ മുഖ്യമന്ത്രി എസ്.ആർ. ബൊമ്മെയുടെ മകനാണ് ബസവരാജ് ബൊമ്മെ. ബസവരാജ് ബൊമ്മെയുടെ മണ്ഡലമാണ് ഷിഗോൺ.

അദ്ദേഹം ലോക്‌സഭാംഗമായതോടെയാണ് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. സന്ദൂറിലെ കോൺഗ്രസ് സ്ഥാനാർഥി ഇ. അന്നപൂർണ മണ്ഡലത്തിലെ മുൻ കോൺഗ്രസ് എം.എൽ.എ.യും ഇപ്പോൾ ലോക്‌സഭാംഗവുമായ ഇ. തുക്കാറാമിന്റെ ഭാര്യയാണ്. ഇ. തുക്കാറാം ലോക്‌സഭാംഗമായതോടെയാണ് മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.

Top