CMDRF

കോൺഗ്രസ്സിൽ കുടുംബാധിപത്യം സമ്പൂർണ്ണമാകുന്നു, പ്രിയങ്കയ്ക്കു പിന്നാലെ രാജ്യസഭയിലേക്ക് റോബർട്ട് വദ്രയും !

കോൺഗ്രസ്സിൽ കുടുംബാധിപത്യം സമ്പൂർണ്ണമാകുന്നു, പ്രിയങ്കയ്ക്കു പിന്നാലെ രാജ്യസഭയിലേക്ക് റോബർട്ട് വദ്രയും !
കോൺഗ്രസ്സിൽ കുടുംബാധിപത്യം സമ്പൂർണ്ണമാകുന്നു, പ്രിയങ്കയ്ക്കു പിന്നാലെ രാജ്യസഭയിലേക്ക് റോബർട്ട് വദ്രയും !

രു ചെറിയ ഇടവേളയ്ക്കു ശേഷം വീണ്ടും പാര്‍ലമെന്റ് രാഷ്ട്രീയത്തിലും നെഹറു കുടുംബത്തിന്റെ കുടുംബാധിപത്യം ആരംഭിച്ചിരിക്കുകയാണ്. സോണിയ ഗാന്ധി രാജ്യസഭയിലും രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ലോക്‌സഭയിലും കോണ്‍ഗ്രസ്സിനെ നയിക്കുമെന്നാണ് കോണ്‍ഗ്രസ്സ് നേതൃത്വം പറയുന്നത്. വയനാട്ടില്‍ നിന്നും രാഹുല്‍ മാറുന്ന ഒഴിവിലേക്ക് പ്രിയങ്കയെ എത്തിക്കാനുള്ള നീക്കവും ഇതിന്റെ ഭാഗമാണ്. അതായത് കോണ്‍ഗ്രസ്സ് അദ്ധ്യക്ഷ പദവിയില്‍ ഇരിക്കുന്ന മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കും മറ്റു നേതാക്കള്‍ക്കും പ്രത്യേകിച്ച് ഒരുറോളും കോണ്‍ഗ്രസ്സില്‍ ഇനി ഉണ്ടായിരിക്കുകയില്ല. അതാകട്ടെ വ്യക്തവുമാണ്.

ഇനി കോണ്‍ഗ്രസ്സില്‍ നിന്നും പാര്‍ലമെന്റില്‍ എത്താന്‍ സാധ്യതയുള്ള മറ്റൊരാള്‍ പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയാണ്. ഇത്തവണ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ അമേഠിയില്‍ മത്സരിക്കാന്‍ താല്‍പ്പര്യപ്പെട്ട് രംഗത്തു വന്നിരുന്ന റോബര്‍ട്ട് വാദ്രയ്ക്ക് കോണ്‍ഗ്രസ്സ് സീറ്റ് നല്‍കാതിരുന്നത് അത് ബി.ജെ.പി രാഷ്ട്രീയമായി ഉപയോഗിക്കും എന്ന ഒറ്റക്കാരണത്താലാണ്. എന്നാല്‍ ലോക്‌സഭ തിരഞ്ഞെടുപ്പ് കഴിഞ്ഞ സാഹചര്യത്തില്‍ രാജ്യസഭയില്‍ എത്താനാണ് ഇപ്പോള്‍ റോബര്‍ട്ട് വാദ്രയും ആഗ്രഹിക്കുന്നത്. കോണ്‍ഗ്രസ്സ് ഭരിക്കുന്ന കര്‍ണ്ണാടക, തെലങ്കാന സംസ്ഥാനങ്ങളില്‍ ഏതെങ്കിലും ഒഴിവ് വരുമ്പോള്‍ മത്സരിക്കാനാണ് അദ്ദേഹത്തിന്റെ നീക്കം. സ്വാഭാവികമായും അത് നടക്കാന്‍ തന്നെയാണ് സാധ്യത. അങ്ങനെ വന്നാല്‍ സോണിയ ഗാന്ധിയുടെ കുടുംബത്തില്‍ നിന്നും നാല് പേരാകും പാര്‍ലമെന്റില്‍ ഉണ്ടാകുക.

ബി.ജെ.പിയ്ക്ക് അടുത്ത ലോക്‌സഭ തിരഞ്ഞടുപ്പിലും നിഷ്പ്രയാസം അധികാരത്തില്‍ വരാനുള്ള സാഹചര്യമാണ് സോണിയയും മക്കളും മരുമകനുമെല്ലാം ആയിട്ട് ഇതുവഴി ഉണ്ടാക്കി കൊടുക്കുന്നത്. എത്ര തിരിച്ചടി നേരിട്ടാലും കോണ്‍ഗ്രസ്സ് പാഠം പഠിക്കില്ലന്നതിന്റെ ഒന്നാന്തരം ഉദാഹരണം കൂടിയാണിത്. യഥാര്‍ത്ഥത്തില്‍ സോണിയ ഗാന്ധി കുടുംബത്തിന്റെ ഒരു ‘കറക്കുകമ്പനി’ മോഡലിലാണ് കോണ്‍ഗ്രസ്സ് ഇപ്പോഴും മുന്നോട്ട് പോകുന്നത്. ഇത്തവണ സീറ്റു നിലയില്‍ മുന്നേറ്റമുണ്ടാക്കിയതാണ് ആ കുടുംബത്തിന്റെ അഹങ്കാരത്തിന് കാരണമായിരിക്കുന്നത്. അവിടെയും അവര്‍ തിരിച്ചറിയാതെ പോയിരിക്കുന്നത് യഥാര്‍ത്ഥ വസ്തുതയാണ്. ഇന്ത്യാ മുന്നണിയുടെ ഭാഗമല്ലായിരുന്നു എങ്കില്‍ കോണ്‍ഗ്രസ്സിന് എത്ര സീറ്റുകളായിരുന്നു ലഭിക്കുമായിരുന്നത് എന്നതു കൂടി സോണിയയും അവരുടെ കുടുംബവും ഓര്‍ക്കുന്നത് നല്ലതാണ്. മറ്റു പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണ കൊണ്ടാണ് കോണ്‍ഗ്രസ്സിന് സീറ്റുകള്‍ വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞിരിക്കുന്നത്. അതില്ലായിരുന്നു എങ്കില്‍ 2019 -നേക്കാള്‍ വലിയ തിരിച്ചടി കോണ്‍ഗ്രസ്സിന് ലഭിക്കുമായിരുന്നു.

മോദി സര്‍ക്കാറിന്റെ നയങ്ങളെ ശക്തമായി എതിര്‍ക്കുമ്പോള്‍ തന്നെ കോണ്‍ഗ്രസ്സ് ഭരിച്ച കാലത്തെ നെറികേടുകളും ചൂണ്ടിക്കാണിക്കാതിരിക്കാന്‍ കഴിയുകയില്ല. രാജ്യത്തെ ഞെട്ടിച്ച അഴിമതിയാണ് രണ്ടാം യു.പി.എ സര്‍ക്കാറിന്റെ കാലത്ത് നടന്നിരുന്നത്. വലിയ അഴിമതി കേസുകളില്‍പ്പെട്ട് മന്‍മോഹന്‍ സര്‍ക്കാരിലെ എത്ര കേന്ദ്രമന്ത്രിമാര്‍ അകത്തായി എന്നതും നാം ഓര്‍ക്കേണ്ടതുണ്ട്. കോണ്‍ഗ്രസ്സിലെ കുടുംബ വാഴ്ചയ്ക്ക് ‘കുട’ പിടിക്കുന്നവര്‍ ഇതൊന്നും തന്നെ മറന്നു പോകരുത്. സകല മേഖലകളിലും അഴിമതി പടര്‍ന്ന ഒരു സര്‍ക്കാറിനെയാണ് മന്‍മോഹന്‍ സിംങ് നയിച്ചിരുന്നത്. പ്രധാനമന്ത്രി സ്ഥാനത്ത് മന്‍മോഹന്‍സിംഗ് ആയിരുന്നു എങ്കിലും അക്കാലത്ത് പിന്‍സീറ്റ് ഡ്രൈവ് നടത്തിയിരുന്നത് സോണിയ ഗാന്ധിയുടെ കുടുംബമായിരുന്നു. അന്ന് നടത്തിയ നിരവധി അഴിമതികളില്‍പ്പെട്ടാണ് റോബര്‍ട്ട് വദ്ര എന്ന പ്രിയങ്കയുടെ ഭര്‍ത്താവും അഴിമതികേസില്‍ പ്രതി ആയിരിക്കുന്നത്. ആ കേസുകള്‍ ഇപ്പോഴും ലൈവ് ആയിട്ടാണ് ഉള്ളത്.

ഇത്തരം കാര്യങ്ങള്‍ എല്ലാം ഒരിക്കല്‍ കൂടി ജനങ്ങളെ ഓര്‍മ്മിപ്പിക്കാനുള്ള അവസരമാണ് സോണിയ കുടുംബമായിട്ടു തന്നെ ഇപ്പോള്‍ ബി.ജെ.പിയ്ക്ക് ഒരുക്കി കൊടുത്തിരിക്കുന്നത്. കോണ്‍ഗ്രസ്സിലെ കുടുംബാധിപത്യം പൂര്‍വ്വാധികം ശക്തമായി തിരിച്ചു വരുന്നു എന്ന പ്രചരണം കോണ്‍ഗ്രസ്സിന്റെ സകല സാധ്യതകള്‍ക്കും ഇനിയും തിരിച്ചടിയാകും. 2029-ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഇതു തന്നെയാകും ബി.ജെ.പിയുടെ പ്രധാന പ്രചരണായുധം. രാഷ്ട്രീയത്തിലെ കുടുംബാധിപത്യത്തെ ഒരിക്കലും രാജ്യത്തെ പുതിയ തലമുറ അംഗീകരിക്കുന്നില്ല. അവരുടെ മനസ്സില്‍ ഒരു വില്ലന്‍ പരിവേഷമാണ് റോബര്‍ട്ട് വാദ്രയ്ക്ക് ഉള്ളത്. പ്രിയങ്ക ഏത് പദവിയില്‍ എത്തിയാലും റോബര്‍ട്ട് വാദ്ര പിന്‍സീറ്റ് ഭരണം നടത്തുമെന്ന കാര്യത്തില്‍ ജനങ്ങള്‍ക്ക് എന്തായാലും നല്ല ബോധ്യമാണ് ഉള്ളത്. അതിനുള്ള തുടക്കം കൂടിയാണ് വയനാട്ടില്‍ നിന്നും ഇനി ആരംഭിക്കാന്‍ പോകുന്നത്. പാര്‍ലമെന്ററി രാഷ്ട്രീയത്തിലെ പ്രിയങ്ക ഗാന്ധിയുടെ അരങ്ങേറ്റം ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നതും അവരുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്ര തന്നെയാണ്. അതാകട്ടെ ഒരു യാഥാര്‍ത്ഥ്യവുമാണ്.

EXPRESS KERALA VIEW

Top