മുംബൈ: സീസണിലെ ആദ്യ ഹോം മത്സരത്തിനായി വാംഖഡെ സ്റ്റേഡിയത്തിലിറങ്ങിയപ്പോഴും മുംബൈ ഇന്ത്യന്‍സ് നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയെ കാണികള്‍ കൂവിയപ്പോള്‍ മുന്‍ നായകന്‍ രോഹിത് ശര്‍മ തടഞ്ഞുവെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ഒരു വിഭാഗം ആരാധകര്‍. ബൗണ്ടറി ലൈനിന് അരികില്‍ ഫീല്‍ഡ് ചെയ്യുമ്പോള്‍ രോഹിത് കാണികളെ നോക്കി കൂവല്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടെന്ന് തരത്തിലുള്ള വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
ഇന്നലെ മുംബൈയിലിറങ്ങിയപ്പോള്‍ ഹാര്‍ദ്ദിക് പാണ്ഡ്യ ഫാന്‍സും അത്തരമൊരു നിമിഷം പ്രതീക്ഷിച്ചെങ്കിലും രോഹിത് പ്രകടമായി അത്തരമൊരു കാര്യം ആവശ്യപ്പെട്ടില്ല. ഇന്നലെ ടോസിനായി ഇറങ്ങിയപ്പോള്‍ അവതാരകനായ സഞ്ജയ് മഞ്ജരേക്കര്‍ ഹാര്‍ദ്ദിക്കിനായി കൈയടിക്കാനും അല്‍പം മര്യാദ കാട്ടാനും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അതുപോലും കൂവലോടെയയിരുന്നു ആരാധകര്‍ വരവേറ്റത്. കൂവിയവരെ നോക്കി ഹാര്‍ദ്ദിക് ചിരിക്കുകയും ചെയ്തിരുന്നു. പിന്നീട് മുംബൈ ബാറ്റിംഗിനിറങ്ങിയപ്പോള്‍ ആദ്യ ഓവറില്‍ തന്നെ രോഹിത് ശര്‍മ ഗോള്‍ഡന്‍ ഡക്കായി പുറത്തായപ്പോള്‍ വാംഖഡെ മൂകമാകുകയും ചെയ്തിരുന്നു.സീസണിലെ ആദ്യ ഹോം മത്സരത്തിനിറങ്ങിയ മുംബൈ ഇന്ത്യന്‍സ് ഇന്നലെ തുടര്‍ച്ചയായ മൂന്നാം തോല്‍വി വഴങ്ങിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത മുംബൈ മുന്നോട്ടുവെച്ച 126 റണ്‍സിന്റെ വിജയലക്ഷ്യം 54 റണ്‍സുമായി പുറത്താകാതെ നിന്ന റിയാന്‍ പരാഗിന്റെ ബാറ്റിംഗ് മികവില്‍ രാജസ്ഥാന്‍ അനായാസം മറികടക്കുകയായിരുന്നു.
എന്നാല്‍ ബൗണ്ടറി ലൈനിന് അരികില്‍ നില്‍ക്കുമ്പോള്‍ രോഹിത് ചാന്റ് ഉയര്‍ത്തിയവരോടാണ് മുന്‍ നായകന്‍ അത് ചെയ്യരുതെന്ന് പറഞ്ഞത് എന്നാണ് മറുവിഭാഗം ആരാധകര്‍ പറയുന്നത്. രോഹിത് അത് ചെയ്തതുപോലും മനസില്ലാ മനസോടെയായിരുന്നുവെന്നും അവര്‍ പറയുന്നു.ഇംഗ്ലണ്ടില്‍ നടന്ന 2019ലെ ഏകദിന ലോകകപ്പിനിടെ ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്തിനെ പന്ത് ചുരണ്ടല്‍ വിവാദത്തിന്റെ പേരില്‍ ഇംഗ്ലണ്ടിലെ കാണികള്‍ കൂവിയപ്പോള്‍ അവരെ അതില്‍ നിന്ന് തടഞ്ഞതും സ്മിത്തിനായി കൈയടിക്കാന്‍ ആവശ്യപ്പെട്ടതും ഇന്ത്യന്‍ ക്യാപ്റ്റനായിരുന്ന വിരാട് കോലിയാണ്. അതിന് കോലിയോട് നന്ദിയുണ്ടെന്ന് സ്മിത്ത് പിന്നീട് പറയുകയും ചെയ്തിരുന്നു.