ബര്‍ലിന്‍: ഓസ്ട്രിയന്‍ തിരഞ്ഞെടുപ്പില്‍ ആധിപത്യം പുലർത്തി തീവ്ര വലതുപക്ഷ ഫ്രീഡം പാര്‍ട്ടി. ഓസ്ട്രിയയുടെ പുതിയ യുഗത്തിലേക്കുള്ള വാതില്‍ എന്നാണ് എഫ്പിഒ വിജയത്തെ നേതാവ് ഹെര്‍ബര്‍ട്ട് കിക്ക്ല്‍ വിശേഷിപ്പിച്ചത്. തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിജയിക്കുമെന്ന് തന്നെയായിരുന്നു ആദ്യം മുതൽക്കേയുള്ള സർവേ ഫലങ്ങൾ സൂചിപ്പിച്ചത്.
കിക്കിലിന്റെ പാര്‍ട്ടിക്ക് 28.8 ശതമാനം വോട്ടുകളാണ് ലഭിച്ചത്. 26.3 ശതമാനം വോട്ടുകള്‍ ലഭിച്ച കണ്‍സര്‍വേറ്റീവ് പീപ്പിള്‍സ് പാര്‍ട്ടിയേക്കാള്‍ (ഒവിപി) രണ്ട് പോയിന്റില്‍ കൂടുതല്‍. എന്നാല്‍ ഭൂരിപക്ഷം ലഭിക്കുന്നതിന് ഇനിയും സീറ്റുകള്‍ ലഭിക്കേണ്ടതുണ്ട്.യൂറോപ്പിലെ തീവ്ര വലതുപക്ഷ തിരഞ്ഞെടുപ്പ് വിജയങ്ങളുടെ ഏറ്റവും പുതിയ നേട്ടമാണ് കിക്കിലിന്റെ പാര്‍ട്ടിയുടെ വിജയം.
Also Read: ഇസ്രയേലിനെ അപലപിച്ച് ഫ്രാൻസിസ് മാർപാപ്പ; ഗാസയിലും ലെബനാനിലും നടത്തുന്ന ആക്രമണങ്ങൾ അധാർമ്മികം
എഫ്പിഒ മുമ്പ് സഖ്യത്തിലുണ്ടായിരുന്നുവെങ്കിലും രണ്ടാം സ്ഥാനത്തുള്ള ഒവിപി, കിക്ക്‌ലിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ പങ്കെടുക്കാന്‍ തയ്യാറായിരുന്നില്ല. ഗൂഢാലോചന സിദ്ധാന്തങ്ങള്‍ ഇഷ്ടപ്പെടുന്ന ഒരാളുമായി ഒരു സര്‍ക്കാര്‍ രൂപീകരിക്കുന്നത് അസാധ്യമാണെന്ന് കിക്കിലിന്റെ പ്രധാന എതിരാളിയും ഒവിപിയുടെ നിലവിലെ ചാന്‍സലറുമായ കാള്‍ നെഹാമര്‍ തുറന്നടിച്ചത്.
കുടിയേറ്റം, അഭയം, ശിഥിലമായ സമ്പദ് വ്യവസ്ഥ, യുക്രെയ്‌നിലെ യുദ്ധം എന്നി വിഷയങ്ങള്‍ ആളിക്കത്തിയ തിരഞ്ഞെടുപ്പില്‍ ഓസ്ട്രിയയുടെ 6.3 ദശലക്ഷം വോട്ടര്‍മാര്‍ പങ്കെടുത്തു. ഉയര്‍ന്ന പോളിംഗ് 78% രേഖപ്പെടുത്തി.