ബ്രിട്ടണിൽ തീവ്ര വലതുപക്ഷക്കാരുടെ പ്രതിഷേധം; 90 പേർ അറസ്റ്റിൽ

ബ്രിട്ടണിൽ തീവ്ര വലതുപക്ഷക്കാരുടെ പ്രതിഷേധം; 90 പേർ അറസ്റ്റിൽ
ബ്രിട്ടണിൽ തീവ്ര വലതുപക്ഷക്കാരുടെ പ്രതിഷേധം; 90 പേർ അറസ്റ്റിൽ

ലണ്ടൻ: ബ്രിട്ടനിലെ തെരുവുകളിലും നഗരങ്ങളിലും തീവ്ര വലതുപക്ഷ വാദികളുടെ അഴിഞ്ഞാട്ടം. അതിരു കടന്ന പ്രതിഷേധ പ്രകടനങ്ങളിൽ 90 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കുടിയേറ്റ- മുസ്‍ലിം വിരുദ്ധ മുദ്രാവാക്യങ്ങൾ ഉയർത്തിയായിരുന്നു ഇവരുടെ പ്രതിഷേധം.

ഹൾ, ലിവർപൂൾ, ബ്രിസ്റ്റോൾ, മാഞ്ചസ്റ്റർ, ബ്ലാക്ക്പൂൾ, ബെൽഫാസ്റ്റ് എന്നിവയുൾപ്പെടെയുള്ള പ്രദേശങ്ങളിൽ കുപ്പികൾ എറിഞ്ഞും കടകൾ കൊള്ളയടിച്ചും കലാപകാരികൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ചിലയിടങ്ങളിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെയും ആക്രമണമുണ്ടായി. മെഴ്‌സിസൈഡിലെ സൗത്ത്‌പോർട്ടിൽ നടന്ന ടെയ്‌ലർ സ്വിഫ്റ്റി​ന്‍റെ ഡാൻസ് പാർട്ടിയിൽ മൂന്ന് പെൺകുട്ടികൾ കൊല്ലപ്പെട്ടതിനെ തുടർന്ന് നേരത്തെ സംഘർഷം ഉടലെടുത്തിരുന്നു.

‘വിദ്വേഷം വിതക്കാൻ’ ശ്രമിക്കുന്ന ‘തീവ്രവാദികൾ’ക്കെതിരെ നടപടിയെടുക്കാൻ പൊലീസ് സേനക്ക് സർക്കാർ പൂർണ പിന്തുണ നൽകുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

അതേസമയം, കലാപകാരികളെ നേരിടാൻ ഫാസിസ്റ്റ് വിരുദ്ധ പ്രകടനക്കാരും നഗരത്തിലിറങ്ങി. ലിവർപൂളിലെ ലൈം സ്ട്രീറ്റ് സ്റ്റേഷനിൽ നൂറുകണക്കിന് ഫാസിസ്റ്റ് വിരുദ്ധ പ്രകടനക്കാർ ഒത്തുകൂടി ഐക്യത്തിനും സഹിഷ്ണുതക്കും വേണ്ടി ആഹ്വാനം ചെയ്തു.

‘അഭയാർത്ഥികളെ ഇവിടെ സ്വാഗതം ചെയ്യുന്നു, ഞങ്ങളുടെ തെരുവുകളിൽ നിന്ന് നാസികൾ ​കടന്നുപോവുക’ എന്നുള്ള മുദ്രാവാക്യങ്ങളും അവർ ഉയർത്തി. ‘നമ്മുടെ രാജ്യം ഞങ്ങൾക്ക് തിരികെ വേണം’, ‘അഭയാർത്ഥികൾക്ക് ഇവിടേക്കു സ്വാഗതം’ എന്ന മുദ്രാവാക്യവും ഉയർന്നു. നഗരത്തി​ന്‍റെ നദീതീരത്തേക്ക് മാർച്ച് ചെയ്ത് ആയിരത്തോളം കുടിയേറ്റ വിരുദ്ധ പ്രക്ഷോഭകരെ അവർ നേരിട്ടു. വംശീയ വിരുദ്ധ സംഘത്തിന് നേരെ അക്രമികൾ ബിയർ കാനുകൾ എറിഞ്ഞു. നായ്ക്കളുമായി ഇറങ്ങിത്തിരിച്ച പൊലീസുകാർ ഇരുവിഭാഗത്തെയും അകറ്റി നിർത്തി കലാപം തടഞ്ഞ് ക്രമസമാധാനം നിലനിർത്താൻ ഏറെ പാടുപെട്ടു.

ഞായറാഴ്ച പുലർച്ചെ വരെ കലാപകാരികളുടെ അഴിഞ്ഞാട്ടം തുടർന്നതായാണ് റിപ്പോർട്ട്. നഗരത്തിലെ വാൾട്ടൺ ഏരിയയിൽ ലൈബ്രറിക്ക് തീയിട്ടതായി മെർസിസൈഡ് പൊലീസ് പറഞ്ഞു. കടകൾ തകർക്കുകയും നിരവധി മാലിന്യ ബിന്നുകൾക്ക് തീയിടുകയും ചെയ്തു. നിരവധി ഉദ്യോഗസ്ഥർക്ക് പരുക്കേറ്റതായി സ്ഥിരീകരിച്ചു. രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Top