ഫാം ഉടമക്കും ബന്ധുവിനും മര്‍ദനം: മൂന്നംഗ സംഘം അറസ്റ്റില്‍

ഷാജി, നവാസ്, നിഷാദ് എന്നിവരാണ് അറസ്റ്റിലായത്.

ഫാം ഉടമക്കും ബന്ധുവിനും മര്‍ദനം: മൂന്നംഗ സംഘം അറസ്റ്റില്‍
ഫാം ഉടമക്കും ബന്ധുവിനും മര്‍ദനം: മൂന്നംഗ സംഘം അറസ്റ്റില്‍

ഓച്ചിറ: പ്രകൃതിസൗഹൃദ സംയോജിതകൂട്ടം ഫാമില്‍ അതിക്രമിച്ചുകയറി ഉടമയെ അടക്കം മര്‍ദിച്ച കേസില്‍ മൂന്നുപേരെ ഓച്ചിറ പൊലീസ് അറസ്റ്റ് ചെയ്തു. ക്ലാപ്പന പ്രയാര്‍ തെക്ക് വല്ലത്ത് ക്ഷേത്രത്തിന് സമീപം പ്രവര്‍ത്തിക്കുന്ന ഫാമില്‍ അതിക്രമംകാട്ടിയ പ്രയാര്‍ തെക്ക് കണിയാന്‍തറ പടീറ്റതില്‍ ഷാജി, നവാസ്, നിഷാദ് എന്നിവരാണ് അറസ്റ്റിലായത്. ഫാമില്‍നിന്ന് ദുര്‍ഗന്ധം വമിക്കുന്നുവെന്നാരോപിച്ച് മാരാകായുധങ്ങളുമായി അതിക്രമിച്ചുകയറി ഫാം ഉടമ പ്രയാര്‍ തെക്ക് സഫയര്‍ വീട്ടില്‍ അബ്ദുല്‍ നിസ്സാറിനെ (68) മര്‍ദിക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ച ബന്ധു ഷംനാദിനും (32) മര്‍ദനമേറ്റു. അബ്ദുല്‍ നിസ്സാറിന്റെ മുഖത്ത് അടിക്കുകയും നടുവിന് ചവിട്ടി പരിക്കേല്‍പിക്കുകയും ചെയ്തു. തൊഴിലാളിയായ നേപ്പാളി സ്വദേശിക്കും പരിക്കേറ്റു.

ബുധനാഴ്ച വൈകീട്ടായിരുന്നു സംഭവം. വിദ്യാഭ്യാസ വകുപ്പില്‍നിന്ന് അസിസ്റ്റന്റ് ഡയറക്ടറായി വിരമിച്ച ശേഷമാണ് അബ്ദുല്‍ നിസ്സാര്‍ ഫാമും ജൈവ കൃഷിയും ആരംഭിച്ചത്. പരിസരവാസികള്‍ക്ക് ഉപദ്രവുമില്ലാതെ ശാസ്ത്രീയമായാണ് ഫാമിന്റെ പ്രവര്‍ത്തനമെന്ന് ഫാം ഉടമ പറയുന്നു. ചാണകവെള്ളം ശുദ്ധീകരിച്ച് കൃഷിക്ക് സ്‌പ്രേ ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ചെറിയ ദുര്‍ഗന്ധമാണ് പ്രശ്‌നത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.

Top