CMDRF

പ്രക്ഷോഭം കടുപ്പിക്കാനൊരുങ്ങി കർഷകർ; 16 ബി.ജെ.പി സ്ഥാനാർഥികളുടെയും മന്ത്രിമാരുടെയും വീടുകൾ വളയും

പ്രക്ഷോഭം കടുപ്പിക്കാനൊരുങ്ങി കർഷകർ; 16 ബി.ജെ.പി സ്ഥാനാർഥികളുടെയും മന്ത്രിമാരുടെയും വീടുകൾ വളയും
പ്രക്ഷോഭം കടുപ്പിക്കാനൊരുങ്ങി കർഷകർ; 16 ബി.ജെ.പി സ്ഥാനാർഥികളുടെയും മന്ത്രിമാരുടെയും വീടുകൾ വളയും

ചണ്ഡീഗഡ്: സംയുക്ത കിസാൻ മോർച്ചയുടെ ആഭിമുഖ്യത്തിൽ പഞ്ചാബിലും ഹരിയാനയിലും പ്രക്ഷോഭം കടുപ്പിച്ച് കർഷകർ. ചൊവ്വാഴ്ച പഞ്ചാബിലെ 16 ബി.ജെ.പി സ്ഥാനാർഥികളുടെയും ഹരിയാനയിലെ മന്ത്രിമാരുടെയും വീടുകൾ വളയുമെന്ന് സംയുക്ത കിസാൻ മോർച്ച അറിയിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

സമാധാനപരമായ രീതിയിലായിരിക്കും ധർണ നടത്തുക. വരും ദിവസങ്ങളിലും ഗ്രാമങ്ങളിലെ കർഷകർ ബി.ജെ.പി നേതാക്കളോട് സമാധാനപരമായും ഭരണഘടനാപരമായും ചോദ്യങ്ങൾ ചോദിക്കുമെന്നാണ് കർഷക നേതാക്കൾ പറഞ്ഞത്.

ഉച്ചയ്ക്ക് 12 മുതൽ വൈകീട്ട് നാല് വരെയാണ് ധർണ നടത്തുക. തെരഞ്ഞെടുപ്പിന്റെ ഏഴാം ഘട്ടത്തിൽ ജൂൺ ഒന്നിന് പഞ്ചാബിലെ എല്ലാ മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് കർഷകർ പ്രക്ഷോഭം കനപ്പിക്കുന്നത്. കർഷക സമരത്തിൽ ഇതുവരെ 20ലധികം കർഷകർ കൊല്ലപ്പെട്ടതും സമരം ശക്തമാക്കുന്നതിന് കാരണമായിട്ടുണ്ട്.

പട്യാല-പ്രണീത് കൗർ മോട്ടി മഹൽ, ഫരീദ്‌കോട്ട്-ഹൻസ് രാജ് ഹൻസ്, അമൃത്‍സർ-തരൺജിത് സന്ധു, ഖാദൂർ സാഹിബ് – മൻജിത് സിങ് മന്ന, പത്താൻകോട്ട്-ദിനേശ് ബാബു, ജലന്ധർ-സുസിൽ റിങ്കു, ഹോഷിയാർപൂർ-അനിതാ സോം പ്രകാശ്, ഫിറോസ്പൂർ-റാണാ സോധി ഫത്തേഗർ സാഹിബ്-ഗേജ റാം ബാൽമീകി, ആനന്ദ്പൂർ സാഹിബ്-സുഭാഷ് ശർമ അടക്കമുള്ള സ്ഥാനാർഥികളുടെയും ക്യാബിനറ്റ് മന്ത്രി അസിം ഗോയലിന്റെയും വീടുകൾ വളയുമെന്നാണ് കർഷക സംഘടന അറിയിച്ചത്.

പഞ്ചാബ് സർക്കാർ കർഷകരെ അറസ്റ്റ് ചെയ്യുന്നത് നിർത്തണമെന്നും ബി.ജെ.പിയുടെ ബി ടീമായി ആം ആദ്മി പാർട്ടി പ്രവർത്തിക്കുന്നതിന് വലിയ വില നൽകേണ്ടിവരുമെന്നും കർഷകർ മുന്നറിയിപ്പ് നൽകി.

അറസ്റ്റിലാക്കപ്പെട്ട കർഷകരെ മോചിപ്പിക്കുക എന്നതാണ് കർഷകർ ധർണയിൽ ഉയർത്താൻ തീരുമാനിച്ചിരിക്കുന്ന പ്രധാന ആവശ്യം. കർഷകരുടെ ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കുന്നതുവരെ അതിർത്തികളിൽ തുടരുമെന്നാണ് കർഷകർ പ്രഖ്യാപിച്ചിരിക്കുന്നത്.

ജൂൺ രണ്ട് മുതൽ ദൽഹി ചലോ മാർച്ച് ശക്തമാക്കുമെന്ന് സംയുക്ത കിസാൻ മോർച്ച നേരത്തെ അറിയിച്ചിരുന്നു. ഫെബ്രുവരി 13നാണ് താങ്ങുവിലയ്ക്ക് നിയമസാധുത നൽകണമെന്നതുൾപ്പടെയുള്ള ആവശ്യങ്ങളുയർത്തി കർഷകർ പഞ്ചാബിലെ അതിർത്തിയിൽ രണ്ടാം കർഷക സമരം തുടങ്ങിയത്.

Top