ഡല്‍ഹിയില്‍ പിതാവും ഭിന്നശേഷിക്കാരായ നാല് മക്കളും മരിച്ചനിലയില്‍

വിഷം കഴിച്ചാണ് ഇവരുടെ ആത്മഹത്യ എന്നാണ് പൊലീസ് നിഗമനം

ഡല്‍ഹിയില്‍ പിതാവും ഭിന്നശേഷിക്കാരായ നാല് മക്കളും മരിച്ചനിലയില്‍
ഡല്‍ഹിയില്‍ പിതാവും ഭിന്നശേഷിക്കാരായ നാല് മക്കളും മരിച്ചനിലയില്‍

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ അപ്പാര്‍ട്ട്‌മെന്റില്‍ അഞ്ചംഗ കുടുംബം മരിച്ചനിലയില്‍. ഡല്‍ഹി രംഗ്പുരിയിലാണ് സംഭവം. പിതാവും നാല് ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടികളേയുമാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. വിഷം കഴിച്ചാണ് ഇവരുടെ ആത്മഹത്യ എന്നാണ് പൊലീസ് നിഗമനം.

വെള്ളിയാഴ്ച രാവിലെയാണ് കുടുംബം മരിച്ച വിവരം അറിഞ്ഞത്. വീട്ടില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍വാസികള്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. വീടിന്റെ വാതില്‍ പൊളിച്ചാണ് അകത്തേക്ക് കയറിയതെന്ന് പൊലീസ് അറിയിച്ചു. വീട്ടിലെ ലിവിങ് റൂമിലാണ് പിതാവിന്റെ മൃതദേഹം കണ്ടെത്തിയത്. ഉള്ളിലുള്ള മുറിയിലായിരുന്നു മറ്റ് നാല് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

Also Read:കുട്ടിയെ ബലി നൽകിയ സംഭവം; കൊലപാതകത്തിന്റെ കാരണം കണ്ടുപിടിക്കണം: പിതാവ്‌

നാല് പെണ്‍കുട്ടികളും ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവരാണ്. എട്ടിനും 18നും ഇടക്കാണ് ഇവരുടെയെല്ലാം പ്രായം. വര്‍ഷങ്ങള്‍ക്ക് മുമ്പ് അര്‍ബുദം ബാധിച്ച് പെണ്‍കുട്ടികളുടെ അമ്മ മരിച്ചിരുന്നു. പിതാവ് ഒറ്റക്കാണ് പെണ്‍കുട്ടികളെ നോക്കിയിരുന്നത്. മരപ്പണിയായിരുന്നു പിതാവ് ചെയ്തിരുന്നത്.

സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെടുത്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. ക്രൈം, ഫോറന്‍സിക് ടീമുകള്‍ സംഭവസ്ഥലത്തേക്ക് എത്തിയിട്ടുണ്ട്. ഭക്ഷ്യസാമ്പിളുകളും മരുന്നിന്റെ ഒരു ബോട്ടിലും സംഭവസ്ഥലത്ത് നിന്ന് പൊലീസിന് കിട്ടിയിട്ടുണ്ട്. കഴിഞ്ഞ എട്ട് വര്‍ഷമായി കുടുംബം ഇതേ അപ്പാര്‍ട്ട്‌മെന്റില്‍ തന്നെയാണ് താമസിക്കുന്നത്. മൃതദേഹങ്ങള്‍ പോസ്റ്റ്മാര്‍ട്ടത്തിനായി അയച്ചുവെന്നും പൊലീസ് അറിയിച്ചു.

Top