ശോഭാ സുരേന്ദ്രനെ ‘ഭയന്ന്’ ബി.ജെ.പി സംസ്ഥാന നേതൃത്വം, പദവിക്ക് പാരവയ്ക്കാൻ ഡൽഹിയിലും നീക്കം !

ശോഭാ സുരേന്ദ്രനെ ‘ഭയന്ന്’ ബി.ജെ.പി സംസ്ഥാന നേതൃത്വം, പദവിക്ക് പാരവയ്ക്കാൻ ഡൽഹിയിലും നീക്കം !

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന നേതൃത്വം ഇപ്പോൾ പേടിയിലാണ്. ശോഭാ സുരേന്ദ്രനെ കേന്ദ്ര നേതൃത്വം ‍ഡൽഹിക്ക് വിളിപ്പിച്ചതോടെ, കെ.സുരേന്ദ്രൻ – വി മുരളീധരൻ വിഭാഗത്തിൻ്റെ ചങ്കിടിപ്പാണ് ഏറുന്നത്.

കേന്ദ്ര മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ഞായറാഴ്ച നടക്കാനിരിക്കെയാണ് ശോഭയെ ചർച്ചകൾക്കായി ഡൽഹിയിലേക്ക് വിളിപ്പിച്ചിരിക്കുന്നത്. ശോഭയ്ക്ക് പാർട്ടിയിൽ പുതിയ ചുമതലകൾ ലഭിച്ചേക്കുമെന്ന വിവരമാണ് ഇപ്പോൾ പുറത്തു വരുന്നത്. ഇതോടൊപ്പം തന്നെ മന്ത്രിസഭാ വികസനത്തിൻ്റെ രണ്ടാം ഘട്ടത്തിൽ കേന്ദ്ര സഹമന്ത്രിയാക്കുമെന്ന അഭ്യൂഹവും ശക്തമായിരിക്കുകയാണ്. ശോഭയുടെ കാര്യത്തിൽ ഒരു സാധ്യതയും തള്ളിക്കളയാൻ പറ്റാത്ത സാഹചര്യമാണ് നിലവിൽ ഉള്ളത്. തീപ്പൊരി വനിതാ നേതാവ് എന്ന പ്രതിച്ഛായയും ശോഭയെ കേന്ദ്രത്തിന് സ്വീകാര്യ നടക്കുന്ന ഘടകമാണ്.

ലോക്സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി നേതൃത്വം നൽകുന്ന എൻഡിഎ മുന്നണിക്ക് ആലപ്പുഴയിൽ ഇതുവരെ കിട്ടാത്ത വോട്ട് വിഹിതമാണ് നേടിയതാണ് പുതിയ പദവികളിലേക്ക് അവരെ പരിഗണിക്കാൻ ബി.ജെ.പി കേന്ദ്ര നേതൃത്വത്തെ പ്രേരിപ്പിക്കുന്നത്.

ആലപ്പുഴ ലോകസഭ മണ്ഡലത്തിനു കീഴിൽ വരുന്ന രണ്ടു നിയമസഭാ മണ്ഡലങ്ങളിലാണ് ബി.ജെ.പി സഖ്യം രണ്ടാം സ്ഥാനത്തെത്തിയിരിക്കുന്നത്. പല പ്രാദേശിക മേഖലയിലും അവർ ഒന്നാമതായിട്ടുണ്ട്. 5 വർഷംകൊണ്ട് 1.2 ലക്ഷത്തോളം വോട്ടിന്റെ വർധനയാണ് ആലപ്പുഴയിൽ ശോഭ സുരേന്ദ്രൻ ഉണ്ടാക്കി കൊടുത്തിരിക്കുന്നത്.

കഴിഞ്ഞ തവണ 1.87 ലക്ഷത്തിലേറെ വോട്ടുകളാണ് (17.24%) ഡോ. കെ.എസ്.രാധാകൃഷ്ണൻ നേടിയിരുന്നത്. അതാണിപ്പോൾ ശോഭ 2.99 ലക്ഷത്തിനു മുകളിൽ എത്തിച്ചിരിക്കുന്നത് (28.3%). മത്സരിച്ചിടത്തെല്ലാം ശോഭ സുരേന്ദ്രൻ വോട്ട് കുത്തനെ ഉയർത്തിയിട്ടുണ്ട്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആറ്റിങ്ങലിൽ മത്സരിച്ചപ്പോഴും ശോഭ മികച്ച പ്രകടനം കാഴ്ച്ചവച്ചിരുന്നതും കേന്ദ്രനേതൃത്വം ഇപ്പോൾ പരിഗണിക്കുന്നുണ്ട്. മഹാരാഷ്ട്രയിലും യു.പിയിലും കേന്ദ്ര നേതൃത്വത്തിൻ്റെ നിർദ്ദേശ പ്രകാരം ശോഭ സുരേന്ദ്രൻ നടത്തിയ പ്രചരണങ്ങളിലും വൻ ജനകൂട്ടത്തെ സ്വാധീനിക്കാൻ അവർക്ക് കഴിഞ്ഞിരുന്നു.

ബി.ജെ.പിയിൽ ഔദ്യോഗിക നേതൃത്വം തഴയുന്നതിൽ പ്രതിഷേധിച്ച് മാറി നിന്നിരുന്ന ശോഭ സുരേന്ദ്രൻ ലോകസഭ തിരഞ്ഞെടുപ്പിന് മുൻപാണ് വീണ്ടും ശക്തമായി കളം നിറഞ്ഞ് പ്രവർത്തിച്ചിരുന്നത്. ടി.ജി നന്ദകുമാർ ശോഭാ സുരേന്ദ്രനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിട്ടും മികച്ച പ്രകടനം ആലപ്പുഴയിൽ കാഴ്ചവയ്ക്കാൻ കഴിഞ്ഞത് രാഷ്ട്രീയ നിരീക്ഷകരെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

ശോഭ സുരേന്ദ്രന് ഏത് പദവി ബി.ജെ.പി കേന്ദ്ര നേതൃത്വം നൽകിയാലും അതിൻ്റെ പ്രതിഫലനം കേരളത്തിലെ ബി.ജെ.പി നേതൃത്വത്തിൽ ഉണ്ടാകും. ബി.ജെ.പിയിലെ ഗ്രൂപ്പ് സമവാക്യങ്ങളിലും മാറ്റമുണ്ടാകും. ഇത് തിരിച്ചറിഞ്ഞ് ശോഭ സുരേന്ദ്രൻ ഉന്നത പദവിയിൽ എത്താതിരിക്കാനുള്ള ചരട് വലികളും കേരളത്തിലെ പ്രമുഖ നേതാവിൻ്റെ നേതൃത്വത്തിൽ ഡൽഹിയിൽ നടക്കുന്നുണ്ട്. അത് പക്ഷേ ഇത്തവണ വിലപ്പോവാൻ സാധ്യതയില്ലന്നാണ് ലഭിക്കുന്ന സൂചന.

Top