യുദ്ധമറവില്‍ ചീന്തപ്പെടുന്ന സ്ത്രീശരീരങ്ങള്‍

യുദ്ധമറവില്‍ ചീന്തപ്പെടുന്ന സ്ത്രീശരീരങ്ങള്‍
യുദ്ധമറവില്‍ ചീന്തപ്പെടുന്ന സ്ത്രീശരീരങ്ങള്‍

ശ്ചിമേഷ്യയെ അശാന്തമാക്കി മുന്നേറുന്ന ഇസ്രയേൽ-ഹമാസ് പോരാട്ടത്തിന്റെ ‘ഏറ്റവും മോശമായ ഇരകൾ’ സ്ത്രീകളും കുട്ടികളുമാണ്. 2023 ഒക്ടോബർ ഏഴിന് ഇസ്രയേലിലെ നോവ മ്യൂസിക് ഫെസ്റ്റിവൽ സൈറ്റിന് സമീപത്തുണ്ടായ ആക്രമണത്തിൽ ഹമാസ് പോരാളികൾ തട്ടികൊണ്ടുപോയ ആളുകൾക്ക് നേരിടേണ്ടി വന്നത് ക്രൂരമായ പീഡനമായിരുന്നു. ഹമാസും മറ്റ് പലസ്തീൻ ഗ്രൂപ്പുകളും ആക്രമിക്കുകയും ബന്ദികളാക്കുകയും ചെയ്ത ഇസ്രയേൽ സ്ത്രീകളെ പിന്നീട് കണ്ടെത്തിയത് കൈകൾ പിന്നിൽ കെട്ടി തലയിൽ വെടിയേറ്റ നിലയിലാണ്. പലരുടെയും പൂർണ്ണ നഗ്നാവസ്ഥയിലുള്ള മൃതദേഹങ്ങൾ പലയിടങ്ങളിലായി ചിതറി കിടന്നിരുന്നു. ശാരീരികവും മാനസികവും ലൈംഗികവുമായ അതിക്രമങ്ങൾ അവർ നേരിടേണ്ടി വന്നതായാണ് ഐക്യരാഷ്ട്ര സംഘടന ചൂണ്ടിക്കാട്ടുന്നത്.

എന്നാൽ സാഹചര്യം രണ്ടിടത്തും സമാനമാണ്, ഇരകളും. ഓരോ തവണയും ശത്രുരാജ്യത്തോടുള്ള പോർ വിളിയിൽ ചവിട്ടിയരയ്ക്കപ്പെടുന്നത് ഓരോ സ്ത്രീയുടെയും മാറും മനസ്സുമാണ്. എന്തായിരുന്നു അവളുടെ പേര്? അവൾക്ക് വീട്ടിൽ കാത്തിരിക്കുന്ന ഒരു കുടുംബം ഉണ്ടായിരുന്നോ? അവർ ശ്രദ്ധിച്ചിരിക്കാൻ സാധ്യതയില്ല. അവരെ സംബന്ധിച്ചിടത്തോളം അവർ പകരം ചോദിക്കേണ്ട ശത്രുപക്ഷത്തെ ഇരകൾ മാത്രമായിരുന്നു. കൈകാലുകൾ ബന്ധിച്ചും, മർദിച്ചും നഗ്നയാക്കിയും കൂട്ടമായും ഇരുപക്ഷത്തേയും സൈനികർ അവളെ ഉപയോഗിച്ച ശേഷം വലിച്ചെറിഞ്ഞു. സ്ത്രീ ശരീരങ്ങളെ വിജയമാഘോഷിക്കാനുള്ള ഒരു വസ്തുവാക്കി അവർ മാറ്റി. സായുധ സേനകളുടെ ക്രൂര പീഡനങ്ങൾ എന്നിട്ടും അവസാനിച്ചില്ല.

പകരത്തിന് പകരമായി ഇരുപക്ഷവും നടത്തിയ ‘ധീര’ കൃത്യത്തിന്റെ ഇരകളാകുന്ന അവരെ നോക്കി തലകുനിച്ച് നിൽക്കാനേ ലോകത്തിനാകുന്നുള്ളൂ. ഒക്ടോബർ ഏഴിലെ ആക്രമണത്തിനിടെ പലസ്തീൻ സായുധ സംഘങ്ങൾ നടത്തിയ കുറ്റകൃത്യങ്ങൾ, ഹമാസിനെതിരായി ഇസ്രയേൽ സൈനികർ ചെയ്ത കുറ്റങ്ങൾ എന്നിങ്ങനെ രണ്ട് റിപ്പോർട്ടുകളാണ് യുഎൻ സമിതി തയ്യാറാക്കിയത്. സബ്ബത്ത് ആക്രമണത്തിന് ശേഷമുള്ള സംഭവങ്ങളെ കുറിച്ച് യുഎൻ തയ്യാറാക്കുന്ന ആഴത്തിലുള്ള ആദ്യത്തെ റിപ്പോർട്ടാണിത്.

ബോധപൂർവമുള്ള കൊലപാതകങ്ങൾ, മൃതദേഹങ്ങൾ വികൃതമാക്കുക, ശിരച്ഛേദം നടത്തുക, സാധാരണക്കാർക്കും അവരുടെ സ്വത്തുക്കൾക്കും നേരെയുള്ള ആക്രമണങ്ങൾ, ലൈംഗികാതിക്രമങ്ങൾ, പീഡനങ്ങൾ, മനുഷ്യത്വരഹിതമായ പെരുമാറ്റം, അനധികൃതമായി തടവിലാക്കൽ എന്നിങ്ങനെ നിരവധി കുറ്റങ്ങളാണ് ഇസ്രയേലിന് മേൽ ചുമത്തിയിരിക്കുന്നത്. പലസ്തീനികളായ പുരുഷന്മാർ, ആൺകുട്ടികൾ എന്നിവരെ വിവസ്ത്രരാക്കുകയും അവർക്ക് നേരെ ഇസ്രയേലി സൈന്യം നടത്തിയ ലൈംഗികാതിക്രമങ്ങളെ കുറിച്ചും റിപ്പോർട്ട് എടുത്ത് പറയുന്നുണ്ട്. അതിന്റെ ചിത്രങ്ങൾ സൈന്യം തന്നെ പരസ്യപ്പെടുത്തിയത് അപമാനിക്കാൻ ലക്ഷ്യമിട്ടായിരുന്നുവെന്നും റിപ്പോർട്ട് പറയുന്നു.

വിചാരണ കൂടാതെ തടവിലാക്കപ്പെട്ട പലസ്തീൻ തടവുകാരെ ദുരുപയോഗം ചെയ്യുന്നതിന്റെ വിശദാംശങ്ങൾ ഏപ്രിൽ അവസാനത്തിൽ ഇസ്രായേലി പത്രമായ ഹാരെറ്റ്സ് പ്രസിദ്ധീകരിച്ചിരുന്നു. നിരന്തരമായി അടിക്കൽ, തടവുകാരെ നായ്ക്കളെവെച്ച് ആക്രമിക്കൽ, ഇസ്രായേൽ പതാകയിൽ ചുംബിക്കാൻ നിർബന്ധിതരാക്കൽ, മുഹമ്മദ് നബിയെ ശപിക്കാൻ നിർബന്ധിതരാക്കൽ എന്നിവയടക്കം ഹാരെറ്റ്സ് റിപ്പോർട്ട് ചെയ്തു. 10 തടവുകാർ പങ്കിട്ട സെല്ലിലെ ടോയ്‌ലറ്റിലേക്കുൾപ്പെടെ വെള്ളം നിഷേധിക്കുക, വൈദ്യുതി വിതരണം തടസ്സപ്പെടുത്തുക, നഗ്നരാക്കി മർദിക്കൽ, വേണ്ടത്ര ഭക്ഷണം നൽകാതിരിക്കൽ തുടങ്ങിയ ക്രൂരതകൾ അതിലുണ്ടായിരുന്നു. വിവരണാതീതമായ ലൈംഗികാതിക്രമങ്ങളും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

ഇസ്രായേൽ സൈന്യം ഏകപക്ഷീയമായ അറസ്റ്റ്, നിർബന്ധിത തിരോധാനം, മനഃപൂർവം കൊല്ലൽ, ലൈംഗിക അതിക്രമം, ന്യായമായ വിചാരണ നിഷേധിക്കൽ തുടങ്ങിയ ക്രൂര കൃത്യങ്ങൾ പ്രവർത്തിക്കുന്നതായി നേരത്തെ പലസ്തീൻ തടവുകാരുടെ സാക്ഷ്യപത്രങ്ങൾ മനുഷ്യാവകാശ സംഘടനയായ യൂറോ-മെഡ് മോണിറ്റർ പുറത്തുവിട്ടിരുന്നു. ‘തടവുകാർക്ക് നിർണായകവും ജീവൻ രക്ഷിക്കുന്നതുമായ പരിചരണം ഉൾപ്പെടെ വൈദ്യസഹായവും ഭക്ഷണവും നിഷേധിക്കപ്പെട്ടു. തുപ്പുകയും മൂത്രമൊഴിക്കുകയും ചെയ്തു. മറ്റ് ക്രൂരവും നിന്ദ്യവുമായ പ്രവർത്തനങ്ങൾക്കും മാനസിക പീഡനത്തിനും വിധേയരായി. ബലാത്സംഗം, കൊല, അപമാനിക്കൽ, മറ്റ് ലൈംഗിക അതിക്രമങ്ങൾ എല്ലാം അരങ്ങേറിയെന്നും മനുഷ്യാവകാശ സംഘടന പുറത്തുവിട്ടു.

പലസ്തീനികൾക്ക് ഭക്ഷണം, വെള്ളം, പാർപ്പിടം, മരുന്ന് തുടങ്ങിയ അവശ്യ സാധനങ്ങൾ നൽകുന്നതിൽ ഇസ്രയേൽ പരാജയപ്പെട്ടുവെന്ന് മാത്രമല്ല അവ മറ്റുള്ളവർ വിതരണം ചെയ്യാൻ അനുവദിക്കാത്തത് ഇസ്രയേൽ പട്ടിണിയെ ആയുധമാക്കി മാറ്റിയതിന്റെ തെളിവാണെന്നും റിപ്പോർട്ടുകൾ പറയുന്നു. ഇസ്രായേൽ സൈനികരുടെ തടങ്കലിൽ കഴിയുന്ന പലസ്തീൻ സ്ത്രീകളും പെൺകുട്ടികളും ഒന്നിലധികം തരത്തിലുള്ള ലൈംഗികാതിക്രമങ്ങൾക്ക് വിധേയരായതിന്റെ കൂടുതൽ ദൃശ്യങ്ങളും സാക്ഷ്യങ്ങളും റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. ഇവരുടെ നഗ്നചിത്രങ്ങളും, ലൈംഗിക അതിക്രമത്തിന്റെ വീഡിയോകളും ഇസ്രായേൽ സൈന്യം തന്നെ പകർത്തി ഓൺലൈനിൽ അപ്ലോഡ് ചെയ്തതായാണ് യുഎൻ റിപ്പോർട്ട്. ഇസ്രയേൽ ജയിലുകളിൽ കഴിയുന്ന പലസ്തീനികളുടെ ചിത്രങ്ങളിലേക്ക് നോക്കുമ്പോൾ യു.എസിന്റെ കുപ്രസിദ്ധ തടങ്കൽ കേന്ദ്രങ്ങളിലെ പീഡനത്തിന്റെയും അധിക്ഷേപത്തിന്റെയും വ്യാപ്തി ദൃശ്യമാകും.

യുദ്ധഭൂമിയിൽ അനാഥരും നിസ്സഹായരും പീഡിപ്പിക്കപ്പെടുന്നവരുമായ സ്ത്രീകളുടെയും കുട്ടികളുടെയും കണക്കുകൾ ഏതൊരു മനുഷ്യസ്നേഹിയെയാണ് അസ്വസ്ഥമാക്കാത്തത്. ഇസ്രയേൽ-ഹമാസ് യുദ്ധത്തിൽ മരിച്ചുവീണത് നിരപരാധികളായ ആയിരക്കണക്കിന് പച്ചമനുഷ്യരാണ്.

Top