മാള: തൃശ്ശൂര്‍ മാള അഷ്ടമിച്ചിറയില്‍ വനിത ദന്തഡോക്ടറെ തെരുവ് നായ്ക്കള്‍ ആക്രമിച്ചു. അഷ്ടമിച്ചിറ സ്വദേശിയായ പാര്‍വതി ശ്രീജിത്താണ് തെരുവുനായ്ക്കളുടെ ക്രൂരമായ ആക്രമണത്തിന് ഇരയായത്. നായ്ക്കള്‍ വരുന്നത് കണ്ടു ഭയന്ന പാര്‍വതി പുറകോട്ട് വീഴുകയായിരുന്നു. വീണുകിടന്നിരുന്ന ഡോക്ടറെ മൂന്ന് നായ്ക്കള്‍ രണ്ടു തുടകളിലും കൈകളിലുമായി കടിക്കുകയായിരുന്നു. തെരുവുനായ ആക്രമണത്തില്‍ ഡോക്ടര്‍ക്ക് സാരമായ പരിക്കുകള്‍ പറ്റുകയും വീഴ്ചയില്‍ ഡോക്ടറുടെ കൈക്ക് ഒടിവും സംഭവിച്ചിട്ടുണ്ട്.
ഇന്നലെ ഉച്ചയ്ക്ക് ക്ലിനിക്കില്‍ നിന്നും ഇന്ത്യന്‍ ഓയില്‍ പമ്പിന്റെ പുറകുവശത്തുള്ള വീട്ടിലേക്ക് ഭക്ഷണം കഴിക്കാന്‍ വരുന്ന സമയത്താണ് നായ്ക്കള്‍ കൂട്ടം ചേര്‍ന്ന് പാര്‍വതിയെ ആക്രമിച്ചത്. പെട്രോള്‍ പമ്പിലെ സിസിടിവി ക്യാമറയിലാണ് ഞെട്ടിക്കുന്ന സംഭവം പതിഞ്ഞത്. തക്ക സമയത്ത് പമ്പിലെ ജീവനക്കാര്‍ വന്നതിനാല്‍ ആണ് തനിക്ക് ജീവന്‍ തിരിച്ചുകിട്ടിയെന്നാണ് ഡോക്ടര്‍ പ്രതികരിക്കുന്നത്.