CMDRF

‘അമ്മയില്‍’ കടുത്ത പോരാട്ടം; മത്സരിക്കുന്ന താരങ്ങൾ ഇവരൊക്കയൊ!

‘അമ്മയില്‍’ കടുത്ത പോരാട്ടം; മത്സരിക്കുന്ന താരങ്ങൾ ഇവരൊക്കയൊ!
‘അമ്മയില്‍’ കടുത്ത പോരാട്ടം; മത്സരിക്കുന്ന താരങ്ങൾ ഇവരൊക്കയൊ!

കൊച്ചി: മലയാള സിനിമയിലെ താരസംഘടന അമ്മയുടെ വാർഷിക പൊതുയോഗം ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രമാണ് അവശേഷിക്കുന്നത്. 3 വർഷത്തിലൊരിക്കലുള്ള തെരഞ്ഞെടുപ്പ് പൊതുയോഗമാണ് ഇന്ന് നടക്കുന്നത്. അതിനാല്‍ അദ്ധ്യക്ഷന്‍ ഒഴികെ പ്രധാന പദവികളിലേക്ക് പുതിയ ഭാരവാഹികള്‍ എത്തും. അതിനായി കടുത്ത മത്സരം നടന്നേക്കും എന്നാണ് വിവരം.

നിലവിലെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു ആ സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. 25 വര്‍ഷത്തോളം അമ്മയുടെ ഭാരവാഹിത്വത്തിലിരുന്ന ഇടവേള ബാബു ആ സ്ഥാനങ്ങളില്‍ നിന്നും പിന്‍വാങ്ങുകയാണ്. ഇതോടെ അമ്മയുടെ നിര്‍ണ്ണായക തീരുമാനങ്ങള്‍ എടുക്കുന്ന ഈ പോസ്റ്റിലേക്ക് കടുത്ത മത്സരമാണ് നടക്കുന്നത്.

സിദ്ദിഖ്, കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാൽ എന്നിവരാണ് മത്സര രംഗത്തുള്ളത്. ഇതില്‍ സിദ്ദിഖിനാണ് കൂടുതല്‍ സാധ്യത എന്നാണ് സിനിമ വൃത്തങ്ങള്‍ക്കിടയിലെ സൂചന. അദ്ധ്യക്ഷന്‍ മോഹന്‍ലാലുമായി വളരെ അടുത്ത ബന്ധമുള്ള സിദ്ദിഖ് സിനിമ താരങ്ങള്‍ക്കിടയില്‍ ഒരു പൊതു സ്വീകാര്യതയുള്ള വ്യക്തിയാണ്. കുക്കു പരമേശ്വരനും, ഉണ്ണി ശിവപാലും നേരത്തെയും അമ്മയുടെ ഭാരവാഹിത്വത്തില്‍ വന്നവരാണ്.

നിലവിലെ അദ്ധ്യക്ഷനായ മോഹന്‍ലാല്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ട്രഷറര്‍ സ്ഥാനത്തേക്ക് ഉണ്ണി മുകുന്ദനും എതിര് ഉണ്ടായിരുന്നില്ല. അതേ സമയം വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്കും കടുത്ത മത്സരം ഉണ്ടായേക്കും എന്നാണ് സൂചന ജഗദീഷും, ജയന്‍ ചേര്‍ത്തലയും മഞ്ജു പിള്ളയുമാണ് വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സര രംഗത്തുള്ളത്. ജോയിന്‍റ് സെക്രട്ടറി സ്ഥാനത്തേക്ക് അനൂപ് ചന്ദ്രനും ബാബുരാജും മത്സര രംഗത്തുണ്ട്.

എന്നാല്‍ എക്സിക്യൂട്ടീവ് കമ്മിറ്റി തെരഞ്ഞെടുപ്പിന് ശേഷം മത്സരം ഒഴിവാക്കാനുള്ള നീക്കുുപോക്കുകള്‍ മുതിര്‍ന്ന താരങ്ങള്‍ക്കിടയില്‍ ചര്‍ച്ചയാകും എന്നും സൂചനയുണ്ട്. അങ്ങനെയാണെങ്കില്‍ വൈസ് പ്രസിഡന്‍റ് സ്ഥാനത്ത് അടക്കം ഒത്തുതീര്‍പ്പിനുള്ള സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

അതേ സമയം അമ്മയുടെ കൈനീട്ടം പരിപാടി, ഭവന പദ്ധതി തുടങ്ങി ക്ഷേമപ്രവർത്തനങ്ങള്‍ക്കും, ഇൻഷുറൻസ് പദ്ധതിക്കും പണം കണ്ടെത്താനുള്ള വഴികളിലൂന്നിയാകും ജനറല്‍ ബോഡിയിലെ ചര്‍ച്ചകള്‍ നടക്കുക എന്നാണ് വിവരം.

Top