ബ്യൂണസ് അയേഴ്സ്: ലോകകപ്പ് യോഗ്യതാ മത്സരത്തിൽ കളം നിറഞ്ഞ് സൂപ്പർ താരം ലയണൽ മെസ്സി, ഹാട്രിക്കും രണ്ട് അസിസ്റ്റുമായി താരം മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. ബൊളീവിയക്കെതിരെ 6-0 നാണ് അർജന്‍റീന വിജയിച്ചത്.
മത്സരത്തിന്‍റെ 19, 84, 86 മിനിറ്റുകളിലായിരുന്നു മെസ്സിയുടെ ഗോളുകൾ. ലൗത്താറോ മാർട്ടിമെസ്, ജൂലിയൻ അൽവാരസ്, തിയാഗോ അൽമാഡ എന്നിവരും അർജന്‍റീനക്ക് വേണ്ടി ഗോളുകൾ നേടി.
അവസാന മത്സരത്തിൽ വെനസ്വേലയോട് 1-1ന് സമനില വഴങ്ങിയ അർജന്‍റീനക്ക് ജയം അനിവാര്യമായിരുന്നു. ലൗത്താറോ മാർട്ടിനെസിന്‍റെ അസിസ്റ്റിൽ നിന്ന് 19ാം മിനിറ്റിൽ മെസ്സി തന്നെയാണ് ഗോൾവേട്ടക്ക് തുടക്കമിട്ടു. 43ാം മിനിറ്റിൽ മാർട്ടിനെസും ഗോൾ നേടി.
Also Read: ഇന്ത്യ – ന്യൂസിലന്‍ഡ് ഒന്നാം ടെസ്റ്റിന്റെ ടോസ് വൈകുന്നു
ആദ്യ പകുതിയുടെ അധികസമയത്ത് ജൂലിയൻ അൽവാരസും വലകുലുക്കിയതോടെ അർജന്‍റീന മൂന്ന് ഗോളിന് മുന്നിലെത്തി. മൂന്നാംഗോളിന് പിന്നിലും മെസ്സിയുടെ അസിസ്റ്റായിരുന്നു. 69ാം മിനിറ്റിൽ തിയാഗോ അൽമാഡയുടെ ഗോൾ പിറന്നു. അർജന്‍റീന 4-0ന് മുന്നിൽ. അവസാന മിനുറ്റുകളിൽ കളംനിറഞ്ഞ മെസ്സി 84ാം മിനിറ്റിലും 86ാം മിനിറ്റിലും വലകുലുക്കി ഹാട്രിക് തികച്ചു.
ജയത്തോടെ ലാറ്റിനമേരിക്കൻ യോഗ്യതാ പട്ടികയിൽ ഒന്നാംസ്ഥാനത്ത് തുടരുകയാണ് അർജന്‍റീന. 10 മത്സരങ്ങളിൽ നിന്ന് 22 പോയിന്‍റാണുള്ളത്. നവംബർ 15ന് പരാഗ്വായുമായാണ് അർജന്‍റീനയുടെ അടുത്ത മത്സരം.