ന്യൂയോര്‍ക്ക്: മാധ്യമ മുതലാളി റൂപര്‍ട്ട് മര്‍ഡോക്ക് വിവാഹിതനായി. 93-ാം വയസ്സില്‍ അഞ്ചാം തവണയാണ് റൂപര്‍ട്ട് വിവാഹിതനാകുന്നത്. വിരമിച്ച മോളിക്യുലാര്‍ ബയോളജിസ്റ്റായ കാമുകി എലീന സുക്കോവയെയാണ് അദ്ദേഹം കല്യാണം കഴിച്ചത്. മര്‍ഡോക്കിന്റെ കാലിഫോര്‍ണിയയിലെ മുന്തിരിത്തോട്ടത്തിലും മൊറാഗ എസ്റ്റേറ്റിലുമായിരുന്നു വിവാഹ ചടങ്ങുകള്‍. ഇതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു. യുഎസ് ഫുട്‌ബോള്‍ ടീമായ ന്യൂ ഇംഗ്ലണ്ട് പാട്രിയറ്റ്‌സ് ഉടമ റോബര്‍ട്ട് ക്രാഫ്റ്റും ഭാര്യ ഡാന ബ്ലംബെര്‍ഗും ഉള്‍പ്പെടെയുള്ള പ്രമുഖര്‍ വിവാഹത്തില്‍ പങ്കെടുത്തു. ഇരുവരും ഡേറ്റിങ്ങിലാണെന്ന വാര്‍ത്ത നേരത്തെ പുറത്തുവന്നിരുന്നു.
1956-ല്‍ ഓസ്ട്രേലിയന്‍ ഫ്‌ലൈറ്റ് അറ്റന്‍ഡന്റായ പട്രീഷ്യ ബുക്കറുമായായിരുന്നു റൂപര്‍ട്ട് മര്‍ഡോക്കിന്റെ ആദ്യ വിവാഹം കഴിച്ചത്. 1960-ല്‍ ഇരുവരും വിവാഹമോചിതരായി. പിന്നീട് മാധ്യമപ്രവര്‍ത്തകയായ അന്ന ടൊര്‍വിനെ വിവാഹം കഴിച്ചു. 1999-ല്‍ വിവാഹമോചനം നേടി. പിന്നീട് വെന്‍ഡി ഡെംഗിനെ വിവാഹം കഴിച്ചു. 2013-ല്‍ ഇവരുമായും വേര്‍ പിരിഞ്ഞു. 2016-ല്‍ മോഡല്‍ ജെറി ഹാളിനെയാണ് വിവാഹം കഴിച്ചത്. 2021-ല്‍ ഈ ബന്ധവും വേര്‍പിരിഞ്ഞു. മര്‍ഡോക്കിന് ആറ് മക്കളുണ്ട്. ഓസ്ട്രേലിയന്‍ വംശജനായ മര്‍ഡോക്കിന്റേതാണ് ദി വാള്‍ സ്ട്രീറ്റ് ജേണല്‍, ഫോക്സ് ന്യൂസ് തുടങ്ങിയവ. ഫോര്‍ബ്സ് പ്രകാരം മര്‍ഡോക്കിന് 20 ബില്യണ്‍ ഡോളറിലധികം ആസ്തിയുണ്ട്.