ബഹ്റൈച്ച്: ഉത്തര്‍പ്രദേശ് ബഹ്റൈച്ചിലെ ജനങ്ങളുടെ ഉറക്കം കെടുത്തിയിരുന്ന ചെന്നായയില്‍ അഞ്ചാമത്തെ ചെന്നായയെ അധികൃതര്‍ പിടികൂടി. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് അഞ്ചാമത്തെ ചെന്നായ പിടിയിലായത്. പെണ്‍ ചെന്നായയെ ആണ് പിടികൂടിയതെന്നാണ് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ അജീത് പ്രതാപ് സിംഗ് സ്ഥിരീകരിച്ചത്. ശേഷിച്ചവയെ പിടികൂടാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നതായും അജീത് പ്രതാപ് സിംഗ് വിശദമാക്കി.
ദിവസങ്ങള്‍ നീണ്ട ശ്രമത്തിനൊടുവിലാണ് ഇവിടെ നിന്ന് അഞ്ച് ചെന്നായകളെ പിടികൂടാനായത്. കൂട്ടിലായ ചെന്നായകളെ മറ്റിടങ്ങളില്‍ പുനരധിവസിപ്പിക്കുമെന്നാണ് അധികൃതര്‍ വിശദമാക്കുന്നത്. വനം വകുപ്പ് അധികൃതര്‍ ആറാമത്തെ ചെന്നായയ്ക്കായുള്ള തെരച്ചില്‍ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.
Also Read: കാട്ടാനയെ പേടിച്ച് സമീപത്തെ കെട്ടിടത്തിൽ ഉറങ്ങിയ 3 കുട്ടികൾ പാമ്പ് കടിയേറ്റ് മരിച്ചു
നാഥുവാപൂരില്‍ നിന്ന് ആടിനെ ചെന്നായ പിടിച്ചുകൊണ്ട് പോയെന്ന വിവരത്തിന് പിന്നാലെയാണ് കാല്‍പാടുകള്‍ കണ്ടെത്തി വനംവകുപ്പ് വലയൊരുക്കിയത്. നേരത്തെ ഡ്രോണുകളുടെ സഹായത്തോടെ ചെന്നായകളെ കുടുക്കാന്‍ വനംവകുപ്പിന് സാധിച്ചിരുന്നു. എന്നാല്‍ സ്മാര്‍ട്ടായ ചെന്നായകള്‍ ഡ്രോണുകളുപയോഗിച്ചുള്ള കുരുക്കില്‍ പെടാതെ രക്ഷപ്പെടാന്‍ തുടങ്ങിയതോടെ വനംവകുപ്പ് ട്രാക്കിംഗില്‍ മാറ്റം വരുത്തുകയായിരുന്നു. നേരത്തെ ഡ്രോണുകളെ ഉപയോഗിച്ച് ചെന്നായ ഒളിച്ചിരിക്കുന്ന ഇടം കണ്ടെത്തി കെണി തയ്യാറാക്കുന്നതായിരുന്നു രീതി.
എന്നാല്‍ ഡ്രോണ്‍ കാണുമ്പോഴേ ചെന്നായ സ്ഥലം മാറാന്‍ തുടങ്ങിയതോടെ വനം വകുപ്പിനും സ്ട്രാറ്റജി മാറ്റേണ്ടി വന്നത്. കാണാന്‍ ഒരു പോലെ ആണെങ്കിലും കുറുനരിയും ചെന്നായയും പെരുമാറ്റത്തില്‍ തികച്ചും വ്യത്യസ്തരാണ്. ജനവാസ മേഖലയിലേക്കെത്തിയ ചെന്നായ ആക്രമണത്തില്‍ 8 പേര്‍ കൊല്ലപ്പെടുകയും 20 ല്‍ അധികം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിന് പിന്നാലെയാണ് കഴിഞ്ഞ ആഴ്ച ‘ഓപ്പറേഷന്‍ ബേഡിയ’ ആരംഭിച്ചത്.