CMDRF

ഭൂമിയും ചന്ദ്രനും തമ്മിൽ പോരോ! ചന്ദ്രൻ അകന്നുപോകുന്നുവെന്ന് പഠനം, ഒരു ദിവസം 25 മണിക്കൂറായി ഉയരും

ഭൂമിയും ചന്ദ്രനും തമ്മിൽ പോരോ! ചന്ദ്രൻ അകന്നുപോകുന്നുവെന്ന് പഠനം, ഒരു ദിവസം 25 മണിക്കൂറായി ഉയരും
ഭൂമിയും ചന്ദ്രനും തമ്മിൽ പോരോ! ചന്ദ്രൻ അകന്നുപോകുന്നുവെന്ന് പഠനം, ഒരു ദിവസം 25 മണിക്കൂറായി ഉയരും

ലണ്ടൻ: ഒരു ദിവസം പൂർത്തിയാകാൻ 25 മണിക്കൂർ വേണ്ടിവരുമെന്ന് കരുതുന്നുണ്ടോ? എന്നാൽ അതിന് സാധ്യതയുണ്ടെന്നാണ് ഒരുകൂട്ടം ഗവേഷകർ ഇപ്പോൾ പറയുന്നത്. ഭൂമിയും ചന്ദ്രനും തമ്മിലുള്ള അകലവും സ്വാധീനവും സംബന്ധിച്ചും നിരവധി പഠനങ്ങളും യാർഥാർഥ്യങ്ങളും നമുക്ക് അറിയാമെങ്കിലും പുതിയ റിപ്പോർട്ട് പ്രകാരം ചന്ദ്രൻ ഭൂമിയിൽ നിന്ന് അകന്നുപോകുകയാണെന്ന വസ്തുതയാണ് പുറത്തുവരുന്നത്.

ചന്ദ്രൻ ഭൂമിയിൽ നിന്നും പ്രതിവർഷം ഏകദേശം 3.8 സെൻ്റീമീറ്റർ എന്ന തോതിൽ അകലുകയാണെന്നാണ് വിസ്കോൺസിൻ – മാഡിസൺ സർവകലാശാലയിലെ ഒരു കൂട്ടം ഗവേഷകർ വിശദീകരിക്കുന്നത്. ഇത് ഒരു ദീർഘകാല പ്രത്യാഘാതങ്ങൾക്ക് കാരണമാകുന്ന പ്രതിഭാസമാണെന്നാണ് ഗവേഷകർ പറയുന്നത്. ഇത്തരമൊരു സാഹചര്യം ഭൂമിയിലെ ഒരു ദിവസമായ 24 മണിക്കൂർ എന്നത് 25 മണിക്കൂറായി ഉയരാൻ കാരണമാകുമെന്നാണ് പറയുന്നത്. അതേസമയം പ്രതിവർഷം ഏകദേശം 3.8 സെൻ്റീമീറ്റർ എന്ന തോതിൽ ചന്ദ്രൻ ഭൂമിയിൽ നിന്ന് അകലുന്നതിൻ്റെ ഭാഗമായാണ് ഒരു ദിവസം 25 മണിക്കൂറായി ഉയരുക. 200 ദശലക്ഷം വർഷത്തിനുള്ളിൽ ഇത് സംഭവിക്കാമെന്നാണ് ഗവേഷകർ അഭിപ്രായപ്പെടുന്നത്.

എന്നാൽ 1.4 ബില്യൺ വർഷങ്ങൾക്ക് മുൻപ് ഒരു ദിവസത്തിന് വേണ്ടിയിരുന്നത് വെറും 18 മണിക്കൂറായിരുന്നുവെന്ന് ഗവേഷകർ പറയുന്നുണ്ട്. ഭൂമിയും ചന്ദ്രനും തമ്മിലുള്ള ഗുരുത്വാകർഷണത്തിൻ്റെ ഫലമായാണ് ഇത്തരമൊരു സാഹചര്യമുണ്ടാകുന്നത്. “ചന്ദ്രൻ അകന്നുപോകുമ്പോൾ ഭൂമിയുടെ വേഗത കുറയുമെന്നാണ് വിസ്കോൺസിൻ – മാഡിസൺ സർവകലാശാലയിലെ ജിയോസയൻസ് പ്രൊഫസറായ സ്റ്റീഫൻ മെയേഴ്‌സ് പഠനത്തിലൂടെ വ്യക്തമാക്കുന്നത്. അതോടൊപ്പം ശതകോടിക്കണക്കിന് വർഷം പഴക്കമുള്ള വിവരങ്ങൾ പഠിക്കുകയാണെന്നും മേയേഴ്സ് കൂട്ടിച്ചേർത്തു.

ചന്ദ്രൻ ഭൂമിയിൽ നിന്ന് അകന്നുപോകുന്നതിൻ്റെ പാതയിലാണെന്നാണ് ഇപ്പോൾ ഗവേഷകർ വ്യക്തമാക്കുന്നത്. ചന്ദ്രൻ ഭൂമിയിൽ നിന്ന് അകന്നുപോകുകയാണെന്ന വാദങ്ങളും ആദ്യമായിട്ടല്ല പുറത്തുവരുന്നത്. പതിറ്റാണ്ടുകളായി ഈ വിഷയത്തിൽ വിവിധ തരത്തിലുള്ള ഗവേഷണ റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. എന്നാൽ ഭൂമിശാസ്ത്രപരമായ വിഷയത്തിൽ ആഴത്തിലുള്ള പഠനവും വിവരങ്ങളുമാണ് വിസ്കോൺസിൻ-മാഡിസൺ സർവകലാശാല ഇപ്പോൾ പുറത്തുവിടുന്നത്. കോടിക്കണക്കിന് വർഷങ്ങളായി ഭൂമിയും ചന്ദ്രനും തമ്മിലുള്ള അകലവും സ്വാധീനവും പഠനത്തിൻ്റെ ഭാഗമായി നിരീക്ഷിച്ചു.

ഗവേഷകർ പുതിയ പഠന വിവരങ്ങൾ പങ്കുവെക്കുന്നത് ശാസ്ത്രീയ നിരീക്ഷണത്തിലും വിശകലനത്തിലും വേരൂന്നിയാണ് .നിലവിൽ പുതിയ കണ്ടെത്തൽ സംബന്ധിച്ച് നിരവധി ചോദ്യങ്ങൾ ഉയരുന്നുണ്ട്. അതേസമയം ചന്ദ്രൻ വേഗതയിൽ ഭമിയിൽ നിന്ന് അകന്നുപോകുന്നത് തുടർന്നാൽ പ്രത്യാഘാതങ്ങൾ സംഭവിക്കേണ്ട സമയം അതിക്രമിച്ചുവെന്ന വാദവുമുണ്ട്. ലോകത്ത്‌ പുരാതന കാലം മുതൽക്കുതന്നെ സമയം അളക്കുന്നതിന് ചന്ദ്രനെ ഉപയോഗിച്ചിരുന്നു.

Top