‘വനംവകുപ്പിനെ കൊണ്ട് പൊറുതിമുട്ടി’; പീരുമേട് എംഎല്‍എ വാഴൂര്‍ സോമന്‍

‘വനംവകുപ്പിനെ കൊണ്ട് പൊറുതിമുട്ടി’; പീരുമേട് എംഎല്‍എ വാഴൂര്‍ സോമന്‍
‘വനംവകുപ്പിനെ കൊണ്ട് പൊറുതിമുട്ടി’; പീരുമേട് എംഎല്‍എ വാഴൂര്‍ സോമന്‍

ഇടുക്കി: വന്യമൃഗങ്ങളെ കൊണ്ടും, വനം വകുപ്പ് ഉദ്യോഗസ്ഥരെ കൊണ്ടും രക്ഷയില്ലാത്ത അവസ്ഥയാണെന്നും ജനങ്ങള്‍ പൊറുതിമുട്ടിയെന്നും ആരോപിച്ച് പീരുമേട് എംഎല്‍എ വാഴൂര്‍ സോമന്‍. വനംവകുപ്പിലെ ഉദ്യോഗസ്ഥരുടെ പണി എന്താണെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ ഗൗരവമായി പരിശോധിക്കണമെന്നും വാഴൂര്‍ സോമന്‍ ആവശ്യപ്പെട്ടു. മുല്ലപ്പെരിയാര്‍ പൊലീസ് സ്റ്റേഷനില്‍ അഞ്ചേക്കര്‍ സ്ഥലം അനുവദിച്ചത് സംബന്ധിച്ചും അദ്ദേഹം പ്രതികരിച്ചു. കെട്ടിടം പണി ആരംഭിച്ചപ്പോള്‍ സ്റ്റോപ്പ് മെമ്മോ കൊടുത്തു. കോടികള്‍ മുടക്കി കെടിഡിസി കെട്ടിടം പണിഞ്ഞപ്പോള്‍ ഇതേ കാര്യം പറഞ്ഞ് അതും മുടക്കി. ഇങ്ങനെ പോയാല്‍ എവിടെ ചെന്ന് നില്‍ക്കുമെന്നും എംഎല്‍എ ചോദിച്ചു.1916-ല്‍ റവന്യൂ ഭൂമിയായിരുന്ന മൗണ്ട് സത്രം പ്രദേശത്ത് എയര്‍ സ്ട്രിപ്പ് പണിയാന്‍ അനുമതി കിട്ടി. 1917-ല്‍ വനമായി പ്രഖ്യാപിച്ചു. ഇപ്പോള്‍ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തുകയാണ്. രേഖകള്‍ ചോദിച്ചാല്‍ ഇല്ലെന്നാണ് മറുപടി. ആയിരം കുട്ടികളെ പരിശീലിപ്പിക്കാനുള്ള പദ്ധതിക്കാണ് വനം വകുപ്പ് തുരങ്കം വച്ചത്. പാവങ്ങള്‍ക്ക് ഭൂമി അനുവദിച്ചപ്പോള്‍ അതില്‍ കയറാന്‍ ഉദ്യോഗസ്ഥര്‍ സമ്മതിക്കുന്നില്ല. ജനങ്ങളുടെ കയ്യില്‍ രേഖയുണ്ട്. എന്നാല്‍ വനം വകുപ്പിന്റെ കയ്യില്‍ രേഖയില്ല. ദയവുചെയ്ത് മന്ത്രി ഗൗരവമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പാഞ്ചാലിമേട്ടില്‍ ടൂറിസം വകുപ്പ് നടപ്പാക്കുന്ന പദ്ധതി 90% പൂര്‍ത്തിയായി. അവിടെയും സ്റ്റോപ്പ് മെമോയുമായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വന്നു. വന്യമൃഗങ്ങള്‍ താലൂക്ക് ഓഫീസ് പരിസരത്തും കോടതി പരിസരത്തും ചുറ്റിക്കറങ്ങുകയാണ്. അതിനെ ഒന്നോടിച്ചു വിടാന്‍ ഉദ്യോഗസ്ഥര്‍ക്ക് സമയമില്ല. എവിടെയെല്ലാം റവന്യൂ ഭൂമി തരിശ് കിടക്കുന്നുണ്ട്. അത് നോട്ടിഫിക്കേഷന്‍ ചെയ്ത് വനമാക്കുന്ന പണിയാണ് ഉദ്യോഗസ്ഥര്‍ ചെയ്യുന്നത്. തുറന്നു പറയാതെ തരമില്ല. പരിഹാരം കണ്ടെത്തിയേ പറ്റൂ. സഹികെട്ടതുകൊണ്ടാണ് ഇത്രയും തുറന്നുപറഞ്ഞത്. വനം, ഇടുക്കിയിലും ഡിഎഫ്ഒ ഓഫീസ്, കോട്ടയത്തുമാണ്. തലതിരിഞ്ഞ പരിപാടികളാണ് നടക്കുന്നത്. മന്ത്രിയെ വിശ്വസിച്ച് അപകടം പറ്റിയ ആള്‍ക്ക് സഹായം നല്‍കാമെന്ന് താന്‍ വാഗ്ദാനം നല്‍കിയെന്നും ഒരു ലക്ഷം രൂപ മാത്രമാണ് നല്‍കിയതെന്നും വാഴൂര്‍ സോമന്‍ ആരോപിച്ചു. ജനപ്രതിനിധിയായ താന്‍ നല്‍കിയ വാക്കിന് വല്ല വിലയും കല്‍പ്പിക്കുന്നോ എന്ന് ഗൗരവമായി ചിന്തിക്കണമെന്നും വാഴൂര്‍ സോമന്‍ കൂട്ടിച്ചേര്‍ത്തു.

Top