CMDRF

ചിത്രം എൽ 360 റിലീസ് അടുത്തവർഷം

ചിത്രം എൽ 360 റിലീസ് അടുത്തവർഷം
ചിത്രം എൽ 360 റിലീസ് അടുത്തവർഷം

മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ‘എൽ 360’യിൽ വലിയ പ്രതീക്ഷയാണ് പ്രേക്ഷകർക്ക്. സിനിമയുടെ ഉള്ളടക്കവുമായി ബന്ധപ്പെട്ട് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല എങ്കിലും സാധാരണക്കാരനായ ഒരു കഥാപാത്രമായാണ് മോഹൻലാൽ എത്തുന്നത് എന്ന സൂചന ഇതിനോടകം തന്നെ പുറത്തുവന്നിരുന്നു. അതിനാൽ തന്നെ സിനിമയുടെ റിലീസിനായി സിനിമാപ്രേമികൾ കാത്തിരിക്കുകയുമാണ്. എന്നാൽ ആ കാത്തിരിപ്പ് അടുത്ത വർഷം വരെ നീണ്ടേക്കുമെന്ന റിപ്പോർട്ടുകളാണ് വരുന്നത്.

എൽ 360യുടെ റിലീസ് 2025ലേക്ക് മാറ്റിയതായാണ് ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നത്. മോഹൻലാലിന്റെ സംവിധാന സംരംഭമായ ബറോസിന്റെ റിലീസ് നീട്ടിയ സാഹചര്യത്തിലാണ് എൽ 360 അണിയറപ്രവർത്തകരുടെ പുതിയ തീരുമാനം എന്നാണ് സൂചന. ഈ വർഷം സെപ്റ്റംബറിലായിരുന്നു ബറോസിന്റെ റിലീസ് തീരുമാനിച്ചിരുന്നത്. എന്നാൽ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയാകാത്ത സാഹചര്യത്തിൽ സിനിമയുടെ റിലീസ് ഒക്ടോബറിലേക്ക് മാറ്റിയതായാണ് റിപ്പോർട്ട്. ബറോസ് റിലീസ് ചെയ്ത ശേഷം ഒരു ചെറിയ ഇടവേളയ്ക്കപ്പുറം മതി എൽ 360യുടെ റിലീസ് എന്നാണ് അണിയറപ്രവർത്തകരുടെ തീരുമാനം.

ഈ സാഹചര്യത്തിലാണ് സിനിമയുടെ റിലീസ് അടുത്ത വർഷം 2025 ജനുവരിയിലേക്ക് മാറ്റിയത്. ഇതോടെ എൽ 360 പുതുവർഷത്തിലെ മോഹൻലാലിന്റെ ആദ്യ റിലീസായി മാറും. അതോടൊപ്പം ഇരുസിനിമകളുടെയും ബോക്സ്ഓഫീസ് കളക്ഷനും ഈ തീരുമാനം ഗുണം ചെയ്യുമെന്നാണ് അനലിസ്റ്റുകളുടെ നിഗമനം.

മോഹൻലാലിന്റെ 360-ാമത്തെ ചിത്രമാണിത്. പത്തനംതിട്ട ജില്ലയിലെ റാന്നിയിലെ ഒരു സാധാരണക്കാരനായ ടാക്സി ഡ്രൈവറിന്‍റെ കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. സാധാരണ മനുഷ്യരുടേയും അവരുടെ ജീവിതത്തേയും പ്രധാനമായും ഫോക്കസ് ചെയ്യുന്ന ഒരു ചിത്രമായിരിക്കുമെന്നാണ് സൂചന. വലിയ ഇടവേളക്കു ശേഷമാണ് ഇത്തരമൊരു റിയലിസ്റ്റിക്ക് കഥാപാത്രത്തെ മോഹൻലാൽ അവതരിപ്പിക്കുന്നത്.

മലയാളത്തിന്റെ എവര്‍ഗ്രീന്‍ കോംബോയായ മോഹൻലാലും ശോഭനയും 20 വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന ചിത്രം കൂടിയാണ് എൽ 360. 2004 ൽ ജോഷി സംവിധാനം ചെയ്ത മാമ്പഴക്കാലത്തിലാണ് ഇരുവരും അവസാനമായി ജോഡികളായത്. 2009 ൽ റിലീസ് ചെയ്ത സാഗർ ഏലിയാസ് ജാക്കി എന്ന ചിത്രത്തിൽ ഇരുവരും ഒരുമിച്ചഭിനയിച്ചിരുന്നു.

ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് തരുണും കെ ആർ സുനിലും ചേ‌‍‍ർന്നാണ്. നിരവധി അന്താരാഷ്ട്ര ആർട്ട് ഫെസ്റ്റിവലുകളിൽ ഫോട്ടോഗ്രാഫിക് ഷോ അവതരിപ്പിച്ച ആർട്ടിസ്റ്റായ കെ ആർ സുനിൽ പ്രമുഖ ദിനപത്രങ്ങളിലും ആനുകാലികങ്ങളിലും എഴുതാറുമുണ്ട്.

Top