തീവ്രപരിചരണ വിഭാഗത്തിലെ ഷൂട്ടിങ്ങ്; വിശദീകരണം തേടി മന്ത്രി; സിനിമ ചിത്രീകരണം നിര്‍ത്തി

തീവ്രപരിചരണ വിഭാഗത്തിലെ ഷൂട്ടിങ്ങ്; വിശദീകരണം തേടി മന്ത്രി; സിനിമ ചിത്രീകരണം നിര്‍ത്തി

കൊച്ചി: അങ്കമാലി താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ സിനിമ ഷൂട്ട് ചെയ്ത സംഭവത്തില്‍ വിശദീകരണം തേടി വീണാ ജോര്‍ജ്. ആരോഗ്യവകുപ്പ് ഡയറക്ടറോടാണ് വിശദീകരണം തേടിയത്. അതിനിടെ സംഭവം വിവാദമായതിനെ തുടര്‍ന്ന് ഷൂട്ടിങ് നിര്‍ത്തിവച്ചു.

ഇന്നലെയും ഇന്നും സിനിമ ഷൂട്ട് ചെയ്യാനായി ആരോഗ്യവകുപ്പ് ഡയറക്ടറാണ് അനുമതി നല്‍കിയിരുന്നത്. പണമടച്ച് അനുമതി വാങ്ങിയാണ് ഷൂട്ടിങ് നടത്തിയതെന്നാണ് സിനിമാ നിര്‍മാതാക്കളുടെ സംഘടന പറയുന്നത്. രണ്ടു ദിവസത്തെ ഷൂട്ടിങ്ങിന് പ്രതിദിനം 10,000 രൂപ വച്ചാണ് അടച്ചത്. ആശുപത്രി പ്രവര്‍ത്തനം തടസപ്പെടുത്തുകയോ രോഗികളെ ശല്യപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.

മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഷൂട്ടിങ്ങിന് അനുമതി നല്‍കിയതെന്ന് താലൂക്കാശുപത്രി സൂപ്രണ്ട് പ്രതികരിച്ചിരുന്നു. രോഗികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാന്‍ പ്രത്യേകം നിര്‍ദേശം നല്‍കിയിരുന്നുവെന്ന് സൂപ്രണ്ട് പറഞ്ഞു.

സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയ കേസെടുത്തിരുന്നു. സിനിമ ചിത്രീകരിക്കാന്‍ അനുമതി നല്‍കിയവര്‍ 7 ദിവസത്തിനകം വിശദീകരണം സമര്‍പ്പിക്കണമെന്നാണ് മനുഷ്യാവകാശ കമ്മിഷന്‍ അംഗം വി കെ ബീനാകുമാരി ആവശ്യപ്പെട്ടത്.

Top