പാരീസ്: ഫ്രാന്‍സിനെ ഞെട്ടിച്ച കൂട്ടബലാത്സംഗ കേസിന്റെ വിചാരണ അവസാന ഘട്ടത്തിലേക്ക്. ഇരുവിഭാഗവും അവരുടെ ക്ലോസിങ് സ്‌റ്റേറ്റ്‌മെന്റുകള്‍ ജൂറിക്ക് മുന്നില്‍ അവതരിപ്പിച്ച ശേഷം ഡിസംബര്‍ 20 ന് കേസില്‍ വിധി പറയും. കേസിലെ പ്രധാനപ്രതിയായ ഡൊമിനിക് പെലിക്കോട്ട് എന്നയാള്‍ തന്റെ ഭാര്യയെ മയക്കി ബന്ദിയാക്കി 72ഓളം പേർക്ക് ബലാത്സംഗം ചെയ്യാന്‍ വിട്ടുകൊടുത്തുവെന്നാണ് കേസ്. ഡൊമിനിക്കും മറ്റ് 50 പേരുമാണ് പ്രതികള്‍.
ഡൊമിനിക്കിന്റെ ഭാര്യ വിചാരണക്കിടെ തന്റെ മുഖം വെളിപ്പെടുത്തിയതും വിചാരണയില്‍ മാധ്യമങ്ങളെ പ്രവേശിപ്പിച്ചതും കാരണം ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെട്ട കേസായിരുന്നു ഇത്. ഫ്രാന്‍സിലെ മാളില്‍ നിന്ന് സ്ത്രീകളുടെ ചിത്രമെടുക്കാന്‍ ശ്രമിച്ചതിന് 71-കാരനായ ഡൊമിനിക്ക് പിടിയിലായതിന് പിന്നാലെയുണ്ടായ അന്വേഷണത്തിലാണ് രാജ്യത്തെയൊന്നാകെ ഞെട്ടിച്ച ഈ സംഭവം പുറംലോകമറിയുന്നത്.
Also Read: പരീക്ഷയിൽ തോറ്റതിന്റെ കലി തീർത്തത് 8 പേരെ കൊലപ്പെടുത്തി
ഭാര്യയെ മയക്കുമരുന്ന് കുത്തിവെച്ച് ബോധരഹിതയാക്കിയാണ് പ്രതി മറ്റുള്ളവര്‍ക്ക് ബലാത്സംഗം ചെയ്യാനുള്ള സാഹചര്യം ഒരുക്കുന്നത്. 72-ഓളം പേര്‍ ഇത്തരത്തില്‍ ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. അതില്‍ 51-പേരെയാണ് തിരിച്ചറിയാന്‍ സാധിച്ചത്. ഓണ്‍ലൈനിലൂടെയാണ് പ്രതി തന്റെ ഭാര്യയെ ബലാത്സംഗം ചെയ്യാനുള്ള പുരുഷന്‍മാരെ കണ്ടെത്തിയിരുന്നത്. ഇവര്‍ ബലാത്സംഗം ചെയ്യുന്ന വീഡിയോകളും ഡൊമിനിക്ക് ചിത്രീകരിച്ച് സൂക്ഷിച്ചിരുന്നു.
പത്ത് വര്‍ഷത്തോളമായി പ്രതി ഇത് തുടരുകയായിരുന്നു. മറ്റുള്ളവരോടൊപ്പം ചേര്‍ന്ന് ഡൊമിനിക്കും ഭാര്യയെ ബലാത്സംഗം ചെയ്യാറുണ്ട്. ഇതിന്റെ വീഡിയോകള്‍ പുതിയ ആളുകളെ കാണിച്ചാണ് ഇയാള്‍ കൂടുതല്‍ പേരെ ഇതിലേക്ക് ആകര്‍ഷിച്ചിരുന്നതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. ഭാര്യയെ ബലാത്സംഗം ചെയ്യുന്നതിന് ആളുകളെ കണ്ടെത്തുന്നതിനായി ഉപയോഗിച്ചുവന്ന വെബ്സൈറ്റും ബന്ധപ്പെട്ട ചാറ്റുകളും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
Also Read: സൈബർ തട്ടിപ്പ്; അഭിഭാഷകയെ വീഡിയോ കോളിൽ നഗ്നയാക്കി, അൻപതിനായിരം രൂപ തട്ടി
26-മുതല്‍ 74-വയസുവരെയുള്ളവര്‍ പ്രതിപ്പട്ടികയിലുണ്ട്. എന്നാള്‍ തങ്ങള്‍ നിരപരാധികളാണെന്നാണ് ഇതില്‍ വലിയൊരു വിഭാഗം പ്രതികളുടെയും വാദം. പ്രതി ഭാര്യയെ മയക്കുമരുന്ന് കുത്തിവെച്ചകാര്യം തങ്ങള്‍ക്ക് അറിവില്ലായിരുന്നുവെന്നും ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധമാണെന്നാണ് കരുതിയിരുന്നതെന്നും ഇവര്‍ കോടതിയില്‍ വാദിച്ചു. ഫ്രാന്‍സിലെ നീതിന്യായ സംവിധാനത്തിന്റെ കാര്യക്ഷമതയെ കുറിച്ചുള്ള വലിയ ചര്‍ച്ചകള്‍ക്കും ഈ കേസ് കാരണമായിട്ടുണ്ട്.