ദില്ലി: കൊലപാതകക്കേസില്‍ ഒളിവില്‍ പോയ പ്രതിയെ 16 വര്‍ഷത്തിന് ശേഷം പിടികൂടി പൊലീസ്. 16 വര്‍ഷത്തോളം ഒളിവില്‍ പോയ കുപ്രസിദ്ധ കുറ്റവാളിയെയാണ് ദില്ലി പൊലീസ് അറസ്റ്റ് ചെയ്തത്. ദില്ലി പൊലീസിന്റെ ക്രൈം ബ്രാഞ്ച് വിഭാഗമാണ് ദേവേന്ദ്രര്‍ എന്നയാളെ ചൊവ്വാഴ്ച അറസ്റ്റ് ചെയ്തത്. 2008ല്‍ സുഹൃത്തിന്റെ അയല്‍വാസിയുമായുള്ള തര്‍ക്കത്തിനിടെ മുന്ന എന്നയാളെ കല്ലെറിഞ്ഞ് കൊന്നശേഷമാണ് ഇയാള്‍ ഒളിവില്‍ പോയത്. ഇതിന് ശേഷം വര്‍ഷങ്ങളോളം ഇയാള്‍ ഈ സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങി എത്തിയിരുന്നില്ല.
ഉത്തര്‍ പ്രദേശിലെ മഹോബയിലെ കടല പാടങ്ങളില്‍ തൊഴിലാളിയായി ജോലിയെടുക്കുകയായിരുന്നു ഇയാളെന്ന Uരഹസ്യ വിവരം അടുത്തിടെയാണ് പൊലീസിന് ലഭിച്ചത്. ഇതോടെ കടല വ്യാപാരിയുടെ വേഷത്തില്‍ പൊലീസ് ഇവിടെ എത്തുകയായിരുന്നു. ഉത്തര്‍ പ്രദേശ് മധ്യപ്രദേശ് അതിര്‍ത്തിയില്‍ നിന്നാണ് ലോക്കല്‍ പൊലീസിന്റെ സഹായത്തോടെ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. എന്നാല്‍ ഏറെക്കാലമായി കുടുംബത്തെ ശല്യം ചെയ്തയാളെയാണ് കൊലപ്പെടുത്തിയതെന്നാണ് ഇയാള്‍ പൊലീസിനോട് വിശദമാക്കുന്നത്. മുന്ന വര്‍ഷങ്ങളായി തന്റെ പിതാവിനെ അടക്കം ശല്യം ചെയ്തിരുന്നതായും ഇയാളുടെ ശല്യം മൂലമാണ് ദില്ലിയിലേക്ക് സ്ഥലം മാറിയെത്തിയതെന്നുമാണ് അറസ്റ്റിലായ ദേവേന്ദ്രര്‍ മൊഴി നല്‍കിയിട്ടുള്ളത്.