തിരുവനന്തപുരം; ഇനി കെഎസ്ആർടിസിയെ സാമ്പത്തികമായി സഹായിക്കാനാകില്ലെന്ന് ധനവകുപ്പിന്റെ അന്ത്യശാസനം. ജൂലൈ മാസത്തെ കെഎസ്ആർടിസി പെൻഷന്റെ ഫയൽ ധനവകുപ്പ് തിരിച്ചയച്ചു.
കഴിഞ്ഞദിവസം ജൂൺ മാസത്തെ ശമ്പളത്തിന്റെ ആദ്യഗഡുവിന് ധനവകുപ്പിനെ സമീപിച്ചപ്പോഴും ഇൗ നിലപാട് വ്യക്തമാക്കിയ ശേഷമാണ് 30 കോടി അനുവദിച്ചത്. എന്നാൽ, സഹായം തുടരേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി വിശദമായ മറുപടി ഗതാഗതമന്ത്രി ധനവകുപ്പിനു നൽകിയിട്ടുണ്ട്.
കെഎസ്ആർടിസി വർഷങ്ങൾക്കു മുൻപ് എടുത്ത വായ്പ തിരിച്ചടയ്ക്കാത്തതിനെ തുടർന്ന് പ്രതിസന്ധിയിലായ കേരള ട്രാൻസ്പോർട്ട് ഡവലപ്മെന്റ് ഫിനാൻസ് കോർപറേഷന്റെയും (കെടിഡിഎഫ്സി) കേരള ബാങ്കിന്റെയും നിലനിൽപിനായി 625 കോടി രൂപയുടെ സഹായം ധനവകുപ്പ് കഴിഞ്ഞ മാർച്ചിൽ നൽകിയിരുന്നു.
കെഎസ്ആർടിസിക്ക് വർഷങ്ങൾക്കു മുൻപു കെടിഡിഎഫ്സി വായ്പ നൽകിയത് ജില്ലാ ബാങ്കുകളിൽ നിന്നു കടമെടുത്തായിരുന്നു.