സാമ്പത്തിക പ്രതിസന്ധി അവസാനിക്കുന്നതുവരെ പുതിയ സിനിമകളുടെ നിർമാണം നിർത്തിവെക്കാനൊരുങ്ങി തമിഴ്‌നാട് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗൺസിൽ (ടിഎഫ്പിസി). ഒരു വർഷം തിയേറ്ററുകളിൽ പ്രദർശിപ്പിക്കാനുള്ള സിനിമകളുടെ നിർമാണം ഇതിനകം പൂർത്തിയായിട്ടുണ്ട്. ഇവയുടെ പ്രദർശനം അവസാനിക്കാതെ വീണ്ടും പുതിയ സിനിമകൾ എത്തുന്നത് വലിയ നഷ്ടത്തിന് കാരണമാകുമെന്ന് പ്രൊഡ്യൂസേഴ്‌സ് കൗൺസിൽ അറിയിച്ചു. ഈ ആഴ്ച ചേരുന്ന ടിഎഫ്പിസി നിർവാഹകസമിതിയിൽ വിഷയത്തിൽ അന്തിമ തീരുമാനമെടുക്കും.
നിർമാണത്തിലെ അമിത ചെലവുകളാണ് സാമ്പത്തികപ്രതിസന്ധിക്ക് കാരണമെന്നാണ് പ്രൊഡ്യൂസേഴ്‌സ് കൗൺസിൽ പറയുന്നത്. താരങ്ങളുടെ പ്രതിഫലമല്ല പ്രതിസന്ധിക്ക് കാരണം. വിപണിയിലെ മൂല്യം അടിസ്ഥാനമാക്കിയാണ് താരങ്ങൾ പ്രതിഫലം ആവശ്യപ്പെടുന്നത്. ഇത് വിലയിരുത്തി തന്നെയാണ് നിർമാതാക്കൾ താരങ്ങളെ സമീപിക്കുന്നത്. എന്നാൽ, പ്രതിഫലമല്ലാതെ താരങ്ങൾ വരുത്തുന്ന ചെലവുകളാണ് കണക്കുകൂട്ടലുകൾ തെറ്റിക്കുന്നതെന്ന് നിർമാതാക്കൾ പറയുന്നു.
സമയബന്ധിതമായി ചിത്രീകരണം പൂർത്തിയാക്കുന്നതിൽ സംവിധായകർ വരുത്തുന്ന വീഴ്ചയും അമിതചെലവിന് കാരണമാകുന്നു. സെറ്റിലെ ചെലവുകൾ നിയന്ത്രിക്കാനും ബജറ്റിനുള്ളിൽ സിനിമ തീർക്കുന്നതിനും സംവിധായകർ തയ്യാറാകണമെന്നും നിർമാതാക്കൾ ആവശ്യപ്പെട്ടു. പുതിയ സിനിമകൾ പ്രഖ്യാപിക്കുന്നതും മറ്റ് നിർമാണനടപടികൾ നിർത്തിവെക്കുന്നതും പ്രതിഷേധത്തിന്റെ ഭാഗമല്ലെന്നും വിപണിയുടെ തിരിച്ചുവരവിനുവേണ്ടി ചെയ്യുന്നതാണെന്നും പ്രൊഡ്യൂസേഴ്‌സ് കൗൺസിൽ വിശദീകരിച്ചു.
വിജയ്‌യുടെ ‘ഗോട്ട്’ സെപ്റ്റംബറിലും രജനീകാന്തിന്റെ ‘വേട്ടയ്യൻ’ ഒക്ടോബറിലും റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്. അതിനാൽ പുതിയ സിനിമയില്ലാതെ തന്നെ തമിഴ് സിനിമാ വിപണി സജീവമായിരിക്കുമെന്നാണ് കരുതുന്നത്.