സാമ്പത്തിക പ്രതിസന്ധി; തിരഞ്ഞെടുപ്പ് ഫണ്ടിനായി പണപ്പിരിവ് നടത്താനൊരുങ്ങി കെ പി സി സി
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് ഫണ്ടിനായി ജനങ്ങളില്‍നിന്നു പണപ്പിരിവ് നടത്താനൊരുങ്ങി കെ.പി.സി.സി. കൂപ്പണ്‍ അടിച്ചു പ്രാദേശികാടിസ്ഥാനത്തിലായിരിക്കും പിരിവ് നടത്തുക. പ്രചാരണത്തിനു പോകുന്ന പ്രവര്‍ത്തകര്‍ക്ക് നാരങ്ങാവെള്ളം കുടിക്കാന്‍ പോലും പണമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ വ്യക്തമാക്കി. ബി.ജെ.പിയും സി.പി.എമ്മും ഇറക്കുന്നതുപോലെ പണമിറക്കാന്‍ തങ്ങളുടെ കൈയിലില്ലെന്നും സതീശന്‍ മാധ്യമങ്ങളെ അറിയിച്ചു.
സ്വന്തം നിലയ്ക്കു പണം കണ്ടെത്താന്‍ പി.സി.സികള്‍ക്ക് ദേശീയ നേതൃത്വം നിര്‍ദേശം നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന കെ.പി.സി.സി തെരഞ്ഞെടുപ്പ് പ്രചാരണ സമിതി യോഗത്തില്‍ കൂപ്പണ്‍ അടിച്ച് പണപ്പിരിവ് നടത്താന്‍ തീരുമാനമായിരിക്കുന്നത്. സമിതി അധ്യക്ഷന്‍ രമേശ് ചെന്നിത്തല, വി.ഡി സതീശന്‍, കെ.പി.സി.സി ആക്ടിങ് പ്രസിഡന്റ് എം.എം ഹസ്സന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ യോഗത്തില്‍ സംബന്ധിച്ചിരുന്നു.