തിരുവനന്തപുരം: മണ്ണന്തലയിൽ മൂന്നു വയസുകാരന്റെ ദേഹത്ത് ചായ വീണ് പൊള്ളലേറ്റ സംഭവത്തിൽ വഴിത്തിരിവ്. കുട്ടിയുടെ ദേഹത്ത് ചായ ഒഴിച്ചത് മുത്തച്ഛനല്ല എന്ന കണ്ടെത്തലാണ് ഇപ്പോൾ പുറത്തുവരുന്നത്. സംഭവം നടന്ന സമയത്ത് കുട്ടിയുടെ മുത്തച്ഛൻ വെയിറ്റിംഗ് ഷെൽട്ടറിൽ ഇരിക്കുന്നതായി സിസിടിവി ദൃശ്യങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.
നിരപരാധിയെന്ന് വ്യക്തമായതിനെ തുടർന്ന് മുത്തച്ഛനെ പൊലീസ് വിട്ടയച്ചു. ചായ കുട്ടിയുടെ ദേഹത്തേക്ക് അബദ്ധത്തിൽ മറിഞ്ഞതാകാമെന്ന നിഗമനത്തിലാണ് ഇപ്പോൾ പൊലീസ്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു കുട്ടിയുടെ അമ്മയുടെ രണ്ടാനച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
അറസ്റ്റ് നടപടികളിലേക്ക് കടക്കാനുളള തയ്യാറെടുപ്പിലായിരുന്നു പൊലീസ്. എന്നാൽ താനല്ല ഇത് ചെയ്തതെന്നും കുട്ടിയുടെ ദേഹത്ത് അബദ്ധത്തിൽ ചായ വീണതാണെന്നും മുത്തച്ഛൻ ആവർത്തിച്ചു പറയുന്നുണ്ടായിരുന്നു.
തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് സംഭവം നടന്ന സമയം ഇയാൾ പുറത്ത് വെയിറ്റിംഗ് ഷെൽട്ടറിൽ ഇരിക്കുന്നതായി കണ്ടെത്തിയത്. അതിന്റെ അടിസ്ഥാനത്തിലാണ് നിരപരാധിയെന്ന് കണ്ടെത്തി പൊലീസ് ഇയാളെ വിട്ടയച്ചിരിക്കുന്നത്.