ദുബായ്: സന്ദർശക വിസയിൽ എത്തുന്നവരെ ജോലിക്കു നിയമിച്ചാൽ കമ്പനികൾക്ക് ഒരു ലക്ഷം മുതൽ 10 ലക്ഷം ദിർഹം വരെ പിഴ. തൊഴിൽ അനുമതികൾ ഇല്ലാതെ ആളുകളെ ജോലിക്കു നിയോഗിക്കുന്നത് പിടിക്കപ്പെട്ടാൽ കമ്പനികൾ കടുത്ത നിയമ നടപടികൾ നേരിടേണ്ടി വരും. സന്ദർശക വിസയിൽ എത്തുന്നവരെ ജോലിക്കു വയ്ക്കുകയും ശമ്പളം നൽകാതെ അവരെ വഞ്ചിക്കുകയും ചെയ്യുന്ന സംഭവങ്ങൾ ആവർത്തിക്കുന്ന പശ്ചാത്തലത്തിലാണു തൊഴിൽ നിയമം കടുപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്.
ജോലിയെടുക്കാൻ വരുന്നവർക്കു സുരക്ഷ ഉറപ്പാക്കുന്നതിന് തൊഴിൽ നിയമത്തിൽ ഭേദഗതി വരുത്തിയാണ് പിഴ ശിക്ഷ വർധിപ്പിച്ചത്. സന്ദർശക വിസയിൽ എത്തുന്നവർക്ക് യുഎഇയിൽ ജോലി ചെയ്യാൻ അനുമതിയില്ല. എന്നാൽ, തൊഴിൽ അന്വേഷണത്തിന്റെ ഭാഗമായി വിസിറ്റ് വീസക്കാർ കമ്പനികളിൽ കയറി ഇറങ്ങുന്നതും അവരെ ജോലിക്കു വയ്ക്കുന്നതും പുതിയ കാര്യമല്ല. ചില കമ്പനികൾ തൊഴിൽ വിസ നൽകാൻ തയാറാകുമെങ്കിലും പലരും സന്ദർശകരെ കബിളിപ്പിക്കാനാണ് ശ്രമിക്കുക.
ജോലിക്കായി ആളുകളെത്തേണ്ടത് എൻട്രി പെർമിറ്റിൽ
കമ്പനികൾ ജോലിക്കായി ആളുകളെ കൊണ്ടു വരേണ്ടത് സന്ദർശക വിസയിൽ അല്ല, എൻട്രി പെർമിറ്റിലാണ്. ജോലിക്കായി ഇവിടെ എത്തിച്ചു കഴിഞ്ഞാൽ, റസിഡൻസി വിസയുടെ തുടർനടപടികൾ പൂർത്തിയാക്കുകയും തൊഴിൽ കരാർ ഒപ്പിടുകയും വേണം. ഈ നിയമം പാലിക്കാതെയുള്ള എല്ലാ റിക്രൂട്മെന്റുകളും അനധികൃതമാണെന്ന് അധികൃതർ വ്യക്തമാക്കി. വർക്ക് പെർമിറ്റ് ഇല്ലാത്തവരെ ജോലിക്കു വയ്ക്കുന്നതിന് മുൻപ് 50000 മുതൽ 2 ലക്ഷം ദിർഹം വരെയായിരുന്നു പിഴ. ഇതാണ് കഴിഞ്ഞ ആഴ്ചത്തെ ഭേദഗതിയിലൂടെ പല മടങ്ങ് വർധിപ്പിച്ചത്. പുതിയ നിയമം വന്നതോടെ സന്ദർശക വിസയിൽ എത്തുന്നവർക്കെതിരെയുള്ള ചൂഷണം കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സന്ദർശക വിസയിലുള്ളവർക്ക് ആരെങ്കിലും തൊഴിൽ വാഗ്ദാനം നൽകിയാൽ, മാനവ വിഭവ മന്ത്രാലയത്തിന്റെ ഓഫർ ലെറ്റർ ലഭിക്കാതെ ജോലി ചെയ്യാൻ പാടില്ലെന്നു മുന്നറിയിപ്പുണ്ട്. തൊഴിൽ വിസക്കാരെ നിയമിക്കുന്നതിൽ നിന്നു കമ്പനികൾ വിട്ടുനിൽക്കുന്നതാണ് ഉചിതമെന്നു നിയമ വിദഗ്ധരും പറയുന്നു. പിഴ ശിക്ഷയ്ക്കു പുറമേ മറ്റു നിയമ നടപടികളും കമ്പനികൾ നേരിടേണ്ടി വരും.