അബുദബി: ജോലിയുടെ ആദ്യ ദിവസം തന്നെ പിരിച്ചുവിടപ്പെട്ട വനിതാ ജീവനക്കാരിക്ക് നഷ്ടപരിഹാരമായി ഒരു ലക്ഷം ദിര്‍ഹം നല്‍കണമെന്ന് അബുദബി കോടതിയുടെ ഉത്തരവ്. അബുദബി ഫാമിലി, സിവില്‍ ആന്‍ഡ് അഡ്മിനിസ്ട്രേറ്റജവ് ക്ലെയിം കോടതിയുടേതാണ് ഉത്തരവ്. പ്രതിമാസം 31,000 രൂപ ശമ്പളം വാഗ്ദാനം ചെയ്തതിന് പിന്നാലെ ആദ്യ കമ്പനിയില്‍ നിന്ന് രാജിവെച്ചാണ് യുവതി പുതിയ കമ്പനിയില്‍ ജോലിക്കെത്തിയത്. കമ്പനിയുടെ ഓഫര്‍ ലെറ്റര്‍ പ്രകാരം ഓഗസ്റ്റ് ഒന്നിന് ജോയിന്‍ ചെയ്യണമായിരുന്നു. നിര്‍ദേശപ്രകാരം ഓഗസ്റ്റ് ഒന്നിന് കമ്പനിയില്‍ ജോയിന്‍ ചെയ്യാനെത്തിയ യുവതിയെ അന്നേ ദിവസം തന്നെ പിരിച്ചുവിടുകയായിരുന്നു. കാരണം വിശദീകരിക്കാതൊണ് യുവതിയെ പിരിച്ചുവിട്ടത്. ഇത് ചോദ്യം ചെയ്ത് നല്കിയ ഹര്‍ജിയിലാണ് യുവതിക്ക് ഒരു ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം നല്കാന് കോടതി വിധിച്ചത്.
തൊഴില്‍ കരാറില്‍ പറഞ്ഞിട്ടുള്ള ബാധ്യതകള്‍ കമ്പനി നിറവേറ്റാതെയും വിശദീകരണം നല്‍കാതെയും തന്നെ പിരിച്ചുവിട്ടപ്പോള്‍ ഞെട്ടിപ്പോയെന്ന് യുവതി കോടതിയെ അറിയിച്ചു. പെട്ടെന്നുള്ള പിരിച്ചുവിടല്‍ തനിക്ക് സാമ്പത്തികമായും വൈകാരികമായും ബുദ്ധിമുട്ടുണ്ടാക്കിയെന്നും തന്റെ അഭിമാനത്തിന് ഹാനി വരുത്തിയെന്നും യുവതി പറഞ്ഞു. പരാതിക്കാരി വ്യവസ്ഥകള്‍ പാലിക്കുകയും മുന്‍ ജോലിയില്‍ നിന്ന് രാജിവെക്കുകയും ചെയ്തതിനെത്തുടര്‍ന്ന് ന്യായീകരണമില്ലാതെ ജോലി വാഗ്ദാനം റദ്ദാക്കിയതില്‍ കമ്പനി പിഴവ് വരുത്തിയതായി കോടതി കണ്ടെത്തി. പരാതിക്കാരി പ്രൊബേഷനിലാണെന്ന കമ്പനിയുടെ വാദം കോടതി നിരസിച്ചു. ഇതിനെ തുടര്‍ന്നാണ് യുവതിക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് കോടതിവിധിച്ചത്. കൂടാതെ യുവതിയുടെ നിയമപരമായ ഫീസും ചെലവുകളും വഹിക്കുകയും ചെയ്യണമെന്നും കോടതി വിധിച്ചു.