CMDRF

സല്‍മാന്റെ വീടിനു നേരെ നടന്ന വെടിവെയ്പ്പ്; ഉത്തരവാദിത്തം ഏറ്റെടുത്ത് അന്‍മോല്‍ ബിഷ്ണോയ്

സല്‍മാന്റെ വീടിനു നേരെ നടന്ന വെടിവെയ്പ്പ്; ഉത്തരവാദിത്തം ഏറ്റെടുത്ത് അന്‍മോല്‍ ബിഷ്ണോയ്
സല്‍മാന്റെ വീടിനു നേരെ നടന്ന വെടിവെയ്പ്പ്; ഉത്തരവാദിത്തം ഏറ്റെടുത്ത് അന്‍മോല്‍ ബിഷ്ണോയ്

നടന്‍ സല്‍മാന്‍ ഖാന്റെ വീടിനു നേരെ നടന്ന വെടിവെപ്പിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് അന്‍മോല്‍ ബിഷ്ണോയ്. ഗുണ്ടാത്തലവന്‍ ലോറന്‍സ് ബിഷ്ണോയിയുടെ സഹോദരന്‍ അന്‍മോലിന്റെ അക്കൗണ്ട് എന്ന് കരുതപ്പെടുന്ന സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് നടന്റെ വീടിന് നേരെ നടന്ന ആക്രമണം തങ്ങളാണ് ചെയ്തതെന്ന് അറിയിച്ചത്. ഇത് ആദ്യത്തേതും അവസാനത്തേതുമായ മുന്നറിയിപ്പാണെന്നും പോസ്റ്റില്‍ പറയുന്നു.

‘ഞങ്ങള്‍ക്ക് സമാധാനം വേണം. അടിച്ചമര്‍ത്തലിനെതിരായ ഏക പോംവഴി യുദ്ധമാണെങ്കില്‍ അങ്ങനെ തന്നെ നടക്കട്ടെ. സല്‍മാന്‍ ഖാന്‍, ഞങ്ങളുടെ ശക്തിയുടെ വ്യാപ്തി മനസ്സിലാക്കാന്‍ ഞങ്ങള്‍ നിങ്ങള്‍ക്ക് ഒരു ട്രെയ്ലര്‍ കാണിച്ചുതന്നു. ഇത് ആദ്യത്തേതും അവസാനത്തേതുമാണ്. ഇനി വീടിന് പുറത്ത് മാത്രമായിരിക്കില്ല വെടിവെയ്പ്പ് നടക്കുക. ഞങ്ങള്‍ക്ക് ദാവൂദ് ഇബ്രാഹിം, ഛോട്ടാ ഷക്കീല്‍ എന്നീ പേരുകളുള്ള നായ്ക്കളുണ്ട്. അവരെ നിങ്ങള്‍ ദൈവ തുല്യരായാണ് കാണുന്നത്,’ പോസ്റ്റില്‍ പറയുന്നു. സംഭവത്തില്‍ മുംബൈ പൊലീസ് അന്വേഷണം ആരംഭിച്ചു.

സല്‍മാനെതിരെയുള്ള 1998ലെ കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസാണ് ഭീഷണിക്ക് ആധാരം. വേട്ടയാടല്‍ ബിഷ്‌ണോയി സമൂഹത്തെ വേദനിപ്പിച്ചെന്നാണ് ലോറന്‍സ് ബിഷ്‌ണോയി പറയുന്നത്. ബിഷ്‌ണോയിയുടെ സംഘത്തിലെ സംപത് നെഹ്‌റ സല്‍മാന്റെ ബാന്ദ്ര വസതി നിരീക്ഷിച്ചിരുന്നെന്നും ആക്രമിക്കാന്‍ തയ്യാറെടുപ്പ് നടത്തിയതായും ബിഷ്‌ണോയി പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്ന് ഹരിയാന പൊലീസിന്റെ ദൗത്യസേന നെഹ്‌റയെ പിടികൂടിയിരുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 11ന് ലഭിച്ച ഭീഷണി സന്ദേശത്തിന്റെ പശ്ചാത്തലത്തില്‍ മുംബൈ പൊലീസ് നടന്റെ സുരക്ഷാ വൈ പ്ലസ് കാറ്റഗറിയിലേക്കു മാറ്റി.

Top