യുഎസ് ഉപരോധം; ഇന്ത്യൻ കമ്പനികളിൽ ഒന്നുപോലും നിയമം ലംഘിച്ചിട്ടില്ല

യുഎസ് ഉപരോധം; ഇന്ത്യൻ കമ്പനികളിൽ ഒന്നുപോലും നിയമം ലംഘിച്ചിട്ടില്ല
യുഎസ് ഉപരോധം; ഇന്ത്യൻ കമ്പനികളിൽ ഒന്നുപോലും നിയമം ലംഘിച്ചിട്ടില്ല

ന്യൂഡൽഹി: റഷ്യക്ക് യുദ്ധസഹായം നൽകിയെന്നാരോപിച്ച് 19 ഇന്ത്യൻ കമ്പനികളെയും രണ്ട് പൗരൻമാരെയും അമേരിക്ക ഉപരോധപട്ടികയിൽ ഉൾപ്പെടുത്തിയത് ദിവസങ്ങൾക്ക് മുമ്പാണ്. എന്നാൽ ഈ സ്വകാര്യകമ്പനികളിൽ ഒന്നുപോലും നിയമം ലംഘിച്ചിട്ടില്ലെന്നും കാര്യങ്ങൾ അമേരിക്കയെ ബോധ്യപ്പെടുത്തുമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജെയ്സ്വാൾ മാധ്യമങ്ങളോട് പറഞ്ഞു. ഖലിസ്ഥാൻ നേതാവ് ഗുർപത്‍വന്ത് സിങ് പന്നൂവിന്റെ വധവുമായി ബന്ധപ്പെട്ട് ഇന്ത്യയുമായുള്ള ബന്ധം ഉലഞ്ഞ സാഹചര്യത്തിലാണ് 19 കമ്പനികളെയും രണ്ടു പൗരൻമാരെയും യു.എസ് ഉപരോധപട്ടികയിൽ പെടുത്തിയത്.

ഈ സ്ഥാപനങ്ങൾ യുക്രെയ്നെതിരെ യുദ്ധം ചെയ്യാൻ അവശ്യമായ സാ​ങ്കേതിക വിദ്യയും സാധനങ്ങളും റഷ്യക്ക് നൽകിയെന്നാണ് യു.എസ് ആരോപിക്കുന്നത്. റഷ്യക്ക് സഹായം നൽകിയെന്നാരോപിച്ച് ആഗോളതലത്തിൽ 400 സ്ഥാപനങ്ങളെയും വ്യക്തികളെയും യു.എസ് ഉപരോധപ്പട്ടികയിൽ പെടുത്തിയിട്ടുണ്ട്. അതിന്റെ ഭാഗമായാണ് ഇന്ത്യൻ സ്ഥാപനങ്ങൾക്കെതിരെയും നടപടി സ്വീകരിച്ചിട്ടുള്ളത്.”യു​ക്രെയ്നിൽ റഷ്യ നടത്തുന്ന അനധികൃത സൈനിക നടപടിയുടെ ഭാഗമായ 400 സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും ഉപരോധമേർപ്പെടുത്താൻ തീരുമാനിച്ചിരിക്കുകയാണ്.

Also Read: പോളിയോ വാക്സിനേഷൻ പുനഃരാരംഭിച്ച് വടക്കൻ ഗാസ

ഈ നടപടിയുടെ ഭാഗമായി 120ലേറെ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമാണ് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്റ് ഉപരോധമേർപ്പെടുത്തുന്നത്. അതോടൊപ്പം തന്നെ 270 ലേറെ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും യു.എസ് ട്രഷറി വകുപ്പും ഉപരോധമേർപ്പെടുത്തുകയാണ്. എന്റിറ്റി ലിസ്റ്റിലുള്ള 40 സ്ഥാപനങ്ങൾക്ക് യു.എസ് വാണിജ്യ വകുപ്പും ഉപരോധം പ്രഖ്യാപിച്ചു.”-എന്നാണ് ഉപരോധം സംബന്ധിച്ച് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്റ് പുറത്തിറക്കിയ പ്രസ്താവന.

ഇന്ത്യക്കൊപ്പം ചൈന, മലേഷ്യ, തായ്‍ലൻഡ്, തുർക്കി, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളിലെ പൗരൻമാരെയും സ്ഥാപനങ്ങളെയും യു.എസ് ലക്ഷ്യമിട്ടിട്ടുണ്ട്. റഷ്യക്ക് ആയുധങ്ങളിൽ ഉപയോഗിക്കുന്ന മൈക്രോ ഇലക്ട്രോണിക്സ് പോലുള്ള വസ്തുക്കൾ കൈമാറിയതിനാണ് പ്രധാനമായും കമ്പനികൾക്കെതിരെ നടപടി. റഷ്യക്ക് സൈനിക സഹായം ലഭിക്കുന്ന എല്ലാവഴികളും തടയുമെന്നാണ് യു.എസ് നയം.

Top