CMDRF

ആദ്യ പുരുഷ വോട്ടര്‍; വോട്ട് രേഖപ്പെടുത്തി കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍

ആദ്യ പുരുഷ വോട്ടര്‍; വോട്ട് രേഖപ്പെടുത്തി കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍
ആദ്യ പുരുഷ വോട്ടര്‍; വോട്ട് രേഖപ്പെടുത്തി കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍

ഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആറാം ഘട്ട വോട്ടെടുപ്പില്‍ കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ഡല്‍ഹില്‍ തന്റെ വോട്ട് രേഖപ്പെടുത്തി. പോളിംഗ് ബൂത്തിലെ ആദ്യ പുരുഷവോട്ടറായിരുന്നതിനാല്‍ വോട്ട് ചെയ്ത അദ്ദേഹത്തിന് ഒരു സര്‍ട്ടിഫിക്കറ്റും ലഭിച്ചു.

‘ഞാനായിരുന്നു ബൂത്തിലെ ആദ്യ പുരുഷ വോട്ടര്‍’- സര്‍ട്ടിഫിക്കറ്റ് കയ്യില്‍പിടിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്ത് ജയശങ്കര്‍ പറഞ്ഞു. ഡല്‍ഹിയിലെ വോട്ടര്‍മാര്‍ മോദി സര്‍ക്കാരിനെ വീണ്ടും പിന്തുണയ്ക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ‘ജനങ്ങള്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങണമെന്നും രാജ്യം നിര്‍ണായക നിമിഷങ്ങളിലൂടെ കടന്നുപോകുന്ന ഈ സമയത്ത് വോട്ട് രേഖപ്പെടുത്തണമെന്നും നമ്മളാഗ്രഹിക്കുന്നു. തിരഞ്ഞെടുപ്പില്‍ ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്നതില്‍ എനിക്ക് ആത്മവിശ്വാസമുണ്ട്.’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ ഏഴ് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തുമായി നടക്കുന്ന ആറാംഘട്ട വോട്ടെടുപ്പില്‍ 58 മണ്ഡലങ്ങളിലാണ് പോളിംഗ്. 58 മണ്ഡലങ്ങളിലായി 889 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. ഉത്തരേന്ത്യയിലെ കനത്ത ചൂട് പോളിംഗ് ശതമാനത്തെ ബാധിക്കുമോ എന്ന ആശങ്കയിലാണ് രാഷ്ട്രീയപാര്‍ട്ടികള്‍. ആറാം ഘട്ട വോട്ടെടുപ്പില്‍ 11.13 കോടി വോട്ടര്‍മാരാണ് വിധി നിര്‍ണ്ണയിക്കുന്നത്. 5.84 കോടി പുരുഷവോട്ടര്‍മാരും 5.29 കോടി സ്ത്രീ വോട്ടര്‍മാരുമാണ് ഇന്ന് സമ്മതിദാനാവകാശം വിനിയോഗിക്കുക. ജെഎന്‍യു മുന്‍ യൂണിയന്‍ പ്രസിഡന്റ് കനയ്യകുമാര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ഇന്ന് ജനവിധി തേടുന്നുണ്ട്. മുന്‍ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍, മുന്‍ കേന്ദ്രമന്ത്രി മനേക ഗാന്ധി, മനോജ് തിവാരി, ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി തുടങ്ങിയവരും ഇന്ന് ജനവിധി തേടുന്ന പ്രമുഖരില്‍ ഉള്‍പ്പെടുന്നു.

മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ് അടക്കമുള്ള നടപടികളുണ്ടായ പശ്ചാത്തലത്തില്‍ ഡല്‍ഹിയിലെ തിരഞ്ഞെടുപ്പിനെ ഏറെ ആകാംക്ഷയോടെയാണ് രാജ്യം ഉറ്റുനോക്കുന്നത്. അതിനിടെ, ഡല്‍ഹിയില്‍ ഇന്‍ഡ്യ സഖ്യത്തിന്റെ ശക്തി കേന്ദ്രങ്ങളില്‍ പോളിംഗ് മന്ദഗതിയിലാക്കണമെന്ന് ലഫ്. ഗവര്‍ണര്‍ പൊലീസിന് നിര്‍ദേശം നല്‍കിയെന്ന് എഎപി ആരോപിച്ചു. ഇത് സംബന്ധിച്ച് കൃത്യമായ വിവരം ലഭിച്ചതായി മന്ത്രി അതിഷി മര്‍ലേന പറഞ്ഞു. ബിജെപിയെ വിജയിപ്പിക്കാനുള്ള നീക്കമാണിതെന്നും ജനാധിപത്യ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ നടപടി ഞെട്ടിപ്പിക്കുന്ന സംഭവമാണെന്നും അരവിന്ദ് കെജ്രിവാള്‍ പ്രതികരിച്ചു. ഡല്‍ഹിയില്‍ വോട്ടെടുപ്പ് സുഗമമാണെന്ന് ഉറപ്പാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുക്കണമെന്ന് കെജ്രിവാള്‍ ആവശ്യപ്പെട്ടു.

Top