ആലപ്പുഴ: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതികരിച്ച് എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രന്‍. തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു എന്ന് വാദത്തിനായി പറയാമെങ്കിലും യഥാര്‍ത്ഥ വിജയം ബിജെപിക്കും ആലപ്പുഴയിലെ ജനങ്ങള്‍ക്കുമാണെന്ന് ശോഭ സുരേന്ദ്രന്‍ പറഞ്ഞു. ഏത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ഉരുക്കുകോട്ടയിലും ആളുകള്‍ ബിജെപിയെ പ്രതീക്ഷയോടെ നോക്കുന്നുണ്ട്. അതേക്കുറിച്ചുള്ള വ്യക്തത കുറച്ചുകൂടി ആലപ്പുഴയില്‍ വന്നിരിക്കുന്നു എന്ന് ശോഭ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
‘ഇതില്‍ ഒന്നാം റാങ്ക് എനിക്ക് തന്നെയാണ് ലഭിച്ചത്. കഴിഞ്ഞ തവണ 44 ശതമാനം വോട്ട് ലഭിച്ച യുഡിഎഫിന് അത് 48 ശതമാനമായി ഉയര്‍ത്താന്‍ കഴിഞ്ഞില്ല. എന്നാല്‍ 17 ശതമാനത്തില്‍ നിന്ന് 28 ശതമാനത്തിലേക്ക് ഉയര്‍ത്തുമ്പോള്‍, ഓട്ടത്തില്‍ നമ്മള്‍ വീണു എന്ന് വാദത്തില്‍ പറയാമെങ്കിലും യഥാര്‍ത്ഥ വിജയം ബിജെപിക്കും ആലപ്പുഴയിലെ ജനങ്ങള്‍ക്കും തന്നെയാണ്,’ എന്ന് ശോഭ സുരേന്ദ്രന്‍ പറഞ്ഞു.
രാജ്യം മൂന്നാമതും നരേന്ദ്ര മോദിക്കൊപ്പം നിന്നതില്‍ സന്തോഷമുണ്ടെന്ന് ശോഭ സുരേന്ദ്രന്‍ പ്രതികരിച്ചു. കേരള രാഷ്ട്രീയം മാറിമറിയുകയാണ്. ദേശീയ രാഷ്ട്രീയത്തിന്റെ അലയൊലികള്‍ ഏറ്റുവാങ്ങിക്കൊണ്ട് തൃശ്ശൂരില്‍ സുരേഷ് ഗോപിയെ ജനങ്ങള്‍ സ്വീകരിച്ചു എന്നതില്‍ ഏറെ സന്തോഷം. തിരുവനന്തപുരം, ആറ്റിങ്ങല്‍ മണ്ഡലങ്ങളിലും ഇവിടെ ആലപ്പുഴയിലും വലിയ മുന്നേറ്റം നടത്താന്‍ കഴിഞ്ഞു എന്നതിനെ ബിജെപിയുടെ അടുത്ത തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ സൂചികയായി നോക്കിക്കാണുന്നു. ബിജെപിയുടെ സംസ്ഥാനത്തെ എല്ലാ നേതാക്കളുടെയും ഒരു റോള്‍ മോഡലായി സുരേഷ് ഗോപി നില്‍ക്കുകയാണ്.
വളരെ കുറഞ്ഞ നാളുകള്‍ കൊണ്ട് എന്നെ ഹൃദയപൂര്‍വ്വം സ്വീകരിച്ചതില്‍ ആലപ്പുഴയിലെ സമ്മതിദായകര്‍ക്ക് നന്ദി. കഴിഞ്ഞ തവണ ലഭിച്ച 17 ശതമാനത്തോളം വരുന്ന വോട്ട് വിഹിതത്തെ 28 ശതമാനത്തിലധികം ഉയര്‍ത്തി. അവരുടെ സ്‌നേഹവും വിശ്വാസവും എന്നില്‍ ഏല്‍പ്പിച്ചതില്‍ നന്ദി എന്നും ശോഭ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.