പെരിയാറില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങിയ സംഭവം; ഫോര്‍ട്ട് കൊച്ചി സബ് കളക്ടര്‍ക്ക് അന്വേഷണ ചുമതല

പെരിയാറില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങിയ സംഭവം; ഫോര്‍ട്ട് കൊച്ചി സബ് കളക്ടര്‍ക്ക് അന്വേഷണ ചുമതല
പെരിയാറില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങിയ സംഭവം; ഫോര്‍ട്ട് കൊച്ചി സബ് കളക്ടര്‍ക്ക് അന്വേഷണ ചുമതല

കൊച്ചി: എറണാകുളം പെരിയാറില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങിയ സംഭവത്തില്‍ ഫോര്‍ട്ട് കൊച്ചി സബ് കളക്ടര്‍ക്ക് അന്വേഷണ ചുമതല. സംഭവം അന്വേഷിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് എറണാകുളം ജില്ലാ കളക്ടര്‍ കെ. ഉമേഷ് വ്യക്തമാക്കി. പെരിയാറിലെ പാതാളം ബണ്ട് തുറന്നപ്പോള്‍ രാസ മാലിന്യം ഒഴുകിയതാണ് മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങാന്‍ കാരണമെന്നും കളക്ടര്‍ പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും മത്സ്യ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരത്തിന് നടപടി തുടങ്ങിയെന്നും കളക്ടര്‍ അറിയിച്ചു. ഇന്ന് വൈകുന്നേരം കളക്ടറേറ്റില്‍ നടത്തിയ ഉന്നതതല യോഗത്തിന് ശേഷമായിരുന്നു കലക്ടറുടെ പ്രതികരണം.

ഇന്നലെ രാത്രിയാണ് പെരിയാറില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങിയത്. സമീപമുള്ള ഫാക്ടറികളില്‍നിന്നുള്ള രാസമാലിന്യം പുഴയില്‍ കലര്‍ന്നതാണ് മത്സ്യങ്ങള്‍ ചത്തുപൊങ്ങാന്‍ ഇടയാക്കിയത്. പാതാളത്തെ ബണ്ട് തുറന്നപ്പോള്‍ കൂടിക്കിടന്ന രാസമാലിന്യം പുഴയില്‍ കലരുകയായിരുന്നുവെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. ഏലൂര്‍, വരാപ്പുഴ, ചേരാനല്ലൂര്‍, കോതാട്, പിഴല, മൂലമ്പിള്ളി തുടങ്ങിയ ഭാഗങ്ങളിലാണ് മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തു പൊങ്ങിയത്. ബണ്ട് തുറന്നപ്പോള്‍ മുന്‍കരുതലുകള്‍ എടുത്തോ എന്ന കാര്യം അന്വേഷിക്കുമെന്നും ജില്ലാ കളക്ടറോട് വിശദീകരണം തേടിയിട്ടുണ്ടെന്നും മന്ത്രി.

പെരിയാറില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങിയതില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഏലൂരിലും സമീപ പ്രദേശങ്ങളിലും നാട്ടുകാര്‍ പ്രതിഷേധിച്ചിരുന്നു. പ്രതിഷേധക്കാര്‍ വിവിധ സര്‍ക്കാര്‍ ഓഫീസുകള്‍ ഉപരോധിച്ചു. കര്‍ഷകര്‍ക്ക് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടായത്. പെരിയാറില്‍ രാസമാലിന്യം കലര്‍ത്തിയ വ്യവസായ സ്ഥാപനത്തെ കണ്ടെത്തി നടപടിയെടുക്കണം എന്നതാണ് നാട്ടുകാരുടെ ആവശ്യം. ഏലൂരിലും സമീപപ്രദേശങ്ങളിലും നാട്ടുകാര്‍ പ്രതിഷേധത്തിലാണ്.

Top