CMDRF

പെരിയാറിലെ മത്സ്യക്കുരുതി: കമ്പനികള്‍ക്കെതിരെ നടപടിയെടുക്കാതെ അധികൃതര്‍

പെരിയാറിലെ മത്സ്യക്കുരുതി: കമ്പനികള്‍ക്കെതിരെ നടപടിയെടുക്കാതെ അധികൃതര്‍
പെരിയാറിലെ മത്സ്യക്കുരുതി: കമ്പനികള്‍ക്കെതിരെ നടപടിയെടുക്കാതെ അധികൃതര്‍

കൊച്ചി: പെരിയാറിലെ മത്സ്യക്കുരുതിക്ക് കാരണം രാസമാലിന്യമാണെന്ന് വിദഗ്ധ സമിതി റിപ്പോര്‍ട്ട്. മത്സ്യ മേഖലയ്ക്കാകെ 41 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് പെരിയാര്‍ മലിനീകരണ വിരുദ്ധ സംയുക്ത സമിതി നിയോഗിച്ച സമിതിയുടെ കണ്ടെത്തല്‍. കുഫോസ് മുന്‍ വൈസ്ചാന്‍സലര്‍ ഡോ ബി മധുസൂദനക്കുറുപ്പ് ചെയര്‍മാനായ സമിതിയാണ് കണ്ടെത്തിയത്. റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ റിപ്പോര്‍ട്ടുകള്‍ വന്നിട്ടും നഷ്ടപരിഹാരത്തിന്റെ കാര്യത്തിലും ദുരന്തത്തിന് കാരണക്കാരായ കമ്പനികള്‍ക്കെതിരായ നടപടിയുടെ കാര്യത്തിലും ഇനിയും തീരുമാനമായില്ല.

പെരിയാറില്‍ മത്സ്യക്കുരുതി ഉണ്ടായി 2 മാസം കഴിഞ്ഞിട്ടും കാരണക്കാരായവര്‍ക്കെതിരായ നടപടിയും കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരവും നല്‍കിയിട്ടില്ല. മത്സ്യ കുരുതിക്ക് കാരണം രാസമാലിന്യമാണെന്നും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ വിലയിരുത്തല്‍ അശാസ്ത്രീയമാണെന്നുമാണ് കുഫോസ് മുന്‍ വൈസ്ചാന്‍സലര്‍ ഡോ ബി മധുസൂദനക്കുറുപ്പ് ചെയര്‍മാനായ വിദഗ്ധ സമിതിയുടെയും കണ്ടെത്തല്‍. പെരിയാര്‍ മലിനീകരണ വിരുദ്ധ സംയുക്ത സമിതി നിയോഗിച്ച സമിതിയുടെ കണക്ക് പ്രകാരം 41 കോടി രൂപയുടെ നാശനഷ്ടമാണ് കര്‍ഷകര്‍ക്ക് ഉണ്ടായിരിക്കുന്നത്. നഷ്ടപരിഹാരം നല്‍കാനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് സമിതി റിപ്പോര്‍ട്ട് പ്രകാശനം ചെയ്തു.

മെയ് 20ന് പെരിയാറില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തതിന് പിന്നാലെ പ്രതിഷേധങ്ങള്‍ പലത് നടന്നെങ്കിലും ഇപ്പോഴും പെരിയാറിലേക്ക് മാലിന്യം ഒഴുക്കുന്നതിന് ഒരു കുറവും വന്നിട്ടില്ല. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്ന കര്‍ഷകര്‍ക്ക് കഷ്ടപ്പാട് മാത്രമാണ് ബാക്കി. ആഗസ്റ്റിലും ഡിസംബറിലും വിളവെടുക്കാന്‍ പാകത്തിലാണ് മത്സ്യക്കൂടൊരുക്കിയത്. ഒന്നര ലക്ഷം രൂപ ലോണെടുത്ത് മത്സ്യകൃഷി നടത്തി 3 ലക്ഷത്തിലധികം നഷ്ടം വന്ന ജയ്‌സണും പറയാനുള്ളത് കഷ്ടപ്പാടിന്റെ കണക്കാണ്, നഷ്ടപരിഹാരത്തിനായുള്ള കാത്തിരിപ്പിനെക്കുറിച്ചാണ്.ഇനിയും നടപടി എടുക്കാതെ അധികൃതര്‍ കാണിക്കുന്ന അലംഭാവം തുടരുകയാണ്.

Top