പെരിയാറിലെ മത്സ്യക്കുരുതി; നഷ്ടപരിഹാരം ആവശ്യപ്പെട്ട് മത്സ്യകർഷകർ രം​ഗത്ത്

പെരിയാറിലെ മത്സ്യക്കുരുതി; നഷ്ടപരിഹാരം ആവശ്യപ്പെട്ട് മത്സ്യകർഷകർ രം​ഗത്ത്
പെരിയാറിലെ മത്സ്യക്കുരുതി; നഷ്ടപരിഹാരം ആവശ്യപ്പെട്ട് മത്സ്യകർഷകർ രം​ഗത്ത്

കൊച്ചി: പെരിയാറിലെ മത്സ്യക്കുരുതിയിൽ വലഞ്ഞ് മത്സ്യകർഷകർ രം​ഗത്ത്. നാട്ടുകാരുടെ പ്രതിഷേധം ഇന്നും പ്രദേശത്ത് തുടരുകയാണ്. പെരിയാറിലെ മത്സ്യങ്ങളുടെ കൂട്ടക്കുരുതിക്ക് കാരണം വെള്ളത്തിലെ ഓക്സിജന്‍റെ അളവ് അപകടകരമായ രീതിയിൽ താഴ്ന്നതു കൊണ്ടെന്നാണ് പരിശോധന ഫലം. മൂന്നിടത്ത് നിന്ന് എടുത്ത സാമ്പിളുകളിലും സാമാനമായിരുന്നു സ്ഥിതി. അതേസമയം സംഭവത്തിൽ പ്രാഥമിക കണക്കുമായി ഫിഷറീസ് വകുപ്പ് രം​ഗത്ത് വന്നു. 150ലേറെ മത്സ്യക്കൂടുകൾ പൂർണ്ണമായി നശിച്ചുപോയിട്ടുണ്ട്. സംഭവത്തെ തുടർന്ന് കോടികളുടെ നഷ്ടമാണ് മത്സ്യക്കർഷകർക്കുണ്ടായിരിക്കുന്നത്.

സംഭവത്തില്‍ മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ ഓഫിസിലേക്ക് പ്രദേശവാസികൾ ഇന്ന് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. മത്സ്യങ്ങള്‍ അടക്കമുള്ള ജലജീവികൾക്ക് ജീവിക്കാൻ ഒരു ലീറ്റർ വെള്ളത്തിൽ ഏറ്റവും കുറഞ്ഞത് അഞ്ച് മില്ലിഗ്രാം ഓക്സിജൻ ആവശ്യമാണ്. സാധാരണഗതിയിൽ നദിയിലെ വെള്ളത്തിൽ ഒരു ലീറ്ററിൽ 10 മില്ലിഗ്രാം എന്ന നിലയിലാണ് ഓക്സിജന്‍റെ അളവ് ഉണ്ടാകാറ്. എന്നാൽ വരാപ്പുഴ ഭാഗത്ത് ജലോപരിതലത്തിൽ 3.81 മാത്രമാണ് ഓക്സിജന്‍റെ അളവ്. അടിത്തട്ടിൽ 3.08 മാത്രവും. കോതാട് ഭാഗത്ത് ഇതിലും കഷ്ടമാണ് അവസ്ഥയെന്നാണ് റിപ്പോർട്ട്.

ജലോപരിതത്തിൽ 2.12 ഉം, അടിത്തട്ടിൽ 1.14 മില്ലിഗ്രാമും മാത്രമാണ് ഓക്സിജൻ ഉള്ളത്. മൂലമ്പിള്ളി ഭാഗത്താണ് പെരിയാറിൽ ഏറ്റവും അപകടകരമായ രീതിയിൽ ഓക്സിജന്‍റെ അളവുള്ളത്. ജലോപരിതലത്തിൽ 1.3 മില്ലിഗ്രാമും, അടിത്തട്ടിൽ വെറും 0.3 മില്ലിഗ്രാമും മാത്രം. അതായത് മത്സ്യങ്ങൾ നിമിഷനേരം കൊണ്ട് ചത്തുപൊങ്ങിയതിന് ഇതുതന്നെ കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. പാതാളം റെഗുലേറ്റർ കം ബ്രിഡ്ജിന് താഴെ പെരിയാറിൽ വ്യാപകമായി മത്സ്യങ്ങള്‍ ചത്തുപൊങ്ങിയതിന് പിന്നാലെയാണ് കേരള ഫിഷറീസ് സർവകലാശാല നദിയിലെ വെള്ളത്തിന്‍റെ സാമ്പിളുകൾ ശേഖരിച്ചത്. ഇതിൽ വരാപ്പുഴ, കോതാട്, മൂലമ്പിള്ളി പ്രദേശങ്ങളിൽ നിന്നുള്ള വെള്ളത്തിന്‍റെ പരിശോധനയിലാണ് അപകടകരമായ അളവിൽ ഓക്സിജന്റെ കുറവ് കണ്ടെത്തിയത്. ജൈവമാലിന്യമടക്കമുള്ള പല കാരണങ്ങൾ കൊണ്ട് ജലത്തിലെ ഓക്സിജന്റെ അളവിൽ കുറവ് വരാമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

Top