CMDRF

പെരിയാറിലെ മത്സ്യക്കുരുതി; വിദഗ്‌ധ സമിതിയുടെ അന്തിമ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു

പെരിയാറിലെ മത്സ്യക്കുരുതി; വിദഗ്‌ധ സമിതിയുടെ അന്തിമ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു
പെരിയാറിലെ മത്സ്യക്കുരുതി; വിദഗ്‌ധ സമിതിയുടെ അന്തിമ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു

എറണാകുളം: പെരിയാറിൽ മൽസ്യങ്ങൾ ചത്തുപൊന്തിയ സംഭവത്തിൽ കുഫോസിലെ വിദഗ്‌ധ സമിതി തയ്യാറാക്കിയ അന്തിമ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു. മീനുകളിൽ നടത്തിയ പരിശോധനയിലും രാസസാന്നിധ്യം കണ്ടെത്തി. ക്രമാതീതമായ അളവിൽ രാസമാലിന്യം പെരിയാറിൽ കലർന്നിട്ടുണ്ടെന്ന കുഫോസിന്റെ പ്രാഥമിക കണ്ടെത്തലുകളുടെ തുടർച്ചയാണ് അന്തിമറിപ്പോർട്ട്.

പെരിയാറിൽ അമിതമായി കലർന്ന അമോണിയ, ഹൈഡ്രജൻ സൾഫൈഡ് എന്നിവയുടെ സാന്നിധ്യമാകാം മത്സ്യക്കുരുതിക്ക് കാരണമെന്ന കുഫോസിന്റെ പ്രാഥമിക റിപ്പോർട്ട് ശരിവെക്കുന്നതാണ് വിദഗ്ധ സമിതിയുടെ സമഗ്രപഠന റിപ്പോർട്ട്. ജല പരിശോധനക്ക് പുറമെ ചത്തുപൊങ്ങിയ മീനുകളിൽ നടത്തിയ പരിശോധനയിലും ഈ രാസസാന്നിധ്യം കണ്ടെത്തി. പെരിയാറിൽ രാസമാലിന്യത്തിന്റെ സ്ഥിരമായ സാന്നിധ്യമുണ്ടെന്നും റിപ്പോർട്ടിലുണ്ട്.

പെരിയാറിനെ സംരക്ഷിച്ച് നിലനിർത്തുന്നതിനായുള്ള ഒട്ടേറെ നിർദേശങ്ങളും കുഫോസ് മുന്നോട്ട് വച്ചിട്ടുണ്ട്. പെരിയാറിലെ മത്സ്യക്കുരുതിയെ തുടർന്ന് കഴിഞ്ഞ 22-നാണ് കുഫോസിലെ ഗവേഷകർ ഉൾപ്പെടുന്ന ഏഴംഗ സമിതിയെ സർക്കാർ നിയോഗിച്ചത്. ഫിഷറീസ് വകുപ്പ് ഡയറക്ടർക്ക് കൈമാറിയ റിപ്പോർട്ട് പുറത്തുവിടണമെന്ന് മത്സ്യത്തൊഴിലാളി സംഘടനകളും പരിസ്ഥിതി സംഘടനകളും ഉന്നയിച്ചിട്ടുണ്ട്.

പാതാളം റെഗുലേറ്റർ ബ്രിഡ്ജ് തുറന്നപ്പോൾ ഓക്സിജന്റെ അളവ് കുറഞ്ഞതാണ് മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങിയതിന് കാരണമെന്നായിരുന്നു മലിനീകരണ നിയന്ത്രണ ബോർഡ് സർക്കാരിന് നൽകിയ റിപ്പോർട്ട്. പ്രാഥമിക റിപ്പോർട്ടിൽ തന്നെ രാസസാന്നിധ്യം ഉണ്ടെന്ന കുഫോസ് റിപ്പോർട്ട് അവഗണിച്ച് പിസിബി വാദത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി നിയമസഭയിൽ മറുപടി നൽകിയത് ഏറെ വിമർശനത്തിന് ഇടയാക്കിയിരുന്നു. കുഫോസിന്റെ സമഗ്ര റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പെരിയാറിലെ മത്സ്യക്കുരുതിയിൽ സർക്കാർ ഉടൻ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.

Top