കൊച്ചി: പെരിയാറില്‍ മത്സ്യങ്ങള്‍ വ്യാപകമായി ചത്തുപൊന്തിയതിനു കാരണം രാസമാലിന്യം ആണെന്ന് ഫിഷറീസ് വകുപ്പിൻ്റെ സ്ഥിരീകരണം. ഗുരുതരമായ പാരിസ്ഥിതിക ആഘാതത്തിന് ഇത് വഴിവയ്ക്കുമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. നേരത്തെ ഫിഷറീസ് വകുപ്പിൻ്റെ നിര്‍ദേശപ്രകാരമാണ് വിദഗ്ധ സംഘം അന്വേഷണം ആരംഭിച്ചത്. അന്തിമ റിപ്പോര്‍ട്ട് ഇന്ന് വകുപ്പ് മന്ത്രിക്ക് കൈമാറും.
പെരിയാറില്‍ സള്‍ഫര്‍ അടക്കമുള്ള രാസമാലിന്യമാണ് വ്യാപകമായി പകര്‍ന്നിരിക്കുന്നത്. ദുരന്തത്തിൻ്റെ വ്യാപ്തി വളരെ വലുതാണ്. സാമ്പത്തികമായി 10 കോടിയോളം രൂപയുടെ നഷ്ടമാണ് ഫിഷറീസ് കണക്കുകൂട്ടുന്നത്. കൂടാതെ ഇത് പരിസ്ഥിതി സന്തുലനത്തിന് ഏല്‍പ്പിക്കുന്ന ആഘാതവും ഗുരുതരമായി കാണണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ ദിവസങ്ങളിലാണ് നാട്ടുകാര്‍ പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയത്. സ്ഥലത്തെ ഫാക്ടറികളില്‍ നിന്ന് പുഴയിലേക്ക് മാലിന്യങ്ങള്‍ ഒഴുക്കിവിടുന്നതിനെതിരെ പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് യാതൊരു നടപടിയും എടുക്കുന്നില്ല എന്നാണ് പരാതി.
അതേസമയം പുഴയിലേക്ക് മാലിന്യം തള്ളുന്ന കമ്പനികളുടെ പേര് വിവരങ്ങള്‍ അടിയന്തരമായി നല്‍കണമെന്ന് പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന് ഏലൂര്‍ നഗരസഭ നോട്ടീസ് അയച്ചിട്ടുണ്ട്. എറണാകുളം സബ് കലക്ടറും പ്രസ്തുത വിഷയത്തില്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.